റെയിൽപാത സ്ഥലമെടുപ്പ്: നഷ്ടപരിഹാരം മൂന്നര ഇരട്ടിയോളം ഉയർത്തി അതോറിറ്റി
text_fieldsകോട്ടയം: റെയിൽപാത ഇരട്ടിപ്പിക്കലിന് മുട്ടമ്പലം വില്ലേജിൽ ഏറ്റെടുത്ത ‘എ’ കാറ്റഗറി സ്ഥലങ്ങളുടെ നഷ്ടപരിഹാരം മൂന്നര ഇരട്ടിയോളം ഉയർത്തി ലാൻഡ് അക്വിസിഷൻ റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് അതോറിറ്റി (അഡീഷനൽ ജില്ല ജഡ്ജി സ്പെഷൽ) ഉത്തരവ്.
‘ദ റൈറ്റ് ടു ഫെയർ കോമ്പൻസേഷൻ ആൻഡ് ട്രാൻസ്പരൻസി ഇൻ ലാൻഡ് അക്വിസിഷൻ, റീ ഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് ആക്ട്- 2013 പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധിയാണിത്.
നാഷനൽ ഹൈവേ 183നോടു ചേർന്നുള്ള അലക്സാണ്ടർ പള്ളിവാതുക്കലിന്റെയും നാഗമ്പടം ഗുഡ്സ് ഷെഡ്റോഡിനോടു ചേർന്നുള്ള വിജയപുരം രൂപതയുടെയും വസ്തുക്കളുടെ അവാർഡിൻമേലുള്ള റഫറൻസ് അപേക്ഷകൾ തീർപ്പാക്കിയാണ് ഉത്തരവ്. അലക്സാണ്ടറുടെ 10.76 ആർ. വസ്തു പാത ഇരട്ടിപ്പിക്കലിന് 2019ലാണ് ഏറ്റെടുത്തത്. ആറൊന്നിന് 13,80,813 രൂപയാണു കമ്പോള വില നിശ്ചയിച്ചിരുന്നത്. നോട്ടിഫിക്കേഷൻ തീയതിക്കു പിറകോട്ടുള്ള മൂന്നുവർഷത്തെ ആധാരങ്ങളിൽ ഏറ്റവും വില കൂടിയ എട്ട് ആധാരങ്ങളിൽനിന്ന് നാലെണ്ണത്തിന്റെ ശരാശരി വില കണക്കാക്കിയാണ് ഈ തുക കണ്ടെത്തിയത്. എന്നാൽ, ഹരജിക്കാർ ഈ ആധാരങ്ങൾക്കുമേൽ ആറിന് 66 ലക്ഷം മുതൽ 14ലക്ഷം വരെയുള്ള 16 ആധാരങ്ങൾ ഹാജരാക്കുകയുണ്ടായി. അതിൽ എട്ട് ആധാരങ്ങളുടെ ശരാശരി വില കണക്കാക്കി കമ്പോള വില ആറൊന്നിന് 47,68,000 രൂപയായി അതോറിറ്റി ഉയർത്തി.
സ്ഥലമേറ്റെടുപ്പിനെ തുടർന്ന് അലക്സാണ്ടറുടെ ബാക്കി വന്ന 24.65 ആർ സ്ഥലത്തിനുണ്ടായ മൂല്യശോഷണം പരിഗണിച്ച് ഒരു കോടി പതിനേഴു ലക്ഷം രൂപ നഷ്ടപരിഹാരവും അനുവദിച്ചു.
40 മീറ്റർ വീതിയിൽ എൻ.എച്ചിനു സമീപമുണ്ടായിരുന്ന വസ്തു 15 മീറ്റർ മാത്രം വീതിയാവുകയും ബാക്കി സ്ഥലം ഏതാണ്ട് ത്രികോണ ആകൃതിയിലാവുകയും ചെയ്തിരുന്നു. വിജയപുരം രൂപതയുടെ നാഗമ്പടത്തുള്ള 7.3 ആർ ഭൂമിയാണ് ഏറ്റെടുത്തത്. ഉയർത്തിയ തുകകൾക്ക് 100 ശതമാനം സൊലേഷ്യവും തുക കിട്ടുന്നതുവരെ 15 ശതമാനം പലിശയും ലഭിക്കും. വിധി പ്രകാരം അലക്സാണ്ടറിന് 12.53 കോടി ലക്ഷവും വിജയപുരം രൂപതക്ക് അഞ്ചുകോടിയും അധികം ലഭിക്കും. 2011 മേയ് 10നാണ് സ്ഥലമെടുപ്പിന് ആദ്യനോട്ടിഫിക്കേഷൻ വന്നത്. 2012ൽ തന്നെ സ്ഥലം കല്ലിട്ട് റെയിൽവേ വസ്തുവായി തിരിച്ചു. അന്നുമുതൽ ഈ ഭൂമിയിൽ ക്രയവിക്രയം നടത്താനോ െകട്ടിടങ്ങൾ പണിയാനോ കഴിഞ്ഞിരുന്നില്ല. അതിനാൽ 2011 മുതൽ 12 ശതമാനം കൂടുതൽ തുക നൽകണമെന്നുള്ള ഹരജിക്കാരുടെ വാദം അതോറിറ്റി അംഗീകരിച്ചില്ല. ഏറ്റെടുത്ത വസ്തുവിന് റെയിൽവേ മൂല്യത്തകർച്ച കണക്കാക്കിയതും അതോറിറ്റി ശരിവെച്ചു. ഇതു രണ്ടും ശരിയല്ല എന്നു ചൂണ്ടിക്കാട്ടി ഹൈകോടതിയിൽ അപ്പീൽ ഫയൽചെയ്യുമെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ അഡ്വ. സക്കീർ ഹുസൈൻ, എ. സുനിത എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.