പുതുപ്പള്ളിയിൽ ഇനി പോരാട്ടച്ചൂടിന്റെ ദിനങ്ങൾ
text_fieldsകോട്ടയം: പുതുപ്പള്ളി പള്ളിയിലും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലും എത്തി പ്രാർഥിച്ചശേഷമാണ് ചാണ്ടി ഉമ്മൻ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഇടവക്കാട് ഗീവർഗീസ് റമ്പാച്ചനും ഫാ. കുര്യാക്കോസ് ഈപ്പനും കല്ലറയിലെ പ്രാർഥനകൾക്ക് നേതൃത്വം നൽകി. തുടർന്ന് ചിങ്ങവനത്തുള്ള ക്നാനായ സമുദായ മെത്രാപ്പോലീത്ത ആർച് ബിഷപ് മോർ സേവേറിയോസ് കുര്യാക്കോസിനെ സന്ദർശിച്ച് അനുഗ്രഹം തേടി. സി.എസ്.ഐ ബിഷപ് ഹൗസ് സന്ദർശിച്ച് റവ. ഡോ. മലയിൽ സാബുകോശി ചെറിയാനുമായും ചർച്ച നടത്തി. അയർക്കുന്നം നീറികാട് പ്രദേശത്തെ ഭവന സന്ദർശനത്തിന് ശേഷം ലൂർദ് മാതാ ചർച് അച്ചൻകോവിക്കൽ അമ്പലം, അമയന്നൂർ സ്പിന്നിങ് മിൽ, അയർക്കുന്നത്തെ ബെവ്കോ ഗോഡൗൺ, അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻ കാത്തലിക് ചർച്ച് എന്നിവിടങ്ങൾ സന്ദർശിച്ചു. അയർക്കുന്നം ബസ് സ്റ്റാൻഡിലും പരിസരത്തും വോട്ടർമാരെ കണ്ട് വോട്ട് അഭ്യർഥിച്ചു. ഉറവക്കൽ ജപമാല ഭവൻ, കൂരോപ്പട പഞ്ചായത്ത് വടക്കമണ്ണൂർ സെന്റ് തോമസ് ചർച്ച്, കൂരോപ്പട അപ്പസ്തോലിക ഒബിലെറ്റ് മഠം, സാന്താ മരിയ പബ്ലിക് ആൻഡ് ജൂനിയർ കോളജ്, ശാന്തിഗിരി ആശ്രമം എന്നിവിടങ്ങളും സന്ദർശിച്ചു. പാമ്പാടി കാഞ്ഞിരക്കാട്, വെള്ളറ ഭാഗങ്ങളിൽ വീട് കയറി വോട്ട് അഭ്യർഥിച്ചു.
ഗുരുജനങ്ങളുടെ അനുഗ്രഹം തേടി ജെയ്ക് സി. തോമസ്
കോട്ടയം: പ്രചാരണ തിരക്കിനിടയിലും മാതൃ വിദ്യാലയത്തിൽ ഓടിയെത്തി ഗുരുജനങ്ങളുടെ അനുഗ്രഹം തേടി പുതുപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസ്. വാഹനം സ്കൂൾ ഗേറ്റിന് പുറത്തിട്ട് ഗിരിദീപം ബഥനി സ്കൂളിന്റെ പടികയറി എത്തുന്ന ജെയ്ക്കിനെ കണ്ട് ഇതാണ് സ്ഥിരം ശൈലി എന്ന് പ്രിൻസിപ്പൽ ഫാ. സൈജു കുര്യൻ ഓർമിപ്പിച്ചു.
നഴ്സറി കാലം മുതൽ പ്ലസ്ടു വരെ പതിനാല് വർഷം താൻ ചെലവഴിച്ച ഇടമാണ്. ഇങ്ങോട്ടേക്കുള്ള ഒാരോ വരവിലും പഴയ സ്കൂൾകാലം ഓർമവരുമെന്ന് ജെയ്ക്ക് പറഞ്ഞു. വലിയ കരുതലും സ്നേഹവും നൽകിയ ഗുരുജനങ്ങളുടെ സ്നേഹം മറക്കാനാവില്ലെന്ന് പറഞ്ഞ ജെയ്ക്ക് ആദ്യമായി പ്രസംഗിച്ചതും സ്റ്റേജിൽ കയറിയതും കവിത എഴുതിയതും എല്ലാം ഇവിടെയാണ് എന്ന ഓർമയും പങ്കുവെച്ചു. തങ്ങളുടെ വിദ്യാലയത്തിലെ സമർഥനായ വിദ്യാർഥിയെക്കുറിച്ചുള്ള ഓർമകൾ അധ്യാപകരും പങ്കുവെച്ചു. പുതുപ്പള്ളിയിലെ വോട്ടർമാർ കൂടിയായ അധ്യാപകർ സ്ഥാനാർഥിക്ക് വിജയാശംസകൾ നേർന്നാണ് പറഞ്ഞുവിട്ടത്.
കുമ്മനത്തിനൊപ്പം വോട്ടുതേടി ലിജിൻലാൽ
കോട്ടയം: പുതുപ്പള്ളിയിലെ എൻ.ഡി.എ സ്ഥാനാർഥി ലിജിൻലാലിനൊപ്പം വെള്ളിയാഴ്ച വോട്ടുതേടാൻ മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരനും സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറുമുണ്ടായിരുന്നു. ളാക്കാട്ടൂർ കണ്ണാടിച്ചിറ, കുളത്തുങ്കൽ കവല, ശിവാജി നഗർ ഏരിയ എന്നിവിടങ്ങളിലാണ് കുമ്മനം രാജശേഖരൻ വോട്ടുതേടി എത്തിയത്. തുടർന്ന് ഭവന സന്ദർശനവും നടത്തി. ഉച്ചവരെ കൂരോപ്പട പഞ്ചായത്തിലെ ളാക്കാട്ടൂർ മേഖലയിലായിരുന്നു പ്രചാരണം. ഇതിനിടെ ക്നാനായ സിറിയൻ ആർച് ബിഷപ് മോർ സേവേറിയസ് കുര്യാക്കോസ് വലിയ മെത്രാപ്പോലീത്തയെ സന്ദർശിച്ചു. മണർകാട് കവലയിൽ ലിജിൻലാലിന് വേണ്ടി പോസ്റ്റർ പതിക്കാൻ മഹിള മോർച്ച പ്രവർത്തകരും രംഗത്തുണ്ടായിരുന്നു.
മണർകാട് ആരെ തുണക്കും?
കോട്ടയം: യു.ഡി.എഫിന് ആശങ്കയും എൽ.ഡി.എഫിന് ആശയും പകരുന്ന പഞ്ചായത്താണ് മണർകാട്. ചരിത്രത്തിലാദ്യമായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പഞ്ചായത്ത് ഭരണം സ്വന്തമാക്കാൻ കഴിഞ്ഞതുമാത്രമല്ല എൽ.ഡി.എഫിന് ആത്മവിശ്വാസം പകരുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മണർകാട് പഞ്ചായത്തില് ജെയ്ക്.സി.തോമസ് ആയിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷവും സ്വന്തമാക്കിയിരുന്നു. ഇതാണ് ഇവരുടെ പ്രതീക്ഷകൾ ഉയർത്തുന്നത്. എന്നാൽ, മണർകാടിന്റെ മനസ്സ് ഇത്തവണ യു.ഡി.എഫിനൊപ്പമാണെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. എൽ.ഡി.എഫിന്റെ വ്യാജപ്രചാരണങ്ങൾ ഇത്തവണ വിലപ്പോവില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
രൂപവത്കരണകാലം മുതൽ യു.ഡി.എഫിനൊപ്പം ഉറച്ചുനിന്ന പഞ്ചായത്ത് കഴിഞ്ഞ തവണ ചുവക്കാൻ പ്രധാനകാരണം സഭ തർക്കമായിരുന്നു. 2020ൽ മൊത്തമുള്ള 17 സീറ്റുകളിൽ 10 എണ്ണം സ്വന്തമാക്കിയാണ് എൽ.ഡി.എഫ് മണർകാട് പഞ്ചായത്ത് ഭരണം പിടിച്ചത്. പത്ത് സീറ്റിലും സി.പി.എം പ്രതിനിധികളാണ് വിജയിച്ചത്. യു.ഡി.എഫ് അഞ്ച് സീറ്റിൽ ഒതുങ്ങിയപ്പോൾ ബി.ജെ.പി രണ്ട് സീറ്റും നേടി. യു.ഡി.എഫിലെ മുഴുവൻ സീറ്റുകളും കോൺഗ്രസിനാണ്.
നിർണായക സ്വാധീനമുള്ള യാക്കോബായ സഭ ഇടതിനൊപ്പം നിലയുറപ്പിച്ചതാണ് ഇവർക്ക് പഞ്ചായത്ത് ഭരണം നേടിക്കൊടുത്തത്. യാക്കോബായ സ്വാധീനമേഖലകളില് വലിയ നേട്ടമാണ് ഇടതുമുന്നണി സ്വന്തമാക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി പിന്നിൽ പോകാനും കാരണമിതായിരുന്നു. ചർച്ച് ബില്ല് കൊണ്ടുവരുമെന്നും ഇതിലൂടെ യാക്കോബായ സഭക്ക് ഭൂരിപക്ഷമുള്ള പള്ളികൾ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുമെന്നുമായിരുന്നു എൽ.ഡി.എഫ് പ്രചാരണം. ഇത് ചില വൈദികരും ഏറ്റെടുത്തതോടെ കോൺഗ്രസിനൊപ്പമായിരുന്നു യാക്കോബായ വോട്ടുകളിൽ നല്ലൊരുശതമാനം ഇടത്തേക്ക് ചാഞ്ഞു.
സമാനസാഹചര്യം ഇത്തവണയും നിലനിൽക്കുന്നുവെന്നാണ് എൽ.ഡി.എഫ് പറയുന്നത്. ഇടതുപക്ഷ സ്ഥാനാർഥി ജെയ്ക്.സി.തോമസിന്റെ ജൻമനാടുകൂടിയാണ് മണർകാട്. ഇതിനൊപ്പം യാക്കോബായ അനുകൂലനിലപാടും വോട്ടുകൊണ്ടുവരുമെന്നാണ് ഇവരുടെ വിലയിരുത്തൽ.
എന്നാൽ, കള്ളപ്രചാരണങ്ങെള ഇത്തവണ ജനങ്ങൾ തള്ളുമെന്ന് യു.ഡി.എഫ് പറയുന്നു. ചർച്ച് ബില്ല് കൊണ്ടുവരുെമന്ന് പറഞ്ഞ് വിശ്വാസികളെ പറ്റിച്ചവരാണ് ഇടതുമുന്നണി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, ഒരു പള്ളിേപാലും യാക്കോബായ സഭക്ക് നഷ്ടമായിരുന്നില്ല. പിണറായി വിജയൻ അധികാരത്തിലെത്തിയശേഷമാണ് യാക്കോബായ സഭയുടെ പള്ളികൾ നഷ്ടമാകുന്ന സാഹചര്യം ഉണ്ടായതെന്നും യു.ഡി.എഫ് നേതാക്കൾ പറയുന്നു. അതേസമയം, യാക്കോബായ വിഭാഗം സര്ക്കാര് അനുകൂല നിലപാട് സ്വീകരിക്കുന്നത് യു.ഡി.എഫിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, കഴിഞ്ഞ തവണത്തേതുപോലെയുള്ള അനുകൂലതരംഗമില്ലെന്നാണ് ഇവരുടെ വിലയിരുത്തൽ.
2015െല തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 10 സീറ്റും എൽ.ഡി.എഫിന് അഞ്ച് സീറ്റുമാണുണ്ടായിരുന്നത്. അന്നും ബി.ജെ.പിക്ക് രണ്ട് സീറ്റുകൾ ലഭിച്ചിരുന്നു.
പുതുപ്പള്ളി വികസനത്തിന് വോട്ട് ചെയ്യും - ജോസ് കെ. മാണി
അയർക്കുന്നം: ഇത്തവണ പുതുപ്പള്ളിയിലെ വോട്ടർമാർ മണ്ഡലത്തിന്റെ വികസനത്തിന് വോട്ടുചെയ്യുമെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. കേരളത്തിലെ ഇതര മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കനത്ത വികസന മുരടിപ്പാണ് പുതുപ്പള്ളിയിൽ കാണാൻ കഴിയുന്നത്. ഇത് പരിഹരിക്കാൻ സർക്കാറിന്റെ ഭാഗമായ എം.എൽ.എയെയാണ് പുതുപ്പള്ളിക്ക് ആവശ്യം. മണ്ഡലത്തിലെ എല്ലാവിഭാഗം ജനങ്ങളെയും സമഭാവനയോടെ കണ്ട് വികസനപ്രവർത്തനങ്ങൾ നടത്താൻ ജെയ്ക് സി. തോമസിന് കഴിയുമെന്നും ജോസ് കെ. മാണി പറഞ്ഞു.
പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരള കോൺഗ്രസ്-എം അയർക്കുന്നം മണ്ഡലത്തിലെ ബി.എൽ.എമാരുടെയും പ്രധാനപ്പെട്ട ഭാരവാഹികളുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് കെ. മാണി.
ബെന്നി വടക്കേടം അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി.
സണ്ണി തെക്കേടം, പ്രഫ. ലോപസ് മാത്യു, ബേബി ഉഴുത്തുവാൽ, ജോസഫ് ചാമക്കാല, സണ്ണി വടക്കേ മുളഞ്ഞിനാല്, സിറിയക് ചാഴിക്കാടൻ, മാത്തുക്കുട്ടി ഞായർകുളം, ജോസ് കുടകശ്ശേരി, ബിജു ചക്കാല, ജോയി ഇലഞ്ഞിക്കൽ, സണ്ണി മന്ത്ര, ജോർജുകുട്ടി പുറ്റത്താങ്കൽ, അമൽ ചാമക്കാല, ജോസ് കൊറ്റത്തിൽ, സാബു കണിപറമ്പിൽ, റെനി വള്ളികുന്നേൽ, രാജു കുഴിവേലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.