കളംനിറഞ്ഞ് നേതാക്കൾ
text_fieldsകോട്ടയം: ഓണ ഇടവേളക്കുശേഷം നേതാക്കൾ വീണ്ടും പുതുപ്പള്ളിയിൽ. ബുധനാഴ്ച എൽ.ഡി.എഫിനായി മുഖ്യമന്ത്രി മൂന്ന് പൊതുയോഗങ്ങളിൽ സംസാരിച്ചു. മണർകാട്, കൂരോപ്പട, മീനടം എന്നിവിടങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ് യോഗങ്ങൾ.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മണ്ഡലത്തില്‍ തിരിച്ചെത്തി. ബുധനാഴ്ച വൈകീട്ട് പാമ്പാടിയിൽ മഹിള കോൺഗ്രസ് സംഘടിപ്പിച്ച മെഗാ റോഡ് ഷോയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരടക്കമുള്ള കോൺഗ്രസ് നേതാക്കളും വീണ്ടും മണ്ഡലത്തിൽ സജീവമായി. എൻ.ഡി.എക്കായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബുധനാഴ്ച പുതുപ്പള്ളിയിലെത്തി. ബി.ജെ.പി ദേശീയ സെക്രട്ടറിയും വക്താവുമായ അനിൽ ആന്റണി, ദേശീയ നേതാക്കളായ ടോം വടക്കൻ, അൽഫോൺസ് കണ്ണന്താനം തുടങ്ങിയവരും ബുധനാഴ്ച ഗൃഹസന്ദർശന പരിപാടികളിൽ സജീവമായിരുന്നു.
കൊട്ടിക്കലാശത്തിന് നാലുദിവസം മാത്രം അവശേഷിക്കെയാണ് പ്രധാന നേതാക്കളെയെല്ലാം രംഗത്തിറക്കിയുള്ള മുന്നണികളുടെ ആവേശപ്രചാരണം. അടുത്ത ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ മണ്ഡലത്തിലേക്കെത്തും.
ഓണാഘോഷങ്ങളിൽ ജെയ്ക്
ആഘോഷങ്ങളിൽ നാട്ടുകാർക്കൊപ്പം പങ്കെടുത്തും സൗഹൃദസന്ദർശനങ്ങൾ നടത്തിയും മണ്ഡലമാകെ നിറഞ്ഞ് എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ്. അകലകുന്നം പഞ്ചായത്തിലെ മണൽ മറ്റക്കര പ്രദേശങ്ങളിലായിരുന്നു ഗൃഹസന്ദർശന പരിപാടികളുടെ തുടക്കം. വെള്ളൂർ ഗ്രാമറ്റം അമ്മവീട്ടിലെ അന്തേവാസികൾക്കൊപ്പമാണ് തിരുവോണത്തിന് ഓണസദ്യ കഴിച്ചത്. മന്ത്രി വി.എൻ. വാസവനും ഒപ്പമുണ്ടായിരുന്നു. സദ്യക്ക് മുമ്പ് പതിവ് തെറ്റിക്കാതെ കോട്ടയം മെഡിക്കൽ കോളജിലെ ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോർ വിതരണത്തിലും പങ്കുചേർന്നു. ഭക്ഷണപ്പൊതികൾ പ്രവർത്തകർക്കൊപ്പം സ്ഥാനാർഥിയും വിതരണം ചെയ്തു. തോമസ് ചാഴികാടൻ എം.പിയും ജെയ്ക്കിന് ഒപ്പമെത്തിയിരുന്നു.
വോട്ടർമാരെ നേരിൽകണ്ട സ്ഥാനാർഥി ഓണാശംസകൾ നേർന്നു. പാദുവയിൽ ഫ്രണ്ട്സ് സ്വയംസഹായ സംഘം നടത്തിയ ഓണാഘോഷ പരിപാടികളിലേക്ക് സ്ഥാനാർഥി എത്തുമ്പോൾ നാട്ടുകാർ ചുറ്റുംകൂടി. ഇവിടെവെച്ച് സിനിമ താരം മീനാക്ഷിയെ കണ്ടു.
മീനാക്ഷിക്കൊപ്പം ചിത്രമെടുത്ത ശേഷം പൂവത്തിളപ്പിലേക്ക് ഓട്ടോ സ്റ്റാൻഡിലും വ്യാപാരസ്ഥാപനങ്ങളിലും ഓടിയെത്തി പരിചയം പുതുക്കി. ചെങ്ങളത്ത് കടകൾ കയറിയും കാഞ്ഞിരമറ്റം ലക്ഷംവീട് കോളനി സന്ദർശിച്ചും വോട്ട് അഭ്യർഥിച്ചു.
ആരവങ്ങൾക്കൊപ്പം ചാണ്ടി ഉമ്മൻ
ഓണാരവങ്ങൾക്കൊപ്പമായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ ബുധനാഴ്ചത്തെ വോട്ടുയാത്ര. അകലകുന്നം ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയിൽ വോട്ട് അഭ്യർഥിച്ച് ചാണ്ടി ഉമ്മൻ എത്തിയപ്പോൾ അവിടെ ഓണാഘോഷ പരിപാടി നടക്കുകയായിരുന്നു. ഇതിൽ പങ്കാളിയായ സ്ഥാനാർഥി കുട്ടികൾക്കൊപ്പം കസേരകളിയിലും പങ്കാളിയായി.
അകലകുന്നം കാഞ്ഞിരമറ്റം ജങ്ഷനിലെത്തിയപ്പോൾ ആദ്യംകണ്ട കടയിൽ കയറി ചായയും കഴിച്ച് അവിടെയുള്ള കടകളിൽ വോട്ടും ചോദിച്ച് സ്ഥാനാർഥി നേരെപോയത് ലക്ഷം വീട് കോളനിയിലേക്കാണ്. തുടർന്ന് ആനിക്കാട്ട് മൂഴയിൽ ശ്രീശങ്കരനാരായണ ക്ഷേത്രം സന്ദർശിച്ചു.
അകലക്കുന്നം മണ്ഡലത്തിലെ പാദുവ ജങ്ഷനിൽ കടകൾ കയറി വോട്ട് അഭ്യർഥിച്ചു. അവിടെയെത്തിയ ചാണ്ടിയെ സ്വീകരിക്കാൻ സിനിമതാരം മീനാക്ഷി അനൂപും ഉണ്ടായിരുന്നു. മണ്ഡലത്തിലെ വിവിധ കോൺവെന്റുകളിലും പള്ളികളിലും മരണവീടുകളിലും എത്തി ആളുകളെ കണ്ടു.
തിരുവോണനാളിൽ ആഘോഷങ്ങളിൽ നിന്നൊഴിഞ്ഞ് വീട്ടിൽ തന്നെയായിരുന്നു ചാണ്ടി ഉമ്മൻ. പരസ്യ പ്രചാരണങ്ങൾക്ക് അവധിയായതിനാൽ വീട്ടിലിരുന്ന് ആളുകളെ ഫോണിൽ ബന്ധപ്പെട്ടു.
ലിജിനായി കേന്ദ്രമന്ത്രിയും ദേശീയ നേതാക്കളും
എൻ.ഡി.എ സ്ഥാനാർഥി ജി. ലിജിന്ലാലിനായി വോട്ടഭ്യര്‍ഥിച്ച് കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അയര്‍ക്കുന്നത്ത് പ്രഫഷനല്‍ ബിരുദ വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി. എൻ.ഡി.എ യുവജനങ്ങള്‍ക്ക് മികച്ച അവസരങ്ങളും ഭാവി ജീവിതത്തിന് വഴികാട്ടിയുമായ സമീപനമാണ് കൈക്കൊള്ളുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാജ്യാന്തരതലത്തില്‍ പുതിയ മേല്‍വിലാസവും അംഗീകാരവും ലഭിക്കാന്‍ കേന്ദ്രസർക്കാറിന്റെ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നേതാക്കളായ അല്‍ഫോണ്‍സ് കണ്ണന്താനം, ടോംവടക്കന്, അനില്‍ ആന്റണി എന്നിവര്‍ക്കൊപ്പം ലിജിന്‍ കുടുംബസംഗമങ്ങളിലും പങ്കെടുത്തു. വ്യാഴാഴ്ച കേന്ദ്രമന്ത്രി വി. മുരളീധരനും മണ്ഡലത്തില്‍ പര്യടനം നടത്തും.
ചൊവ്വാഴ്ച തിരുവോണദിനത്തിലും മണ്ഡലത്തിൽ തന്നെയായിരുന്നു ലിജിൻ ലാൽ. കൂരോപ്പട പതാലിൽ ലക്ഷ്മിക്കുട്ടിയമ്മയുടെ വീട്ടിലായിരുന്നു ഓണസദ്യ.
ജനസംഘം നേതാവായിരുന്നു ലക്ഷ്മിക്കുട്ടി. ലക്ഷ്മിക്കുട്ടിയമ്മയുടെ മകനും കർഷകമോർച്ച മുൻ സംസ്ഥാന പ്രസിഡന്റുമായ പി.ആർ. മുരളീധരൻ ബി.ജെ.പി ജില്ല സെക്രട്ടറി അഖിൽ രവീന്ദ്രൻ, അയർക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.