മഴ മലയോരമേഖലക്ക് നേരിയ ആശ്വാസം
text_fieldsകോട്ടയം: കനത്ത മഴ മാറിനിന്നത് ജില്ലയുടെ മലയോരമേഖലക്ക് ആശ്വാസമായെങ്കിലും പടിഞ്ഞാറൻ പ്രദേശങ്ങൾ പ്രളയഭീതിയിൽ. കിഴക്കൻ ജലം വലിയതോതിൽ ഒഴുകിയെത്തുന്നതാണ് പടിഞ്ഞാറിന് ആശങ്കയാകുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി.
പല ഇടറോഡുകളിലും വെള്ളം കയറി. വലിയതോതിൽ കൃഷിയിടങ്ങളിലും പ്രളയജലം നിറഞ്ഞിരിക്കുകയാണ്. ജലപ്രവാഹം തുടർന്നാൽ കൂടുതൽ വീടുകളും റോഡുകളും വെള്ളത്തിലാകുമെന്ന് നാട്ടുകാർ പറയുന്നു. മീനച്ചിലാർ കരകവിഞ്ഞൊഴുകുന്നത് ഇവരുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നുമുണ്ട്.
നദി നിറഞ്ഞൊഴുകി നിരവധി സ്ഥലങ്ങളിൽ വെള്ളംകയറി. മീനച്ചിലാറിനോട് ചേർന്ന് കിടക്കുന്ന ഇടറോഡുകളെല്ലാം വെള്ളത്തിലാണ്. അയർക്കുന്നതും അറുമാനൂരിലും നിരവധി വീടുകളിൽ വെള്ളംകയറി. റോഡുകളും മുങ്ങി. അറുമാനൂരിൽ വീടുകളിൽ കുടുങ്ങിയവരെ കോട്ടയത്തുനിന്ന് അഗ്നിരക്ഷാസേനയെത്തി ക്യാമ്പുകളിലേക്ക് മാറ്റി.
കുമരകം റോഡിൽ ഇല്ലിക്കൽ കവലയിലും അറുപുറയിലും ജലം നിറഞ്ഞത് ഗതാഗതം ദുഷ്കരമാക്കി. ഇല്ലിക്കലിൽ കടകളിലും വെള്ളം കയറി. താഴത്തങ്ങാടി, കുമ്മനം, കാഞ്ഞിരം, അമ്പൂരം എന്നിവിടങ്ങളിലെ ചെറിയ റോഡുകളെല്ലാം വെള്ളത്തിലാണ്. ഒറ്റപ്പെട വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. നട്ടാശ്ശേരി, സംക്രാന്തി മേഖലകളും പ്രളയഭീതിയിലാണ്. സംക്രാന്തി- മാലി റോഡിൽ വെള്ളംകയറി. നട്ടാശ്ശേരിയിൽ താഴ്ന്ന പ്രദേശങ്ങളിലെ പല വീടുകളും വെള്ളത്തിലാണ്.
അതേസമയം, കനത്ത മഴ മാറിനിന്നതിനാൽ പാലാ നഗരത്തിൽനിന്ന് ജലം ഇറങ്ങി. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽനിന്നും വെള്ളം ഒഴുകിമാറി. ചൊവാഴ്ചയെ അപേക്ഷിച്ച് ശക്തികുറഞ്ഞെങ്കിലും ബുധനാഴ്ച ജില്ലയുടെ എല്ലാ ഭാഗങ്ങളിലും കാലവർഷസമാനമായി ചെറുമഴ പെയ്തിറങ്ങി.
ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ
കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 17 ആയി. ചൊവാഴ്ച 11 ക്യാമ്പുകൾ തുറന്നിരുന്നു. ബുധനാഴ്ച ആറെണ്ണം കൂടി ആരംഭിച്ചു. ഇവയിൽ 103 കുടുംബങ്ങളിലെ 398 പേരാണുള്ളത്.
കോട്ടയം താലൂക്ക്- 12, മീനച്ചിൽ- നാല്, വൈക്കം-ഒന്ന് എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം. 156 പുരുഷൻമാരും 152 സ്ത്രീകളും 90 കുട്ടികളും സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയുന്നു. ക്യാമ്പുകളിൽ ആരോഗ്യവകുപ്പിന്റെയടക്കം സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
കോട്ടയം കാരാപ്പുഴ ജി.വി.എച്ച്.എസ്.എസ്., ചാലുകുന്ന് സി.എം.എസ്. എച്ച്.എസ്.എസ്., ഏറ്റുമാനൂർ ഗവ. ബോയ്സ് എച്ച്.എസ്, മാടപ്പാട് ശിശു വിഹാർ, അയർക്കുന്നം പുന്നത്തറ സെന്റ് ജോസഫ്സ് എൽ.പി.എസ്, കിളിരൂർ ഗവ. യു.പി.എസ്, പെരുമ്പായിക്കാട് എസ്.എൻ. എൽ.പി.എസ്, പെരുമ്പായിക്കാട് സെന്റ് മേരീസ് പാരിഷ് ഹാൾ, പുതുപ്പള്ളി കൈതേപ്പാലം ഗവ. ആശുപത്രി, മണർകാട് ഇൻഫന്റ് ജീസസ് എച്ച്.എസ്, വടവാതൂർ ജി.എച്ച്.എസ്, കടപ്പാട്ടൂർ എൻ.എസ്.എസ്. ഓഡിറ്റോറിയം, പുലിയന്നൂർ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്, ളാലം ചാവറ പബ്ലിക് സ്കൂൾ, അമ്പാറനിരപ്പേൽ സെന്റ് ജോർജ് എച്ച്.എസ്., കുറുപ്പന്തറ വി.എൽ. തോമസ് കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ രണ്ടു കോടിയോളം രൂപയുടെ നാശനഷ്ടം
ഈരാറ്റുപേട്ട: ചൊവ്വാഴ്ച ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വിവിധ പഞ്ചായത്തുകളിൽ രണ്ട് കോടിയോളം രൂപയുടെ നാശനഷ്ടം. പൊതുമരാമത്ത്, പഞ്ചായത്ത് റോഡ്, വീട്, വാഹനം, കടകൾ ഉൾപ്പടെ ഒരുകോടി എഴുപത് ലക്ഷവും 30 ലക്ഷത്തോളം രൂപയുടെ കൃഷി നാശവും ഉണ്ടായെന്നാണ് ഏകദേശ കണക്ക്.
മേലുകാവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, തലനാട് വില്ലേജുകളിലാണ് കൂടുതൽ കൃഷി നാശമുണ്ടായത്. മേലുകാവ് വില്ലേജിൽ മാത്രം 2.8 ഹെക്ടർ സ്ഥലത്തായി 25 ലക്ഷത്തോളം രൂപയുടെ കൃഷിനാശം ഉണ്ടായി. മേലുകാവ് പഞ്ചായത്തിലെ ഇടമറുക് ചൊക്കല്ല് മലയിലുണ്ടായ ഉരുൾപൊട്ടിലിലാണ് വ്യാപകമായി കൃഷിനശിച്ചത്.
കൊച്ചുപറമ്പിൽ മുരളീധരൻ നായർ, കാച്ചാലിമലയിൽ ഷാജിമോൻ, ഓടത്തപ്പന്തിയിൽ ടോണി, കിഴക്കേടത്ത് സിബിറ്റ്, പ്ലാക്കുഴിയിൽ മേരിക്കുട്ടി ജോസ്, പടപ്പനാട്ട് അനിൽ, മംഗലത്ത് രാധാകൃഷ്ണൻ, പടപ്പനാട്ട് പത്മനാഭൻ, പടപ്പനാട്ട് ബിജു കുട്ടപ്പൻ എന്നിവരുടെ കൃഷികളാണ് നശിച്ചത്.
പനച്ചിയിൽ അജിത, തൂങ്ങുപാലയിൽ തങ്കച്ചൻ, പൂവേലിൽ ജയകൃഷ്ണൻ, ഒട്ടക്കുട്ടിയങ്കൽ രാജു എന്നവരുടെ വീടുകളിൽ വെള്ളവും മണ്ണും കയറി. ശക്തമായ മഴയെത്തുടർന്ന് രാജീവ് ഗാന്ധി കോളനിയിലെ ഇഞ്ചിമലയിൽ ഗ്രേസിക്കുട്ടിയുടെ വീടിന്റെ സംരക്ഷണഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിലായി.
തലനാട് പഞ്ചായത്തിലെ ചോനമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഉണ്ടായ കല്ലും മരങ്ങളും നടപ്പാലത്തിൽ തടഞ്ഞ് നടപ്പാലം അപകടാവസ്ഥയിലായി. ചോവ്വൂർ താഴെ ഭാഗത്തെ നടപ്പാലത്തിലാണ് ഉരുളിന്റെ ബാക്കി ഭാഗം തട്ടിനിൽക്കുന്നത്. ഇത് അടിയന്തിരമായി നീക്കുന്നതിനാവശ്യമായ നടപടി ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ അറിയിച്ചു. ചേരിപ്പാടുണ്ടായ മണ്ണിടിച്ചിലിൽ പനച്ചിക്കവയലിൽ പി.ഡി. മാത്യുവിന്റെ 50 ലധികം റബർമരങ്ങൾ നശിച്ചു.
പൂഞ്ഞാർ പഞ്ചായത്തിലെ കണ്ടത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഇടികുഴി കണ്ണാനി റോഡ് തകർന്നു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത റോഡ് 300 മീറ്ററോളം പൂർണമായും നശിച്ച് ഗതാഗതയോഗ്യമല്ലാതായി. ഇതോടൊപ്പം ജൽജീവൻ മിഷൻ പദ്ധതിക്കായി പൈപ്പിടുവാൻ എടുത്ത കുഴിയും നശിച്ചു.
പൈപ്പിട്ടുമൂടിയ കുഴിയിലെ മണ്ണ് ശക്തമായ വെള്ളമൊഴുക്കിൽ നഷ്ടപ്പെട്ടതോടെ പൈപ്പിനും റോഡിനും കേടുപാട് സംഭവിച്ചു. ഉരുളെത്തിയ പുളിക്കൽ ബേബിയുടെ നിരവധി റബർ മരങ്ങളും നശിച്ചു. കനത്തമഴയിൽ തിടനാട് പഞ്ചായത്തിലെ മൂന്നാംതോട് ചെരിവുപുരയിടത്തിൽ ശിവന്റെ വീട്ടിൽ വെള്ളംകയറി നാശനഷ്ടമുണ്ടായി. വീട് ഉപകരണങ്ങൾ ഉൾപ്പെടെ ഒഴുകിപ്പോയി.
താഴത്തങ്ങാടി ആറ്റിൻതീരത്തെ റോഡും വീടുകളും അപകടാവസ്ഥയിൽ; തുടർനടപടികൾ ആലോചിക്കാൻ വെള്ളിയാഴ്ച യോഗം
കോട്ടയം: മഴ കനത്ത് കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ താഴത്തങ്ങാടി ആറ്റിൻ തീരത്തെ റോഡും വീടുകളും അപകടാവസ്ഥയിൽ. നിർമാണ പ്രവൃത്തികൾക്കായി മണ്ണെടുത്ത ഭാഗത്ത് തീരമിടിഞ്ഞതാണ് ഭീഷണിയായത്. ജില്ലയിൽ മഴ ശക്തമാവാതിരുന്നതിനാലാണ് ഇതുവരെ അപകടം സംഭവിക്കാതിരുന്നത്. എന്നാൽ, ചൊവ്വാഴ്ച മുതൽ മഴ കനത്തതോടെ ആറ്റിൽ കിഴക്കൻ വെള്ളത്തിന്റെ വരവ് തുടങ്ങി.
വെള്ളം ഇരച്ചെത്തിയാൽ റോഡ് പുഴയെടുക്കും. ഈ പ്രദേശത്ത് മണലാണെന്നതും കോട്ടയം -കുമരകം റോഡിന്റെ അവസ്ഥ കൂടുതൽ ഭീകരമാക്കുന്നു. തീരത്തെ തെങ്ങുകളും ആറ്റിലേക്ക് ചാഞ്ഞു നിൽക്കുകയാണ്. മൂന്നു സ്ഥലത്തായാണ് സംരക്ഷണഭിത്തി കെട്ടാൻ മണ്ണും കല്ലും നീക്കിയത്. മണ്ണുനീക്കിയതോടെ 11 കെ.വി വൈദ്യുതി പോസ്റ്റ് ആറ്റിലേക്ക് ചെരിഞ്ഞു. കമ്പിയിട്ട് പോസ്റ്റ് കെട്ടി നിർത്തിയിരിക്കുകയാണ്.
മണ്ണെടുത്ത ഭാഗത്ത് വീണ്ടും മണ്ണ് നിറക്കുകയും ചെയ്തു. പോസ്റ്റ് മറിഞ്ഞുവീണാൽ വലിയ അപകടം സംഭവിക്കും. മഴക്കൊപ്പം പണി തുടങ്ങിയതാണ് വിനയായത്. തീരത്ത് ബാരിക്കേഡ് വെച്ച് ഗതാഗതം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും രാത്രി അപകടാവസ്ഥ അറിയാതെ എത്തുന്നവർ അപകടത്തിൽപെടാൻ സാധ്യതയേറെയാണ്. ആറ്റിൽ വെള്ളം ഉയർന്നാൽ റോഡ് തിരിച്ചറിയാനാവാതെയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.