പൾസ് പോളിയോ ദിനാചരണം മാർച്ച് മൂന്നിന്; ജില്ലയിൽ 96,698 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
text_fieldsകോട്ടയം: മാർച്ച് മൂന്നിന് നടക്കുന്ന പൾസ് പോളിയോ യജ്ഞത്തിന് എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി കലക്ടർ വി. വിഘ്നേശ്വരി അറിയിച്ചു. പൾസ് പോളിയോ ദിനത്തിൽ അഞ്ചു വയസ്സിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് തുള്ളിമരുന്ന് നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് കലക്ടർ പറഞ്ഞു. ജില്ലയിൽ 96,698 കുട്ടികൾക്കാണ് തുള്ളി മരുന്ന് നൽകുക.
ഇതിനായി 1292 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച 2584 സന്നദ്ധപ്രവർത്തകരെയും നിയോഗിച്ചിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങൾ, അംഗൻവാടികൾ, സ്വകാര്യ ആശുപത്രികൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയിലാണ് ബൂത്തുകൾ പ്രവർത്തിക്കുക. രാവിലെ എട്ടുമണി മുതൽ വൈകീട്ട് അഞ്ചുവരെയാണ് ബൂത്തുകൾ പ്രവർത്തിക്കുക. 41 ട്രാൻസിറ്റ് ബൂത്തുകൾ, 12 മൊബൈൽ ബൂത്തുകൾ എന്നിവയും ക്രമീകരിക്കും.
റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ്, ബോട്ടുജെട്ടി എന്നിവിടങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കും. അന്തർസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ഉത്സവസ്ഥലങ്ങൾ, കല്യാണമണ്ഡപങ്ങൾ എന്നിവയുൾപ്പെടെ ജനങ്ങൾ എത്തുന്ന സ്ഥലങ്ങളിൽ എത്തി മരുന്ന് നൽകാനാണ് മൊബൈൽ ബൂത്തുകൾ.
രാജ്യം പോളിയോ വിമുക്തമായിട്ട് 13 വർഷം പിന്നിട്ടു. പോളിയോ നിർമാർജനം ചെയ്യാൻ എല്ലാ വിഭാഗം ജനങ്ങളുടെയും സഹായം ഉണ്ടാകണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. പി.എൻ. വിദ്യാധരൻ പറഞ്ഞു. വീടുകൾ സന്ദർശിക്കാൻ വളന്റിയർമാർ പരിശീലനം പൂർത്തിയാക്കി.
അംഗൻവാടി, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ എന്നിവരാണ് വളന്റിയർമാർ. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യകേരളം സാമൂഹികക്ഷേമ വകുപ്പ്, കുടുബശ്രീ, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയ സർക്കാർ വകുപ്പുകളുടെയും റോട്ടറി ഇന്റർനാഷനൽ തുടങ്ങിയ സന്നദ്ധസംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.