വ്യത്യസ്തമാണ് ഈ തെരഞ്ഞെടുപ്പ്
text_fieldsകോട്ടയം: വനിതകൾ നയിക്കുന്ന പിങ്ക് ബൂത്ത്, കുട്ടികൾക്ക് കളിയുപകരണങ്ങൾ, വോട്ടർമാർക്ക് ലക്കി ഡ്രോ, ബൂത്തുകൾ അലങ്കരിക്കുന്ന വിദ്യാർഥികൾക്ക് സമ്മാനം തുടങ്ങിയവയൊരുക്കി വ്യത്യസ്തമായാണ് ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പ്. 10 പോളിങ് സ്റ്റേഷനുകളാണ് പൂർണമായി വനിതകൾ നിയന്ത്രിച്ചത്. ഈ ബൂത്തുകളിൽ പോളിങ്ങിന്റെയും സുരക്ഷയുടെയും ചുമതല വനിതകൾക്കായിരുന്നു. ഇവരെല്ലാം തലേദിവസം തന്നെ പോളിങ് സ്റ്റേഷനുകളിലെത്തിയിരുന്നു.
രാവിലെ മുതൽ വലിയ തിരക്കായിരുന്നു എന്നതല്ലാതെ മറ്റ് പ്രശ്നങ്ങൾ ഇല്ലായിരുന്നെന്ന് മണർകാട് ഗവ. എൽ.പി.എസിലെ പ്രിസൈഡിങ് ഓഫിസർ ഹണി പറഞ്ഞു.
പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ, തോട്ടക്കാട് ഗവ. എച്ച്.എസ്.എസ്, വാകത്താനം ഗവ. ലോവർ പ്രൈമറി സ്കൂൾ, മീനടം പഞ്ചായത്ത് ഓഫിസ്, ളാക്കാട്ടൂർ മഹാത്മ ഗാന്ധി മെമ്മോറിയൽ എച്ച്.എസ്, തിരുവഞ്ചൂർ തൂത്തുട്ടി സി.എം.എസ് എൽ. പി.എസ്, പാമ്പാടി എം.ജി.എം.എച്ച്.എസ്, പൂവത്തിളപ്പ് മണലുങ്കൽ സെന്റ് അലേഷ്യസ് എച്ച്.എസ്, കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ എൽ.പി.എസ് എന്നിവിടങ്ങളിലായിരുന്നു മറ്റ് വനിത ബൂത്തുകൾ.
വോട്ടുചെയ്യാൻ എത്തുന്ന സ്ത്രീകൾക്കൊപ്പം വരുന്ന കുട്ടികളെ കൈയിലെടുക്കാൻ കളിപ്പാട്ടങ്ങൾ ഒരുക്കുകയും പോഷകാഹാരം വിതരണം ചെയ്യുകയും ചെയ്തിരുന്നു. റാഗി കുക്കീസ്, ഡ്രൈ ഫ്രൂട്ട്, നട്സ് ഇവയാണ് കുട്ടികൾക്ക് നൽകിയത്.
വോട്ടിങ് സൗകര്യം, ബൂത്തുകളുടെ സൗന്ദര്യം എന്നിവ വിലയിരുത്തി വോട്ടർമാർ ബൂത്തുകളിലെ ലക്കി ഡ്രോ പെട്ടിയിൽ നിക്ഷേപിച്ചു. ഇതിൽനിന്ന് തെരഞ്ഞെടുക്കുന്ന വ്യക്തിക്കാണ് സമ്മാനം നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.