റെയിൽപാത ഇരട്ടിപ്പിക്കൽ; നാടകീയ രംഗങ്ങൾക്കിടെ കാളിയമ്മൻക്ഷേത്രം ഒഴിപ്പിച്ചു
text_fieldsകോട്ടയം: മണിക്കൂറുകൾ നീണ്ട നാടകീയ രംഗങ്ങൾക്കിടെ റെയിൽപാത ഇരട്ടിപ്പിക്കലിന് കോട്ടയം മുട്ടമ്പലത്തെ കാളിയമ്മൻക്ഷേത്രം ഒഴിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. കലക്ടറും റെയിൽവേ അധികൃതരുമായി നടന്ന ചർച്ചയിൽ ക്ഷേത്രം ഒഴിയാൻ ക്ഷേത്ര പരിപാലന ട്രസ്റ്റ് തയാറായിരുന്നു.
വൈകീട്ട് വൻ പൊലീസ് സംഘം ഒഴിപ്പിക്കാൻ സ്ഥലത്തെത്തി. ഇേതാടെ ക്ഷേത്രം വക സാധനങ്ങളും വിഗ്രഹങ്ങളും മാറ്റാൻ സമയം നൽകണമെന്ന് ട്രസ്റ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു. തുടർന്ന് ഇവ സമീപത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റി. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ ക്ഷേത്രത്തിലെത്തിയിരുന്നു.
വിഗ്രഹം മാറ്റുന്നതിനിടെ സ്ത്രീകൾ കരഞ്ഞും അലമുറയിട്ടും ബഹളം വെച്ചത് ഏറെസമയം സംഘർഷസമാനമായ അവസ്ഥയുണ്ടാക്കി. ആറുമണിയോടെയാണ് സാധനസാമഗ്രികളടക്കം മാറ്റി ക്ഷേത്രം പൂട്ടിയത്. സമീപത്ത് സ്വകാര്യവ്യക്തിയിൽനിന്ന് ട്രസ്റ്റ് മൂന്നുസെൻറ് സ്ഥലം വാങ്ങിയിട്ടുണ്ട്. അവിടേക്ക് ക്ഷേത്രം മാറ്റി സ്ഥാപിക്കാനാണ് തീരുമാനം.
ഡിൈവ.എസ്.പിമാരായ ജെ. സന്തോഷ് കുമാർ, എ.എസ്.പി സുരേഷ് കുമാർ, റെയിൽവേ പൊലീസ്, റവന്യൂ അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമാണ് സ്ഥലത്തുണ്ടായിരുന്നത്. ക്ഷേത്രം നിൽക്കുന്ന 23 സെൻറ് ഒഴികെ സമീപ ഭൂമികൾ റെയിൽപാത ഇരട്ടിപ്പിക്കലിന് ഏറ്റെടുത്തിരുന്നു. തങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയോ പകരം സ്ഥലം നൽകുകയോ ചെയ്യണമെന്നായിരുന്നു വിശ്വാസികളുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് വെള്ളിയാഴ്ച മുതൽ ക്ഷേത്ര പരിപാലന ട്രസ്റ്റിെൻറയും ഹിന്ദു ഐക്യവേദിയുടെയും നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തിയിരുന്നു. ചർച്ച നടത്തുന്നതിന് മുന്നോടിയായാണ് സമരം നിർത്തിയത്. നഗരസഭ പ്രദേശത്തെ ശുചീകരണജോലിക്കായി തമിഴ്നാട്ടിൽനിന്ന് വന്ന അരുന്ധതിയാർ സമുദായക്കാർ 1974 ൽ സ്ഥാപിച്ചതാണ് ക്ഷേത്രം. സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ട്രസ്റ്റ് നേടിയ സ്റ്റേ ഉത്തരവ് കോടതി കഴിഞ്ഞദിവസം നീക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.