പുതുപ്പള്ളി ബൂത്തിലേക്ക്
text_fieldsബൂത്ത് മനോഹരമാക്കി വിദ്യാർഥികൾ
പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് മനോഹരമാക്കിയിരിക്കുകയാണ് പുതുപ്പള്ളിയിലെ ഓരോ ബൂത്തുകളും. ഓലകളും ഇലകളും ചാർട്ട് പേപ്പറുകളും കൊണ്ടാണ് ബൂത്തുകൾ അലങ്കരിച്ചിരിക്കുന്നത്. പുതുപ്പള്ളി സെന്റ് ജോർജ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്ത് വന നശീകരണത്തിന്റെ വിപത്തുകളെ ഓർമിപ്പിക്കുന്നതാണ്. കോട്ടയം ബി.സി.എം കോളജിലെ എൻ.എസ്.എസ്, എൻ.സി.സി വിദ്യാർഥികളുടെ നേതൃത്വത്തിലാണ് ബൂത്ത് ഒരുക്കിയിരിക്കുന്നത്. ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നവയാണ് ഓരോ ബൂത്തും. തോട്ടക്കാട് സെന്റ് തോമസ് ഹൈസ്കൂളിലെ ഹരിത ബൂത്ത് ഒരുക്കിയിരിക്കുന്നത് പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജ് ഓഫ് അപ്ലൈഡ് സയൻസിലെ വിദ്യാർഥികളുടെ നേതൃത്വത്തിലാണ്. ഇത് കൂടാതെ എല്ലാ ബൂത്തും ശിശുസൗഹൃദ ബൂത്തായി മാറ്റുന്നതിന്റെ ഭാഗമായി മുലയൂട്ടൽ മുറികൾ ഒരുക്കിയിട്ടുണ്ട്. ബൂത്തിലെത്തുന്ന കുട്ടികൾക്കായി നറുക്കെടുപ്പ് മത്സരം സംഘടിപ്പിക്കാനായുള്ള സജ്ജീകരണങ്ങളുമുണ്ട്.
സമ്പൂർണ വെബ് കാസ്റ്റിങ്
പുതുപ്പള്ളി നിയമസഭ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 182 ബൂത്തിലും വെബ് കാസ്റ്റിങ് നടത്താനുള്ള ഒരുക്കങ്ങളായി. വോട്ടെടുപ്പ് ദിവസം രാവിലെ 5.30 മുതൽ പോളിങ് തീരുന്നതുവരെ ഈ ബൂത്തുകളിലെ നടപടികൾ കലക്ടർക്കും ഇലക്ഷൻ കമീഷനും കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകർക്കും വെബ് കാസ്റ്റിങ് കൺട്രോൾ റൂമിലും തത്സമയം നിരീക്ഷിക്കാനാകും.
40 ജീവനക്കാരാണ് വെബ് കാസ്റ്റിങ് കൺട്രോൾ റൂമിലുള്ളത്. സി-ഡിറ്റ്, ഐ.ടി മിഷൻ, അക്ഷയ, ബി.എസ്.എൻ.എൽ, കെ.എസ് വാൻ എന്നിവ സംയുക്തമായാണ് സംവിധാനമൊരുക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും അക്ഷയ സംരംഭകരാണ് ഇതിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.