മീനച്ചിലാറിൽ മഴമാപിനികൾ സ്ഥാപിക്കുന്നു; വാഗമൺ മുതൽ കുമരകം വരെ മുപ്പതോളം മഴമാപിനികൾ
text_fieldsഈരാറ്റുപേട്ട: മീനച്ചിലാറിെൻറ വൃഷ്ടി പ്രദേശങ്ങളിലും ഈരാറ്റുപേട്ടയിലും മഴമാപിനിയും മീനച്ചിലാറ്റിൽ ജലനിരപ്പ് അടയാളപ്പെടുത്തുന്ന സ്‌കെയിലും സ്ഥാപിക്കാനൊരുങ്ങി മീനച്ചിൽ നദീ സംരക്ഷണസമിതി.
ആദ്യഘട്ടമെന്ന നിലയിൽ ഭരണങ്ങാനത്ത് മഴമാപിനി സ്ഥാപിച്ചു. മീനച്ചിൽ തഹസിൽദാർ എം. അഷ്‌റഫ് ഉദ്ഘാടനം നിർവഹിച്ചു. നദീസംരക്ഷണസമിതി പ്രസിഡൻറ് പ്രഫ. എസ്. രാമചന്ദ്രൻ, സി. റോസ് വൈപ്പന, എബി ഇമ്മാനുവൽ, മനോജ് മാത്യു പാലാക്കാരൻ, സാബു, ഫാ. സിബി പാറടിയിൽ, ഫാ. പ്രിൻസ്, റോയി മാന്തോട്ടം, ജോണി തോപ്പിൽ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലയിലെ കിഴക്കൻ ഭാഗങ്ങളിൽ മഴ ശക്തിപ്പെടുമ്പോൾ പടിഞ്ഞാറൻ പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാകും. മഴയുടെ അളവും മീനച്ചിലാറ്റിലെ ജലനിരപ്പും കൃത്യമായി നൽകാനാവാതെ കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതിനെ മറികടക്കാനാണ് മഴമാപിനിയും സ്‌കെയിലും എന്ന ആശയവുമായി സമിതി മുന്നിട്ടിറങ്ങിയത്. സമിതി നേതൃത്വം നൽകുന്ന സേവ് മീനച്ചിലാർ വാട്ട്സ്ആപ് ഗ്രൂപ്പിലെ അംഗങ്ങൾ മഴമാപിനികൾ സ്‌പോൺസർ ചെയ്ത് പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
മുൻ വർഷങ്ങളിലുണ്ടായ പ്രളയത്തിൽ സേവ് മീനച്ചിലാർ വാട്ട്സ്ആപ് ഗ്രൂപ്പിെൻറ നേതൃത്വത്തിൽ നടത്തിയ നിരീക്ഷണങ്ങളും ശ്രദ്ധയാകർഷിച്ചിരുന്നു. ഇത് കൂടുതൽ കാര്യക്ഷമമാക്കുന്നതിെൻറ ഭാഗമായാണ് പുതിയ തീരുമാനം. ജില്ലയിൽ കാഞ്ഞിരപ്പള്ളി, കോട്ടയം, കുമരകം, വൈക്കം, കോഴ എന്നിവിടങ്ങളിൽ മാത്രമാണ് കാലാവസ്ഥ വകുപ്പിെൻറ മഴമാപിനികളുള്ളത്. കുമരകം, പാലാ, വാഗമൺ, അടിവാരം, പെരിങ്ങുളം, മലയിഞ്ചിപ്പാറ, പൂഞ്ഞാർ, ഈരാറ്റുപേട്ട, തീക്കോയി, പ്ലാശനാൽ, കടനാട്, വലവൂർ, കിടങ്ങൂർ, അമ്മഞ്ചേരി എന്നിവിടങ്ങളിൽ ഒരാഴ്ചക്കുള്ളിൽ മഴമാപിനികൾ സ്ഥാപിക്കും. ഇതിന് സമാന്തരമായിത്തന്നെ ജലനിരപ്പ് സ്കെയിലുകൾ വെക്കുന്ന പ്രവർത്തനങ്ങളും നടത്തും. വാഗമൺ മുതൽ കുമരകം വരെ സമിതി മുപ്പതോളം മഴമാപിനികൾ വാങ്ങി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.