ഇടവേളക്കുശേഷം വീണ്ടും മഴ; ജില്ലയിൽ കൂടുതൽ കോഴയിലും കുറവ് കാഞ്ഞിരപ്പള്ളിയിലും
text_fieldsകോട്ടയം: ഇടവേളക്കുശേഷം ജില്ലയിൽ മഴ വീണ്ടും സജീവമായി. രണ്ടു ദിവസമായി മലയോര മേഖലകളിലടക്കം മഴ തുടരുകയാണ്.ഞായറാഴ്ച രാത്രി തുടങ്ങിയ കനത്ത മഴ തിങ്കളാഴ്ച രാവിലെവരെ പെയ്തിരുന്നെങ്കിലും പകൽ അൽപം ശമനമുണ്ടായി.
354.2 മില്ലിമീറ്റർ മഴ തിങ്കളാഴ്ച രാവിലെവരെ പെയ്തതായാണ് കണക്ക്. കൂടുതൽ മഴ അളവ് കോഴയിലാണ് രേഖപ്പെടുത്തിയത് (67). കുറവ് കാഞ്ഞിരപ്പള്ളിയിലും (27.6).ഈ മാസം ആദ്യം പെയ്ത ദിവസങ്ങൾ നീണ്ട മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായിരുന്നു.
കനത്ത മഴയിൽ വീടിന് മുകളില്‍ മരംവീണു
കൊക്കയാര്‍: കനത്തമഴയില്‍ വീടിന് മുകളില്‍ മരംവീണു. വീട് ഭാഗികമായി തകര്‍ന്നു.കൊക്കയാര്‍ വെംബ്ലിയില്‍ പത്ര ഏജന്റ് പുളിക്കല്‍ പി.എസ്. അബ്ദുല്‍ കരീമിന്റെ വീടിന് മുകളിലാണ് റബര്‍മരം വീണത്. ഞായറാഴ്ച രാത്രി 11.15ഓടെയായിരുന്നു സംഭവം. വീട്ടുകാര്‍ നല്ല ഉറക്കത്തിലായിരുന്നു. രാവിലെ മുതല്‍ മഴ ശക്തമായിരുന്നു.
രാത്രി കാറ്റോടു കൂടിയ മഴയില്‍ സ്വകാര്യ തോട്ടത്തിലെ റബര്‍മരം ഒടിഞ്ഞ് വീടിന് മുകളില്‍ പതിക്കുകയായിരുന്നു. വീടിന്റെ ടിന്‍ഷീറ്റ് പൂര്‍ണമായി തകര്‍ന്നു. മറ്റു നാശങ്ങളോ ആളപായമോ ഇല്ല. ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു.
മരം കടപുഴകി ഗതാഗത തടസ്സം
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-പാലാ റോഡിൽ അരുവിത്തുറ കോളജ് പടിയിൽ തിങ്കളാഴ്ച രാവിലെയുണ്ടായ കാറ്റിൽ വൻമരം കടപുഴകി മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
ഈരാറ്റുപേട്ട ഫയർഫോഴ്സും നന്മക്കൂട്ടവും ടീം ഏമർജൻസിയും ചേർന്നാണ് മരം വെട്ടി ഗതാഗതം പുനഃസ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.