പടിഞ്ഞാറൻ മേഖലയിൽ ദുരിതംവിതച്ച് മഴ
text_fieldsകോട്ടയം: കിഴക്കൻ വെള്ളവും മഴയും പടിഞ്ഞാറൻ മേഖലയിൽ ദുരിതംവിതക്കുന്നു. കിഴക്കൻ മേഖലയായ ഈരാറ്റുപേട്ട, പാലാ, എന്നിവിടങ്ങളിൽനിന്ന് ഒഴിഞ്ഞ വെള്ളമാണ് ജില്ലയിലെ താഴ്ന്ന പ്രദേശമായ പടിഞ്ഞാറൻ മേഖലയിലേക്ക് ഒഴുകിയെത്തുന്നത്.
വീടുകളിൽ വെള്ളം കയറിയതിനെതുടർന്ന് നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമാറ്റി. അയ്മനം, തിരുവാർപ്പ്, കുമരകം, ഇല്ലിക്കൽ, ചെങ്ങളം, ഇറഞ്ഞാൽ, സംക്രാന്തി, നീലിമംഗലം ഭാഗങ്ങളിലെല്ലാം വെള്ളംകയറി. ഇല്ലിക്കൽ താമരശ്ശേരി കോളനിയിലെ 60 വീടുകളും തിരുവാർപ്പ് മാധവശ്ശേരി കോളനിയിലെ മുപ്പതിലധികം വീടുകൾ വെള്ളത്തിലായി.
കോട്ടയം കല്ലുപുരക്കൽ - 15ൽ കടവ് റോഡിൽ വെള്ളംകയറി. തിരുവാർപ്പ്, ഇല്ലിക്കൽ റോഡിൽ വെള്ളംകയറിയെങ്കിലും ബുധനാഴ്ച ബസുകൾ സർവിസ് നടത്തി. മീനച്ചിലാറ്റിൽ പാലാ ഭാഗത്ത് ജലനിരപ്പ് താഴ്ന്നു. തീക്കോയിയിലും ചേരിപ്പാടും ജലനിരപ്പ് താഴ്ന്നുതന്നെ തുടരുന്നു.
മുന്നറിയിപ്പ് നിരപ്പിലും താഴെയാണ് ജലനിരപ്പ്. എന്നാൽ, പേരൂർ, നീലിമംഗലം, നാഗമ്പടം എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനിരപ്പിന് മുകളിലാണ്. തിരുവാർപ്പിലും കരിമ്പിൻകാലാക്കടവിലും വെള്ളം ഉയരുന്നു. മുണ്ടക്കയത്തും മണിമലയിലും ജലനിരപ്പ് ഉയരുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴയുണ്ടെങ്കിലും തീവ്രമല്ല. കോട്ടയം താലൂക്കിൽ തിരുവാർപ്പ്, പെരുമ്പായിക്കാട്, മുട്ടമ്പലം, അയർക്കുന്നം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ ക്യാമ്പ് തുറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.