വിജയാഘോഷത്തിലേക്ക്...
text_fieldsകോട്ടയം: പുതുപ്പള്ളി ഫലത്തിൽ വിജയാഘോഷം അരികെ. രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ ഏട്ടോടെ. വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണൽ. വോട്ടെണ്ണൽ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ആരെന്നറിയാം. അരമണിക്കൂറിനുള്ളിൽ ആദ്യ ഫലസൂചനകളും പുറത്തുവരും.
ആകെ 20 മേശകളിലാണ് വോട്ടെണ്ണൽ നടക്കുക. 14 മേശകളിൽ വോട്ടുയന്ത്രത്തിലെ വോട്ടും അഞ്ച് മേശകളിൽ തപാൽ വോട്ടും ഒരു മേശയിൽ സർവിസ് വോട്ടർമാർക്കുള്ള ഇ.ടി.പി.ബി.എസ് (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) വോട്ടും എണ്ണും. തപാൽ വോട്ടുകളും സർവിസ് വോട്ടാമാണ് ആദ്യം എണ്ണിത്തുടങ്ങുക. ഇ.ടി.പി.ബി.എസ്. വോട്ടുകളിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥർക്കു നൽകിയ ശേഷമായിരിക്കും വോട്ടെണ്ണൽ.
ആകെ 182 ബൂത്താണ് പുതുപ്പള്ളി മണ്ഡലത്തിൽ ഉള്ളത്. 14 മേശകളിലായി 13 റൗണ്ടുകളായാണ് വോട്ടുയന്ത്രത്തിലെ വോട്ടെണ്ണൽ നടക്കുക. ഒന്നു മുതൽ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ തുടർച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക. ആദ്യ റൗണ്ടിൽ ഒന്നു മുതൽ 14 വരെയുള്ള ബൂത്തുകളിലെ വോട്ട് എണ്ണും. തുടർന്ന് 15 മുതൽ 28 വരെയും. ഇത്തരത്തിൽ 13 റൗണ്ടുകളായി വോട്ടുയന്ത്രത്തിലെ വോട്ടെണ്ണൽ പൂർത്തിയാക്കും. 14 ടേബിളുകളിലായി ആകെ 44 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും.
80 വയസ്സ് പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽതന്നെ വോട്ട് ചെയ്യാൻ അവസരമൊരുക്കിയതിലൂടെ 2491 പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഈ വോട്ടുകൾ അഞ്ചു മേശകളിലായാണ് എണ്ണുക. സർവിസ് വോട്ടർമാർക്കുള്ള ഇ.ടി.പി.ബി.എസ് ബാലറ്റുകൾ 138 എണ്ണമാണ് വിതരണം ചെയ്തിട്ടുള്ളത്. ഇവ മറ്റൊരു മേശയിലും എണ്ണും. ഈ ആറുമേശയിലും ഒരു മൈക്രോ ഒബ്സർവർ, അസി. റിട്ടേണിങ് ഓഫിസർ, ഒരു കൗണ്ടിങ് സൂപ്പർവൈസർ, രണ്ടു കൗണ്ടിങ് അസിസ്റ്റന്റമാർ എന്നിങ്ങനെ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ആറു ടേബിളുകളിലുമായി 30 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും. ആകെ 20 മേശകളിലായി 74 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും.
കൗണ്ടിങ് സെന്ററിന്റെ സുരക്ഷക്ക് 32 സി.എ.പി.എഫ് അംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ 12 അംഗ സായുധ പൊലീസ് ബറ്റാലിയനും കൗണ്ടിങ് സ്റ്റേഷന്റെ സുരക്ഷക്കുണ്ടാകും.
പോളിങ് കണക്കുകൾ ഇങ്ങനെ
- മൊത്തം വോട്ടുചെയ്തത്- 1,28,535 പേർ
- പുരുഷന്മാർ- 64,078
- സ്ത്രീകൾ- 64,455
- ട്രാൻസ്ജെൻഡർ-2
- പോളിങ് ശതമാനം- 72.86
ആദ്യം എണ്ണുന്നത് അയർക്കുന്നത്തെ വോട്ട്
കോട്ടയം: ആദ്യം എണ്ണുന്നത് അയർക്കുന്നം പഞ്ചായത്തിലെ വോട്ട്. ഏറ്റവും അവസാനം വാകത്താനം പഞ്ചായത്തിലേത്. മണ്ഡലത്തിൽ എട്ട് പഞ്ചായത്താണുള്ളത്.
വോട്ടുയന്ത്രങ്ങളിലെ വോട്ട് എണ്ണുന്നത് ഇങ്ങനെ: റൗണ്ട്, പഞ്ചായത്ത്, ബൂത്ത് ക്രമത്തിൽ എന്ന ക്രമത്തിൽ
1. അയർക്കുന്നം 1-14
2. അയർക്കുന്നം 15-28
3. അകലക്കുന്നം 29-42
4. അകലക്കുന്നം, കൂരോപ്പട 43-56
5. കൂരോപ്പട, മണർകാട് 57-70
6. മണർകാട് 71- 84
7. മണർകാട്, പാമ്പാടി 85-98
8. പാമ്പാടി 99-112
9. പാമ്പാടി, പുതുപ്പള്ളി 113-126
10. പുതുപ്പള്ളി 127-140
11. പുതുപ്പള്ളി, മീനടം 141-154
12. വാകത്താനം 155-168
13. വാകത്താനം 169-182
വിജയികൾ ഇതുവരെ
(വര്‍ഷം- വിജയി, പാര്‍ട്ടി-ഭൂരിപക്ഷം എന്നിവ)
- 57 -പി.സി. ചെറിയാന് (കോണ്‍) -1396
- 1960 -പി.സി. ചെറിയാന് (കോണ്‍.) -7911
- 1965 -ഇ.എം. ജോര്‍ജ് (സി.പി.എം) -1835
- 1967 -ഇ.എം. ജോര്‍ജ് (സി.പി.എം) -5552
- 1970 -ഉമ്മൻ ചാണ്ടി (കോണ്‍) -7288
- 1977 -ഉമ്മൻ ചാണ്ടി (കോണ്‍) -15,910
- 1980 -ഉമ്മൻ ചാണ്ടി (കോണ്‍) -13,659
- 1982 -ഉമ്മൻ ചാണ്ടി (കോണ്‍) -15,983
- 1987 -ഉമ്മർ ചാണ്ടി (കോണ്‍) -9164
- 1991 -ഉമ്മൻ ചാണ്ടി (കോണ്‍) -13,811
- 1996 -ഉമ്മൻ ചാണ്ടി (കോൺ) -10,155
- 2001 -ഉമ്മൻ ചാണ്ടി (കോൺ) -12,575
- 2006 -ഉമ്മൻ ചാണ്ടി (കോൺ) -19,863
- 2011- ഉമ്മൻ ചാണ്ടി (കോൺ) -33,255
- 2016 -ഉമ്മൻ ചാണ്ടി (കോൻ) -27,092
- 2021- ഉമ്മൻ ചാണ്ടി (കോണ്‍) -9044
- 2023 ?
(ആദ്യമായാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്)
2021ലെ വോട്ടിങ് നില
- ഉമ്മൻ ചാണ്ടി (കോൺ)-63,372
- ജെയ്ക് സി. തോമസ് (സി.പി.എം) -54,328
- എന്‍. ഹരി (ബി.ജെ.പി) -11,694
- ജോര്‍ജ് ജോസഫ് (സ്വത) -997
- പി.പി. അഭിലാഷ് (ബി.എസ്.പി) -763
- നോട്ട -497
- എം.വി. ചെറിയാന് (എസ്.യു.സി.ഐ) -146
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.