കുതിച്ച് ക്വാറി ഉൽപന്നവില; നിർമാണ മേഖലക്ക് തിരിച്ചടി
text_fieldsകോട്ടയം: ഫീസ് വർധനക്കൊപ്പം നിർമാണ സാമഗ്രികളുടെ വിലക്കറ്റവും കെട്ടിടനിർമാണ മേഖലക്ക് തിരിച്ചടിയാകുന്നു. ക്വാറി ഉൽപന്നങ്ങളുടെ വിലയുയർന്നതാണ് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നത്. കെട്ടിടനിർമാണത്തിന് വ്യാപകമായി ഉപയോഗിക്കുന്ന എം.സാൻഡ്, പി.സാൻഡ്, മെറ്റൽ എന്നിവക്കെല്ലാം വലിയതോതിൽ വില ഉയർന്നു.
എം.സാൻഡിന് നേരത്തെ 59 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 65 രൂപയായി ഉയർന്നു. പി.സാൻഡിന്റെ വില 69 രൂപയായി ഉയർന്നു. പഴയവില 63 രൂപയായിരുന്നു. കമ്പിവിലയിൽ വലിയ വർധന ഇല്ലെന്നത് മാത്രമാണ് ഏക ആശ്വാസം. ഒരുകിലോ കമ്പിക്ക് 75 രൂപയോളമാണ് വില. എന്നാൽ, കോവിഡിനുമുമ്പ് കമ്പിവില 52-55 രൂപയായിരുന്നു. ഇതാണ് 70ന് മുകളിലെത്തിയത്.
പാറപ്പൊടി- 55, ചുടുകട്ട- 12 രൂപ, വെട്ടുകല്ല് -38 രൂപ എന്നിങ്ങനെയാണ് വില. ചുടുകട്ടക്ക് നേരത്തേ 7.50 രൂപമാത്രം നൽകിയാൽ മതിയായിരുന്നു.
ക്വാറി-ക്രഷർ ഉൽപന്നങ്ങളുടെ റോയൽറ്റി വർധിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് വില ഉയർത്തിയതെന്നും ഇത് അനാവശ്യമാണെന്നും ഒരുവിഭാഗം കരാറുകാർ കുറ്റപ്പെടുത്തുന്നു. സിമന്റ് കമ്പനികളും നിശ്ചിത ഇടവേളകളിൽ വില ഉയർത്തുന്നതായും കരാറുകാർ പറയുന്നു.
ചെറുകിട യാർഡുകൾ തോന്നുംപടിയാണ് വില ഈടാക്കുന്നതെന്നും ആക്ഷേപമുണ്ട്. വിലവർധന മൂലം നിർമാണം ആരംഭിച്ച കെട്ടിടങ്ങൾ പൂർത്തിയാക്കാനും പുതിയ ജോലി ആരംഭിക്കാനും സാധിക്കാതെ ദുരിതത്തിലായത് സാധാരണക്കാരും കരാറുകാരുമാണ്. വീട് നിർമിക്കുന്ന സാധാരണക്കാർക്കാണ് ഏറെ ദുരിതം.
ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ജോലി അമിതവിലയിൽ താളംതെറ്റുന്ന സ്ഥിതിയാണ് പലയിടങ്ങളിലും. ലൈഫ് പദ്ധതിയടക്കമുള്ള നിർമാണങ്ങളെയും വില വർധന ബാധിക്കും. പി.വി.സി പൈപ്പിനുൾപ്പെടെ വില ഉയർന്നിരിക്കുകയാണ്.
ടൈൽ, സിമന്റ് കട്ട നിർമാതാക്കളും വിലക്കയറ്റത്തിൽ ദുരിതത്തിലാണ്. ഇവർ പ്രതിഷേധിക്കാനുള്ള തയാറെടുപ്പിലാണ്. കോവിഡ് പ്രതിസന്ധിയുടെ കാലത്താണ് ക്വാറി ഉൽപന്നങ്ങൾക്കടക്കം വലിയതോതിൽ വില ഉയർന്നത്. കോവിഡിനുശേഷം എല്ലാ മേഖലയും പഴയ നിലയിലേക്ക് എത്തിയിട്ടും വില താഴ്ന്നിട്ടില്ല.
വിവിധ കെട്ടിടനിർമാണ അനുമതികൾക്കുള്ള ഫീസിൽ 10 മുതൽ 20 ഇരട്ടി വരെ വർധനയാണ് വരുത്തിയിരിക്കുന്നത്. 876 സ്ക്വയർഫീറ്റ് മുതൽ 1600 സ്ക്വയർ ഫീറ്റ് വരെയുള്ള വീടുകളുടെ നിർമാണ അനുമതി ഫീസ് 800 രൂപയിൽനിന്ന് 5600 രൂപയായി.
നിലവിലെ സാഹചര്യത്തിൽ സ്ക്വയർ ഫീറ്റ് നിരക്ക് ഉയർത്താതെ മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് ലെൻസ്ഫെഡ് ഭാരവാഹികൾ പറയുന്നു. നിർമാണ മേഖലയെ സംരക്ഷിക്കുന്നതിന് പകരം ശ്വാസംമുട്ടിക്കുന്ന നടപടികളിൽനിന്ന് സർക്കാർ പിന്മാറണമെന്നും ഇവർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.