നികുതി വെട്ടിച്ച് ക്വാറി ഉൽപന്നങ്ങളുടെ വ്യാപക കടത്ത് 9.67 ലക്ഷം പിഴ ഈടാക്കി
text_fieldsകോട്ടയം: ജില്ലയിൽ നികുതി വെട്ടിച്ച് ക്വാറി ഉൽപന്നങ്ങൾ വ്യാപകമായി കടത്തുന്നതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ ‘ഓപറേഷൻ ഓവർലോഡ് -3’ മിന്നൽപരിശോധനയുടെ ഭാഗമായി ജില്ലയിലെ നാലിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വ്യക്തമായത്. ക്രമക്കേട് കണ്ടെത്തിയ വാഹനങ്ങളിൽനിന്ന് 9,67,240 രൂപ പിഴയായി വിജിലൻസ് ഈടാക്കി. വരും ദിവസങ്ങളിലും സമാനമായ പരിശോധന തുടരുമെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.
പരിശോധനയിൽ ഭൂരിഭാഗം വാഹനങ്ങളും അമിത ഭാരം കയറ്റിയ നിലയിലാണെന്ന് കണ്ടെത്തി. പല വാഹനങ്ങളും പാസില്ലാതെയാണ് ക്വാറി ഉൽപന്നങ്ങൾ കടത്തിയത്. വ്യാഴാഴ്ച പുലർച്ചയായിരുന്നു പരിശോധന. വിജിലൻസ് അറിയിച്ചതനുസരിച്ച് പിടികൂടിയ വാഹനങ്ങൾ മോട്ടോർ വാഹന, മൈനിങ് ആന്റ് ജിയോളജി, ജി.എസ്.ടി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരിശോധിച്ചാണ് പിഴത്തുക നിശ്ചയിച്ചത്.
ചില ക്വാറി ഉടമകൾ മൈനിങ് ആൻറ് ജിയോളജി വകുപ്പ് അനുവദിച്ച പാസിലെ അളവിനേക്കാൾ കൂടുതൽ ലോഡ് കയറ്റി വിടുന്നതായും പാസ് അനുവദിക്കാത്ത വാഹനങ്ങൾക്ക് ഉൽപന്നങ്ങൾ നൽകുന്നതായും വിജിലൻസ് കണ്ടെത്തി. ഒരു പാസ് ഉപയോഗിച്ച് നിരവധി ലോഡുകൾ കടത്തുന്നതായുംവ്യക്തമായി.
ഇതുമൂലം ജി.എസ്.ടി ഇനത്തിലും റോയൽറ്റി ഇനത്തിലും സർക്കാറിന് ലഭിക്കേണ്ട വൻതുകയാണ് നഷ്ടമാകുന്നതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ടിപ്പറുകളിലും ട്രക്കുകളിലും ലോറികളിലും അമിതഅളവിലും പെർമിറ്റിന് വിരുദ്ധമായും ക്വാറി ഉൽപന്നങ്ങൾ കടത്തുന്നുവെന്നതടക്കമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അധികഭാരം കയറ്റി സഞ്ചരിക്കുന്ന വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പിലെയും മൈനിംഗ് ആൻറ് ജിയോളജി വകുപ്പിലെയും ജി.എസ്.ടി വകുപ്പിലെയും ചില ഉദ്യോഗസ്ഥർ പരിശോധിക്കുന്നില്ലെന്നും വിജിലൻസിന് വിവരം ലഭിച്ചു. അതുവഴി ജി.എസ്.ടി ഇനത്തിലും, റോയൽറ്റി ഇനത്തിലും സർക്കാറിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ദിനംപ്രതി സംഭവിക്കുന്നതായുള്ള അനുമാനത്തിലാണ് വിജിലൻസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.