ഭവനസന്ദർശന തിരക്കിൽ സ്ഥാനാർഥികൾ
text_fieldsകോട്ടയം: വെല്ലുവിളികളും ആരോപണ-പ്രത്യാരോപണങ്ങളും ഗോദയിൽ ഉയരുമ്പോഴും ഭവന സന്ദർശന തിരക്കിൽ മുന്നണി സ്ഥാനാർഥികൾ. വീടുകളിൽ കയറിയുള്ള വോട്ട് അഭ്യർഥനയിലായിരുന്നു ശനിയാഴ്ച ഇടത്-വലത്-ബി.ജെ.പി സ്ഥാനാർഥികൾ. പുതുപ്പള്ളി, മണർകാട് മേഖലകളിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ കേന്ദ്രീകരിച്ചപ്പോൾ മറ്റക്കരയിലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് കേന്ദ്രീകരിച്ച്. എൻ.ഡി.എ സ്ഥാനാർഥി ലിജിൻ ലാൽ മീനടം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി വോട്ടുതേടി. ശനിയാഴ്ച രാവിലെ പുതുപ്പള്ളി പള്ളിയില്‍ പ്രാര്‍ഥനകള്‍ക്കുശേഷം ഇഞ്ചക്കാട്ട് കുന്നിലായിരുന്നു ചാണ്ടി ഉമ്മൻ പ്രചാരണത്തിന് തുടക്കമിട്ടത്. ഇതിനിടെ, ലോട്ടറി വില്പനക്കാരിയായ ജഗതമ്മയെ കണ്ട ചാണ്ടി രണ്ടു കാരുണ്യലോട്ടറികളും വാങ്ങി. ആദ്യമായി വിൽപനക്കായി ലോട്ടറി വാങ്ങാൻ 5000 രൂപ നല്കി സഹായിച്ചത് ഉമ്മന്‍ ചാണ്ടി ആണെന്നും ജഗദമ്മ പറഞ്ഞു.
ഇവിടുത്തെ പര്യടനത്തിനുശേഷം പാമ്പാടിയിലേക്ക് പോയ അദേഹം മാര്‍ കുര്യാക്കോസ് ദയറയില്‍ നടന്ന കോര്‍എപ്പിസ്കോപ്പ സ്ഥാനരോഹണചടങ്ങില് പങ്കെടുത്തു. ഇവിടെയും നിരവധി വോട്ടര്‍മാരെ നേരില്‍ കണ്ട ചാണ്ടി, കുട്ടികള്‍ക്കും യുവാക്കള്‍ക്കുമൊപ്പം സെല്ഫിയുമെടുത്തു. വൈകീട്ട് മണര്‍കാട് പഞ്ചായത്ത് കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. ഇതിനിടെ, പുത്തന്‍കുരിശില്‍ യാക്കോബായ സഭാ ആസ്ഥാനത്തു കാതോലിക്ക ബാവയെയും ചാണ്ടി സന്ദര്‍ശിച്ചു.
ശനിയാഴ്ച രാവിലെ മണര്‍കാട്ടെ വീട്ടില്‍, കാത്തുനിന്ന മുഴുവന്‍ ചാനല്‍ പ്രതിനിധികള്‍ക്കും പ്രതികരണം നല്‍കിയായിരുന്നു പതിവുപോലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസിന്റെ പ്രചാരണ തുടക്കം. ഇതിനിടെ പ്രഭാത ഭക്ഷണം.
ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരും സി.പി.എം നേതാക്കളുമായി ഫോണിലൂടെയും അല്ലാതെയുമുള്ള ചര്‍ച്ചകളും വിലയിരുത്തലുകളും. ഇതിനിടെ, വാഹനം അകലക്കുന്നം പഞ്ചായത്തില്‍ എത്തിയിരുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേരാണ് സ്ഥാനാര്‍ഥിയെ കാത്തുനിന്നിരുന്നത്. പിന്നാലെ പ്രചാരണത്തിന്റെ ചൂടുമേറി.
മറ്റക്കര സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ എത്തിയപ്പോള്‍ വിദ്യാര്‍ഥിനികളുടെ വക ഊഷ്മള സ്വീകരണം. പിന്നാലെ എഫ്.സി കോൺവെന്റിലും സ്ഥാനാര്‍ഥിയെത്തി. മഞ്ഞാമറ്റത്ത് എത്തുമ്പോള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ കാത്തുനില്ക്കുകയായിരുന്നു. ഇതിനിടെ പാമ്പാടിയില്‍ കോര്‍ എപ്പിസ്കോപ്പ സ്ഥാനരോഹണ ചടങ്ങിലും പങ്കെടുത്തു. റെജി സഖറിയക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പരമാവധി വോട്ടര്‍മാരെ നേരില്‍ക്കണ്ട ശേഷം വീണ്ടും അകലക്കുന്നത്തേക്ക്. വൈകീട്ട് മണര്‍കാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും പ്രചാരണം നടത്തി.
തലേന്ന് ഏറെ വൈകി ഉറങ്ങിയതിന്റെ ക്ഷീണമൊന്നുമില്ലാതെ പ്രസരിപ്പാര്‍ന്ന മുഖവുമായി എന്‍.ഡി.എ സ്ഥാനാർഥി ലിജിന്‍ലാല്‍ ആദ്യപ്രചാരണ സ്ഥലമായ മീനടത്ത് എത്തുമ്പോള്‍ പ്രവര്‍ത്തകരിലും ആവേശം. മീനടം ഭഗവതി ക്ഷേത്രത്തില്‍ തൊഴുതുകൊണ്ടായിരുന്നു പര്യടന ആരംഭം. ക്ഷേത്രത്തിലെത്തിയവരോടെല്ലാം വോട്ട് അഭ്യര്‍ഥിച്ച് അതിവേഗം പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക്. പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനാണ് ലിജിന്‍ ശ്രമിക്കുന്നത്.
കുട്ടികള്‍, യുവാക്കള്‍ എന്നിവര്‍ക്കൊപ്പം ഏറെ സമയം ചെലവഴിച്ച് അവരുടെ ആവശ്യങ്ങളും പ്രതികരണങ്ങളും പൂര്‍ണമായി ശ്രവിച്ച ശേഷം മാത്രമാണ് അടുത്ത സ്ഥലത്തേക്ക് പോകുക. ഇതിനിടെ, സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണ രംഗത്ത് ഒപ്പം കൂടി. മീനടം പഞ്ചായത്തിലായിരുന്നു ശനിയാഴ്ച ശ്രദ്ധ കേന്ദ്രീകരിച്ചത്.
പുതുപ്പള്ളി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനവും ശനിയാഴ്ച നടന്നു. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ദേശീയ നിർവാഹക സമിതി അംഗം ജി. രാമൻ നായർ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, സംസ്ഥാന വക്താക്കളായ അഡ്വ. നാരായണൻ നമ്പൂതിരി, അഡ്വ. ടി.പി. സിന്ധുമോൾ, ഒ.ബി.സി മോർച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ, ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.