ചുവന്ന പുതുപ്പള്ളി; എൽ.ഡി.എഫിന്റെ ആത്മവിശ്വാസം
text_fieldsകോട്ടയം: തദ്ദേശതെരഞ്ഞെടുപ്പ് കാലങ്ങളിൽ പുതുപ്പള്ളി പഞ്ചായത്തിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചകൾ നടക്കുമെങ്കിലും അവസാനചിത്രം തെളിഞ്ഞിരുന്നത് ഉമ്മൻ ചാണ്ടിയുടെ വാക്കിലായിരുന്നു. തർക്കമുള്ള വാർഡുകളിലെ വിഷയം മുന്നിലേക്ക് എത്തുമ്പോൾ കരോട്ട് വള്ളക്കാലിൽ വീട്ടുമുറ്റത്ത് സ്ഥാനാർഥിയാകാൻ കാത്തിനിൽക്കുന്നവരിൽ ഒരാളെ ചൂണ്ടി ഉമ്മൻ ചാണ്ടി പറയും. താൻ മത്സരിക്കെന്ന്. ഇതോടെ സ്ഥാനാർഥി പട്ടിക പൂർണം.
ഇത്തരത്തിൽ ഉമ്മൻ ചാണ്ടി തെരഞ്ഞെടുത്ത് വിട്ടവരെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞതവണ പുതുപ്പള്ളി പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് സ്വന്തമാക്കിയത്. ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഏറ്റവും ആത്മവിശ്വാസം നൽകുന്ന ഘടകവും ഇതാണ്. 25 വർഷത്തെ ഇടവേളക്കുശേഷമായിരുന്നു അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ തട്ടകമായിരുന്നു പുതുപ്പള്ളി പഞ്ചായത്ത് ഭരണം ഇത്തവണ എൽ.ഡി.എഫ് പിടിച്ചത്. ഇതിനുമുമ്പ് 1995 ലായിരുന്നു പുതുപ്പള്ളി പഞ്ചായത്ത് എൽ.ഡി.എഫ് ഭരിച്ചത്.
11 വാർഡുകൾ മാത്രമുണ്ടായിരുന്ന അന്ന് കോൺഗ്രസ് റെബലിന്റെ പിന്തുണയിലായിരുന്നു എൽ.ഡി.എഫ് ഭരണം. യു.ഡി.എഫ്- അഞ്ച്, എൽ.ഡി.എഫ്- അഞ്ച്, സ്വതന്ത്രൻ (കോൺഗ്രസ് റിബൽ) ഒന്ന് എന്നായിരുന്നു കക്ഷിനില. സാബു പുതുപ്പറമ്പിലെന്ന റിബലിനെ ഒപ്പം േചർന്ന് അന്ന് ഇടതുപക്ഷം ഭരണം പിടിച്ചു. റെബലിന് വൈസ് പ്രസിഡന്റ് സ്ഥാനവും നൽകി. ഇതിനുശേഷം നടന്ന നാലു തെരഞ്ഞെടുപ്പുകളിലും പ്രതിപക്ഷത്തായിരുന്നു ഇടതിന് സ്ഥാനം.
എന്നാൽ, യു.ഡി.എഫ് കണക്കുകൂട്ടലുകൾ തെറ്റിച്ച് 2020ൽ വീണ്ടും പുതുപ്പള്ളിയുടെ ഭരണം എൽ.ഡി.എഫ് സ്വന്തമാക്കി. നിലവിൽ 18 വാർഡുകളുള്ള പഞ്ചായത്തിൽ ഒമ്പത് സീറ്റുകൾ സ്വന്തമാക്കിയത് എല്‍.ഡി.എഫ് മുന്നിലെത്തിയത്. യു.ഡി.എഫ് ഏഴ് സീറ്റ് നേടിയപ്പോൾ ബി.ജെ.പി രണ്ടുസീറ്റും നേടി. എൽ.ഡി.എഫിലെ ഏഴുപേർ സി.പി.എം പ്രതിനിധികളാണ്. ഒരുസീറ്റ് ജനതാദൾ എസിനും ഒരിടത്ത് ഇടത് സ്വതന്ത്രനുമായിരുന്നു വിജയിച്ചത്. യു.ഡി.എഫിലെ ഏഴ് അംഗങ്ങളും കോൺഗ്രസുകാരാണ്. വനിത സംവരണമായ ഇവിടെ സി.പി.എമ്മിലെ പൊന്നമ്മ ചന്ദ്രനാണ് പ്രസിഡന്റ്. സി.പി.എമ്മിലെ തന്നെ പ്രമോദ് കുര്യാക്കോസാണ് വൈസ് പ്രസിഡന്റ്.
അതേസമയം, 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പഞ്ചായത്ത് ഉമ്മൻ ചാണ്ടിക്കാണ് ലീഡ് നൽകിയത്. 2000 ത്തിലധികം വോട്ടിന്റെ ലീഡായിരുന്നു ഇവിടെ ഉമ്മൻ ചാണ്ടിക്ക് ലഭിച്ചത്. സഭാതര്‍ക്കം ബാധിക്കാത്ത പഞ്ചായത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ ചൊല്ലിയുള്ള കോൺഗ്രസിലെ പ്രാദേശിക തർക്കങ്ങളായിരുന്നു യു.ഡി.എഫിന് തിരിച്ചടിയായത്. ജോസ് കെ.മാണി വിഭാഗം ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നതും യു.ഡി.എഫ് വോട്ടുകളിൽ വിള്ളലുണ്ടാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.