റെയിൽവേ ഇരട്ടപ്പാത: സുരക്ഷ പരിശോധന ഇന്ന്
text_fieldsകോട്ടയം: ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെ റെയിൽ ഇരട്ടപ്പാത കമീഷൻ ചെയ്യുന്നതിനുവേണ്ടി സുരക്ഷ പരിശോധനയുടെ ഭാഗമായി മോട്ടോർ ട്രോളി-വേഗ പരിശോധനകൾ തിങ്കളാഴ്ച രാവിലെ 8.30ന് പാറോലിക്കൽ ലെവൽ ക്രോസിൽനിന്ന് തുടങ്ങും. റെയിൽവേ സേഫ്റ്റി കമീഷൻ അഭയകുമാർ റായിയാണ് സുരക്ഷ പരിശോധനക്ക് നേതൃത്വം നൽകുന്നത്. പുതിയ പാതയിലൂടെ ഏഴ് മോട്ടോർ ട്രോളികൾ പരിശോധനക്ക് ഉപയോഗിക്കും. റെയിൽവേ പാലങ്ങളുടെയും ലെവൽ ക്രോസുകളുടെയും ഇലക്ട്രിക്കൽ പോസ്റ്റുകളുടെയും പ്രവർത്തനക്ഷമത പരിശോധന പൂർത്തിയായാൽ ഉച്ചകഴിഞ്ഞ് ചിങ്ങവനം റെയിൽവേ സ്റ്റേഷനിൽ എം.പിയും റെയിൽവേ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന അവലോകന യോഗം നടക്കും. ഉച്ചക്കുശേഷം പാറോലിക്കൽ ലെവൽ ക്രോസിൽനിന്ന് പാതയിലൂടെ 110 കിലോമീറ്റർ വേഗതയിൽ രണ്ടുബോഗി ട്രാക്ക് റെക്കോഡിങ് കാർ (ഓക്സിലേഷൻ മോണിറ്ററിങ് സിസ്റ്റം) ഉപയോഗിച്ച് വേഗപരിശോധന നടത്തും. രണ്ടാമത്തെ വേഗ പരിശോധന മുട്ടമ്പലം ലെവൽക്രോസ് മുതൽ ചിങ്ങവനംവരെ നടത്തും.
വൈകീട്ട് അഞ്ചിന് വേഗ പരിശോധന പൂർത്തിയാക്കും. 28ന് മുമ്പ് ഏറ്റുമാനൂർ, കോട്ടയം സ്റ്റേഷനുകളിലെ ലിങ്ക് കണക്ട് ചെയ്യും. ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെ ഇരട്ടപ്പാതക്ക് അംഗീകാരം ലഭിക്കുകയും കമീഷനിങ് നടപടി പൂർത്തിയാക്കുകയും ചെയ്യും. രണ്ട്, മൂന്ന്, നാല്, അഞ്ച് പ്ലാറ്റ്ഫോമുകൾ 28നകവും ഒന്ന്, ഒന്ന് എ പ്ലാറ്റ്ഫോമുകൾ മൂന്നാഴ്ചകൾക്കുശേഷവും പ്രവർത്തനക്ഷമമാകും. കോട്ടയംവഴി വടക്കോട്ട് പോകുന്ന എല്ലാ ട്രെയിനുകൾക്കുമായി ഒന്നാംനമ്പർ പ്ലാറ്റ്ഫോം 745 മീറ്ററായി നീട്ടിയിട്ടുണ്ട്.
കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന ട്രെയിനുകൾക്ക് ഒന്ന് എ പ്ലാറ്റ്ഫോമിന് 321 മീറ്റർ നീളമുണ്ട്. ചരക്ക് ഗതാഗതത്തിനായി മാത്രമുപയോഗിക്കുന്ന ആറാം നമ്പർ പ്ലാറ്റ്ഫോം ഉൾപ്പെടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഏഴു പ്ലാറ്റ്ഫോമുകൾ ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.