വോട്ടിനോട്ടം ആവേശം
text_fieldsറോഡ് ഷോയുമായി ജെയ്ക്
കോട്ടയം: ഇടത് വനിത സംഘടനകളുടെ നേതൃത്വത്തില്‍ പാമ്പാടിയിൽ സംഘടിപ്പിച്ച റോഡ് ഷോയുടെ ആവേശത്തിലായിരുന്നു ചൊവ്വാഴ്ച എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ്. പാമ്പാടി കമ്യൂണിറ്റി ഹാള്‍ മൈതാനത്ത് നടന്ന മഹിള അസംബ്ലിക്കുശേഷമായിരുന്നു റോഡ് ഷോ. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പങ്കെടുത്ത അംബ്ലിയിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ നൂറുകണക്കിന് വനിത പ്രവർത്തകർ പങ്കെടുത്തു.
വനിത അസംബ്ലിയിലേക്കെത്തിയ ജയ്ക് സി.തോമസിനെ അത്യാവേശത്തോടെ മുദ്രാവാക്യം മുഴക്കിയാണ് വേദിയിലേക്കാനയിച്ചത്. ചുരുങ്ങിയ വാക്കുകളില്‍ മണ്ഡലത്തെകുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും കേരളത്തിലെ ഇടതുസര്‍ക്കാറിന്റെ വികസന നേട്ടങ്ങളും കരുതലുമെല്ലാം സ്ഥാനാര്‍ഥി വിവരിക്കുമ്പോള്‍ സദസ്സ്, ശ്രദ്ധാപൂര്‍വം കേട്ടിരുന്നു. സി.പി.എം നേതാക്കളായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, മന്ത്രിമാരായ ചിഞ്ചുറാണിയും ആര്. ബിന്ദു എന്നിവരും സംസാരിച്ചു. വനിത അസംബ്ലിക്കുശേഷം പാമ്പാടിയില്‍ സ്ഥാനാര്‍ഥിയുമായി റോഡ്ഷോയും നടന്നു. ആയിരങ്ങളാണ് റോഡ്ഷോയില്‍ പങ്കെടുത്തത്. പാമ്പാടി കമ്യൂണിറ്റി ഹാള്‍ മൈതാനത്തുനിന്ന് ആരംഭിച്ച റോഡ്ഷോ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിനു മുന്നില്‍ സമാപിച്ചു.
ചാണ്ടി ഉമ്മൻ മീനടത്ത്
കോട്ടയം: മീനടം കവലയിൽനിന്നായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ ചൊവ്വാഴ്ചത്തെ വാഹനപര്യടനത്തിന് തുടക്കമായത്. മീനടെത്ത പര്യടനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ഫിൽസൺ മാത്യു, ജോസഫ് എം.പുതുശ്ശേരി, അൻവർ സാദത്ത് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, പി.എം. സ്കറിയ എന്നിവർ സംസാരിച്ചു.
ഉമ്മൻ ചാണ്ടിയെ ചേർത്തുനിർത്തിയായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി പ്രസംഗം. ‘ഉമ്മൻ ചാണ്ടി വേട്ടയാടപ്പെട്ട നേതാവാണ്. അദ്ദേഹത്തെക്കുറിച്ച് പറഞ്ഞതിന്റെ പേരിൽ ഇപ്പോൾ ഒരു സ്ത്രീയുടെ ജോലിയും കളഞ്ഞിരിക്കുന്നു. തിരുവനന്തപുരത്ത് അപ്പയുടെ പേരിലുണ്ടാക്കിയ സ്തൂപം അടിച്ചുതകർത്തു. രാഷ്ട്രീയത്തിനപ്പുറം ഒരു മകനെന്ന നിലയിൽ പറയുകയാണ് ഇനിയെങ്കിലും ഉമ്മൻ ചാണ്ടിയെ വെറുതെ വിടണം’ -ചാണ്ടി ഉമ്മൻ പറഞ്ഞു. വലിയ കൈയടികളോടെയായിരുന്നു പ്രവർത്തകർ അദ്ദേഹത്തിന്റെ വാക്കുകൾ സ്വീകരിച്ചത്.
തുടർന്ന് മീനടം മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ വിവരിച്ച് വാഹന പ്രചാരണം മുന്നോട്ടുനീങ്ങി. ഇതിനിടെ പ്രിയദർശനി സ്പിന്നിങ് മില്ലിലെത്തി തൊഴിലാളികളെ നേരിൽ കണ്ട് ചാണ്ടി വോട്ട് തേടി. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായ 108 വയസ്സുള്ള മറിയാമ്മ കുര്യാക്കോസ് മാളിയേക്കലിനെ നേരിൽകണ്ട് വോട്ട് അഭ്യർഥിക്കാനും അനുഗ്രഹം വാങ്ങാനും ഇതിനിടെ സ്ഥാനാർഥി സമയം കണ്ടെത്തി.
ആശുപത്രിപ്പടി, കാവാലച്ചിറ, തിങ്കിടി, ചെറുമല, മാന്താടി കോളനി, ചുമയങ്കര, വട്ടകാവ്, പി.എച്ച്.സി, ആയുർവേദപ്പടി എന്നിവിടങ്ങളിലൂടെ കടന്നുപോയ പര്യടനം രാത്രി വൈകി മായ്കപ്പടിയിൽ അവസാനിച്ചു.
ഭവനസന്ദർശനത്തിൽ ലിജിന്‍ലാൽ
കോട്ടയം: വികസന വിഷയങ്ങൾ ഒരോ വീടുകളിലുമെത്തി അവതരിപ്പിച്ചായിരുന്നു എൻ.ഡി.എ സ്ഥാനാർഥി ജി. ലിജിൻ ലാലിന്റെ ചൊവ്വാഴ്ചത്തെയും പര്യടനം. തോട്ടയ്ക്കാട് മഹാദേവ ക്ഷേത്രം, പരിയാരം തൃക്കൈയില്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷമാണ് സ്ഥാനാർഥി ചൊവ്വാഴ്ചത്തെ ഭവനസന്ദര്‍ശനം ആരംഭിച്ചത്. തോട്ടയ്ക്കാട്, പരിയാരം, അമയന്നൂര്‍ എന്നീ പ്രദേശങ്ങളിലെ വീടുകളിൽ സ്ഥാനാർഥിയെത്തി. ഇതിനിടെ കല്ലമ്പള്ളി ഇല്ലത്തും സന്ദര്‍ശനം നടത്തി. തൊഴിലിടങ്ങളിലും കടകളിലും പര്യടനം നടത്തിയ ശേഷം ഉച്ചക്കുശേഷം അമയന്നൂര്‍ സ്പിന്നിങ് മില്ലില്‍ എത്തി.
ബുധനാഴ്ച ലിജിൻ ലാലിന്റെ മണ്ഡല വാഹനപര്യടനം ആരംഭിക്കും. ൈവകീട്ട് മൂന്നിന് കൂരോപ്പാട പഞ്ചായത്തിൽനിന്ന് പര്യടനം തുടങ്ങും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് കൂരോപ്പട ജങ്ഷനിൽ നടക്കുന്ന സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ രണ്ടുവരെ ദിവസവും വൈകീട്ട് മൂന്ന് മുതലാണ് സ്ഥാനാർഥി പര്യടനം.
ഈ ദിവസങ്ങളിൽ രാവിലെ ആറുമുതൽ ഉച്ചക്ക് രണ്ടുവരെ സ്ഥാനാർഥി വിവിധ പഞ്ചായത്തുകളിൽ സമ്പർക്ക പരിപാടികളിൽ പങ്കാളിയാവും. ബുധനാഴ്ച അകലക്കുന്നത്തും വ്യാഴാഴ്ച മീനടത്തും സ്ഥാനാർഥിയെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.