വെള്ളം ഇറങ്ങിത്തുടങ്ങി; വെല്ലുവിളിയായി മാലിന്യം
text_fieldsകോട്ടയം: വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും പടിഞ്ഞാറന്‍ നിവാസികൾക്ക് വെല്ലുവിളിയായി മാലിന്യം. മൂന്നുദിവസമായി തിരുവാര്‍പ്പ്, അയ്മനം, കുമരകം എന്നീ പഞ്ചായത്തുകളുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടയിലാണ്. വെള്ളം ഇറങ്ങുന്നുണ്ടെങ്കിലും വേഗമില്ലാത്തതിനാൽ പ്രദേശവാസികളുടെ ദുരിതം അവസാനിച്ചിട്ടില്ല.
വെള്ളത്തിനൊപ്പമെത്തിയ പ്ലാസ്റ്റിക് മാലിന്യമാണ് ഇപ്പോൾ ഇവരെ ഏറെ ബുദ്ധിമുട്ടിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം ചത്ത മൃഗങ്ങള്‍, പക്ഷികള്‍, വിഷപ്പാമ്പുകള്‍ എന്നിവയും ഒഴുകിയെത്തുന്നുണ്ട്. ഈ മാലിന്യം പാലങ്ങളുടെ തൂണുകളിലും വെള്ളക്കെട്ടിലും കെട്ടിക്കിടക്കുന്ന നിലയിലാണ്. അടുത്തദിവസങ്ങളിൽ ഇവയിൽനിന്ന് ദുര്‍ഗന്ധം വമിക്കാൻ ആരംഭിക്കുന്നതോടെ ദുരിതം വർധിക്കും.
ചെങ്ങളം കടത്തുകടവ് പാലം, അറുപറ, താഴത്തങ്ങാടി തുടങ്ങിയ പാലങ്ങളിലും മാലിന്യം കെട്ടിക്കിടക്കുകയാണ്. താഴത്തങ്ങാടി പാലത്തിന്റെ തൂണുകളില്‍ കഴിഞ്ഞ വെള്ളപ്പൊക്കക്കാലത്ത് അടിഞ്ഞുകൂടിയ മാലിന്യം മാസങ്ങള്‍ക്കുശേഷം പ്രദേശത്തെ യുവജനങ്ങളാണ് നീക്കിയത്.
വെള്ളം ഇറങ്ങിയതോടെ, പടിഞ്ഞാറന്‍ മേഖലയിലെ റോഡുകളുടെ നാശം പൂര്‍ണമായിരിക്കുകയാണ്. റോഡിൽ നിറയെ കുഴികളായിരിക്കുകയാണ്. കുഴികളില്‍ വെള്ളം നിറഞ്ഞുകിടക്കുന്നതിനാല്‍ അപകടങ്ങളും വര്‍ധിക്കുകയാണ്.
നെല്‍കര്‍ഷകരുടെ ദുരിതമാണ് അവസാനിക്കാതെ തുടരുന്നത്. പുഞ്ചക്കായി ഒരുങ്ങുന്നവരും വിരിപ്പു കൃഷിക്കാരുമെല്ലാം വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലാണ്. മട വീഴുമോയെന്ന ആശങ്കയും പൂർണമായി നീങ്ങിയിട്ടില്ല. പുഞ്ചകൃഷിക്കായി ഇനി വീണ്ടും പാടം ഉഴുതുമറിക്കേണ്ട അവസ്ഥയിലാണ്. മഴ ഇനിയും പെയ്താല്‍ വിരിപ്പു കൃഷിയുടെ വിളവെടുപ്പും അവതാളത്തിലാകുമെന്ന് കർഷകർ പറയുന്നു. തുലാവര്‍ഷം കനക്കുമെന്ന മുന്നറിയിപ്പ് ഇവരുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.