താഴത്തങ്ങാടി ആറിന് സംരക്ഷണഭിത്തി ഒരുങ്ങുന്നു
text_fieldsകോട്ടയം: താഴത്തങ്ങാടി ആറിന്റെ സംരക്ഷണഭിത്തി നിർമാണം തുടങ്ങി. അറുപുഴ മുതൽ ആലുമ്മൂട് വരെയാണ് നിലവിൽ സംരക്ഷണ ഭിത്തി പണിയുന്നത്. ഈ ഭാഗത്ത് വ്യാപകമായി തീരം ഇടിഞ്ഞുകിടക്കുകയാണ്. ജെ.സി.ബി. ഉപയോഗിച്ച് മണ്ണും കൽക്കെട്ടും മാറ്റി കരിങ്കൽ ഭിത്തി കെട്ടുകയാണ് ചെയ്യുന്നത്. ഇതിനായി 48ാം വാർഡ് കൗൺസിലർ ഷേബ മാർക്കോസ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. എടക്കാട്ടുപള്ളി മുതൽ അറുപുഴ വരെയുള്ള പദ്ധതിയാണ് സമർപ്പിച്ചിട്ടുള്ളത്. ഒന്നാംഘട്ടമായി ആലുമ്മൂട് വരെ കരിങ്കൽ ഭിത്തി പണിയും. തുടർന്ന് പണം അനുവദിക്കുന്ന മുറക്ക് ബാക്കി പണികൾ നടത്തും. അറുപുഴ ഭാഗത്ത് താഴത്തങ്ങാടി ബസപകടശേഷം കരിങ്കൽ ഭിത്തി കെട്ടി വാക്വേ പണിതിട്ടുണ്ട്. ഈ വാക്വേ ആലുമ്മൂട് വരെ നീട്ടും.
ആറ്റിൻ തീരം സൗന്ദര്യവൽക്കരണം അടുത്ത പടിയായി നടക്കും. വള്ളംകളി കാണാൻ സൗകര്യവും ഒരുക്കും. സംരക്ഷണഭിത്തി കെട്ടാൻ കരിങ്കല്ലും തീരത്ത് അടിക്കാനുള്ള തെങ്ങിൻതടികളും ഇറക്കിയിട്ടുണ്ട്. ജെ.സി.ബി ഉപയോഗിച്ച് തീരത്തെ മണ്ണ് നീക്കലാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. മഴക്കാലത്ത് 47, 48, 25 വാർഡുകളിലേക്ക് വെള്ളം തള്ളിക്കയറി വരാറുണ്ട്. ഇതൊഴിവാക്കാനും തീര സംരക്ഷണത്തിനുമാണ് ഭിത്തി കെട്ടുന്നത്. എടക്കാട്ടുപള്ളി മുതൽ ആലുമ്മൂട് വരെ റോഡരിക് ഇടിഞ്ഞുകിടക്കുകയാണ്. ഇതുവഴിയുള്ള ബസ് സർവിസും അതോടെ നിലച്ചു. അവിടെ വരെ സംരക്ഷണ ഭിത്തി കെട്ടിയാലേ തീരം സംരക്ഷിക്കാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.