പേവിഷ ബാധ ഭീഷണിയിൽ കോട്ടയം; കുറുനരിയും കുറുക്കനും ചത്തനിലയില്‍; പൂച്ചകളും നായ്ക്കളും ചത്തത് പേവിഷബാധയെത്തുടര്‍ന്നെന്ന് സംശയം
text_fieldsകോട്ടയം: നാട്ടിൻപുറത്തെ കൃഷിയിടങ്ങളിലും പൊതുസ്ഥലങ്ങളിലും പേവിഷബാധയുള്ള മൃഗങ്ങൾ ഭീഷണിയാകുന്നു. ജില്ലയില്‍ പാമ്പാടി, കറുകച്ചാല്‍, വാഴൂര്‍ പ്രദേശങ്ങളില്‍ പൂച്ചകളും നായ്ക്കളും അടുത്തിടെ ചത്തത് പേവിഷബാധയെത്തുടര്‍ന്നാണ് സംശയം. കുറുനരിയും കുറുക്കനും തോട്ടങ്ങളില്‍ ചത്തനിലയില്‍ കാണപ്പെട്ടതും പേവിഷബാധയെ തുടര്‍ന്നാണെന്നാണ് സൂചന. നാട്ടിലേക്കിറങ്ങുന്ന കാട്ടുപന്നികള്‍ക്കും പേവിഷബാധയുണ്ടാകാൻ സാധ്യതയുണ്ട്. പാമ്പാടി പൂതക്കുഴിയിൽ തെരുവ് നായ്ക്കളുടെയും കുറുനരികളുടെയും ശല്യം രൂക്ഷമാണ്. കുറുനരികളും തെരുവുനായ്ക്കളും തമ്മിലുള്ള സംഘർഷം ഇവിടെ നിത്യസംഭവമാണ്.
റബ്കോ ഫാക്ടറിക്ക് സമീപം എക്കറുകണക്കിന് സ്ഥലത്ത് ഫാക്ടറി മാലിന്യം അലക്ഷ്യമായി തള്ളിയ പ്രദേശത്താണ് ഇവ വിഹരിക്കുന്നത്. വളർത്തുകോഴികളെ കുറുനരികളും തെരുവുനായ്ക്കളും കൊന്ന് ഭക്ഷിക്കുന്നത് നിത്യസംഭവമാണ്. ഇവ തമ്മിലുള്ള ഏറ്റുമുട്ടലുകളും പ്രദേശവാസികൾക്ക് തലവേദന സൃഷ്ടിക്കുകയാണ്. മാലിന്യക്കൂനയിൽ നിന്നുള്ള ഭക്ഷണങ്ങളുടെ അവശിഷ്ടങ്ങൾ ഭക്ഷിക്കുന്നതിനായി എത്തുന്ന തെരുവുനായ്ക്കളും കുറുനരികളും ഏറ്റുമുട്ടലിൽ ഇവക്ക് പേവിഷബാധ ഉണ്ടായതായും സംശയിക്കപ്പെടുന്നുണ്ട്. പേവിഷബാധയേറ്റ തെരുവുനായ പ്രദേശത്ത് ഭീഷണി ഉയർത്തുന്നതായും പരാതിയുണ്ട്.
പൊതുപ്രദേശങ്ങളിൽ അലഞ്ഞുനടക്കുന്ന നായ്ക്കളെ പിടികൂടാനോ കൊല്ലാനോ അധികൃതർ തയാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, പിടിച്ചു കൂട്ടിലടച്ച് നിരീക്ഷിച്ച് ഉറപ്പുവരുത്തിയതിന് ശേഷമേ കൊല്ലാൻ സാധിക്കൂ എന്നാണ് ഉദ്യോഗസ്ഥരുടെ നിലപാടെന്നാണ് ആക്ഷേപം. എത്ര നായ്ക്കൾക്കാണ് പേവിഷബാധ ഏറ്റതായി ആർക്കും ധാരണയുമില്ല. ഇതോടെ മേഖലയിൽ റബർ ടാപ്പിങ് ഉൾപ്പെടെ നിലച്ചു. പേവിഷ ബാധ ഏറതായി സംശയിക്കപ്പെടുന്ന തെരുവുനായ് പുറത്ത് അലഞ്ഞു നടക്കുന്നതിനാൽ ആട്, പശു തുടങ്ങിയവയെ വളർത്തുന്ന കർഷകരും ഭീതിയിലാണ്.
കഴിഞ്ഞയാഴ്ച മാഞ്ഞൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി വളർത്ത് നായ്ക്കൾക്കും രണ്ട് പശുക്കൾക്കും ഒര കിടാവിനും കടിയേറ്റിരുന്നു. പ്രദേശത്ത് ഭീതിവിതച്ച തെരുവുനായെ പട്ടിപിടുത്തക്കാരെ എത്തിച്ച് പിടികൂടിയെങ്കിലും നായ് ചത്തു. തുടർന്ന് നായയെ തിരുവല്ല വെറ്ററിനറി ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തുകയും പരിശോധനാഫലത്തിൽ പേവിഷബാധയുള്ളതായും കണ്ടെത്തിയിരുന്നു. തുടർന്ന് കടിയേറ്റ പശുക്കളെയും വളർത്തുനായ്ക്കളെയും മാഞ്ഞൂർ വെറ്ററിനറി ഡോക്ടർ എത്തി പ്രതിരോധ കുത്തിവെപ്പ് എടുത്തി. മൃഗങ്ങളുമായി സമ്പർക്കമുണ്ടായിരുന്നവരും കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ നിന്നും കുത്തിവെപ്പ് എടുത്തു. ചത്ത തെരുവുനായിൽനിന്നും സമ്പർക്കമുണ്ടായ മൃഗങ്ങൾക്കും പേവിഷബാധ സംശയിക്കുന്നതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്.
ജാഗ്രത വേണം ജീവികളോട്
സംശയസാഹചര്യത്തില്‍ കാണപ്പെടുന്ന ജീവികളുടെ ജഡം സംസ്കരിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മൃഗഡോക്ടര്‍മാര്‍ ജാഗ്രത നല്കുന്നു. കൈകാലുകള്‍കൊണ്ട് ജഡം സ്പര്‍ശിക്കാന്‍ പാടില്ല. കൈയുറയും മാസ്കും ധരിച്ച് ആഴത്തില്‍ കുഴിയെടുത്ത് തൂമ്പ പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചു വലിച്ചുമാറ്റി കുഴിയില്‍ മൂടുക.
വളര്‍ത്ത് നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും ആറുമാസം ഇടവിട്ട് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കണം. ഇവയുടെ ആക്രമണം മാത്രമല്ല, രോമം, ദ്രവം എന്നിവ പേവിഷബാധക്ക് കാരണമാകും. നാട്ടിലേക്കിറങ്ങുന്ന മൃഗങ്ങളുടെയോ വളര്‍ത്തുമൃഗങ്ങളുടെയോ കടിയേറ്റാൽ ആശുപത്രിയിലെത്തി പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ വൈകരുത്.
കടിച്ചുകീറും ഭീഷണി
നഗരത്തിൽ പലയിടങ്ങളിലായി തെരുവുനായയുടെ ശല്യംവർധിക്കുകയാണ്. കെ.എസ്.ആർ.ടി.സി, നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങി ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ തെരുവുനായ്ക്കൾ അലഞ്ഞുതിരിഞ്ഞുനടക്കുകയാണ്. മൂലേടത്ത് തെരുവുനായുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റത് കഴിഞ്ഞദിവസമാണ്.
ഇയാൾ ജില്ല ജനറൽ ആശുപത്രിയിൽ ചികിത്സതേടി. മേൽപാലത്തിന് സമീപത്തെ കടയിൽനിന്നും സാധനങ്ങൾ വാങ്ങി തിരികെ പാലത്തിനടിയിലൂടെയുള്ള വഴിയിലൂടെ വീട്ടിലേക്ക് നടക്കുവെയാണ് യുവാവിന് നായുടെ കടിയേറ്റത്. കോട്ടയം നഗരസഭ 31ാം വാർഡിലാണ് സംഭവം.
പ്രദേശത്ത് രാവിലെയും വൈകീട്ടും തെരുവുനായ് ശല്യമേറിയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. വഴിയിലൂടെ നടന്നുപോയ യുവതിയെയും നായ് കടിക്കാൻ ഓടിച്ച സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. കോടിമത ബൈപാസ് റോഡ് അടുത്തുള്ളതിനാൽ പ്രഭാത നടപ്പുകാരേറെയുള്ള പ്രദേശമാണിത്. പ്രദേശത്ത് നായ്ശല്യം കൂടിയതിനെക്കുറിച്ച് നാട്ടകം ജനകീയകൂട്ടായ്മയുടെ നേതൃത്വത്തിൽ കലക്ടർ, നഗരസഭ സെക്രട്ടറി, വാർഡ് കൗൺസിലർ എന്നിവക്കും പരാതി നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.