റിസർവ് ബാങ്ക് അനുമതി ഇല്ലാതെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്നത് കോടികളുടെ ഇടപാടുകൾ
text_fieldsകോട്ടയം: റിസര്‍വ് ബാങ്കിെൻറ അനുമതി ഇല്ലാതിരുന്നിട്ടും സംസ്ഥാനത്തെ നൂറുകണക്കിന് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ നിയമവിരുദ്ധമായി കോടികളുടെ നിക്ഷേപം സ്വീകരിച്ചതായി പൊലീസ് റിപ്പോർട്ട്. സംസ്ഥാനത്തെ നാല് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മാത്രമേ പൊതുജനങ്ങളില്‍നിന്നും നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയുള്ളൂവെന്നിരിക്കെയാണ് ഇത്.
നിലവിൽ 1500 ലധികം അനധികൃത ധനകാര്യ സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. എന്നാൽ, ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കാൻ അധികൃതർ തയാറാകുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. പോപുലർ ഫിനാൻസിെൻറ തകർച്ചയെ തുടർന്നാണ് പൊലീസ് റിപ്പോർട്ട് തയാറാക്കിയത്.
ഉയർന്ന പലിശ വാഗ്ദാനം നൽകിയാണ് സ്വകാര്യ സ്ഥാപനങ്ങൾ പൊതുജനങ്ങളിൽനിന്നും നിക്ഷേപം സ്വീകരിക്കുന്നത്.15-18 ശതമാനം വരെയാണ് വാര്‍ഷിക പലിശ. ഇവർ 20-25 ശതമാനം നിരക്കിൽ ഈ പണം കൈമാറുന്നു. കൂടുതൽ ഇടപാടുകളും സംസ്ഥാനത്തിന് പുറത്താണ്. ഇതിനായി മഹാരാഷ്ട്രയിലും കർണാടകയിലും തമിഴ്നാട്ടിലും നൂറുകണക്കിന് ശാഖകളും തുറന്നിട്ടുണ്ട്.
പോപുലർ ഫിനാൻസിന് ഇതര സംസ്ഥാനങ്ങളിൽ നിരവധി ശാഖകളാണുള്ളത്. ഇവർ മാത്രം ഇടപാടുകാരിൽനിന്നും 2500 കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ചിരുന്നു. പോപുലർ ഫിനാൻസിെൻറ മാതൃകയിൽ നൂറുകണക്കിന് കടലാസ് കമ്പനികള്‍ സംസ്ഥാനത്തുണ്ട്. ഇവരുടെ സാമ്പത്തിക ഇടപാടുകൾ പോലും അജ്ഞാതമാണ്.
വിദേശത്തുപോലും ബിനാമി പേരുകളിൽ ഇത്തരക്കാർ ബിസിനസ് നടത്തുന്നുണ്ട്. പോപുലർ ഫിനാൻസിന് ദുബൈയിലും ആസ്ട്രേലിയയിലും ബിനാമി പേരുകളില്‍ ബിസിനസ് ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഉടമകൾ അങ്ങോട്ട് കടക്കാനായിരുന്നു ശ്രമിച്ചത്. റിസര്‍വ് ബാങ്കിെൻറ തിരുവനന്തപുരം റീജനൽ ഓഫിസില്‍ 127 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ സര്‍വിസില്‍നിന്നും വിരമിച്ചവരും പ്രവാസികളുമാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ പ്രധാന ഇരകള്‍. സഹകരണ ബാങ്കുകളില്‍ നിക്ഷേപങ്ങള്‍ക്ക് കെ.വൈ.സി റിസര്‍വ് ബാങ്ക് കർശനമാക്കിയതും ഇവർക്ക് നേട്ടമായി.
കോവിഡിെൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധി നേരിടുകയാണെന്നാണ് റിപ്പോർട്ട്. കോവിഡ് പ്രതിസന്ധിയിൽ നിക്ഷേപങ്ങള്‍ക്കുള്ള പ്രതിമാസ പലിശ മുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതോടെ നിക്ഷേപം തിരികെ ആവശ്യപ്പെട്ട് പലരും സ്വകാര്യ സ്ഥാപനങ്ങളിൽ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.