മഴക്കെടുതി; ദുരിതപ്പെയ്ത്തിൽ പലായനം
text_fieldsകോട്ടയം: തുടർച്ചയായ ശമനമില്ലാത്ത ദുരിതപ്പെയ്ത്തിൽ കുടുംബങ്ങൾ കൂട്ടപ്പലായനത്തിൽ. ജില്ലയിലെ പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വീടുകളിലും പുരയിടങ്ങളിലും വെള്ളം നിറഞ്ഞു. അയർക്കുന്നം, കൊശമറ്റം, കാരാപ്പുഴ എന്നിവിടങ്ങളിലാണ് മീനച്ചിൽ, മീനന്തറ, മണിമലയാറുകളിൽനിന്നുള്ള പെയ്ത്തുവെള്ളത്തിന്റെ വരവോടെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളംകയറിയത്. മുൻവർഷങ്ങളെന്ന പോലെ ഈ വർഷവും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള പലായനത്തിലാണ് കൊശമറ്റം കോളനിയിലെ കുടുംബങ്ങൾ.
വിജയപുരം പഞ്ചായത്തിലെ കൊശമറ്റം കോളനിയിലെ 130ഓളം കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചത്. കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലേക്കാണ് ഇവരെ മാറ്റിയത്. വ്യാഴാഴ്ച പുലർച്ചയോടെയാണ് വീടുകളിൽ വെള്ളം കയറിത്തുടങ്ങിയത്. റേഷൻകട, അംഗൻവാടി, കടകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളും വെള്ളത്തിലായി.
ഉടൻ വിവരം അധികൃതരെ അറിയിക്കുകയും പത്തരയോടെ പഞ്ചായത്ത് സജ്ജമാക്കിയ കോട്ടയം ഡിപ്പോയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസിൽ കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. കൊച്ചുകുട്ടികൾ മുതൽ വയോധികർ വരെയുള്ള സംഘമാണ് ബന്ധുവീടുകളിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറിയത്. ശക്തമായ ഒഴുക്കിൽ മിക്ക വീടുകളിലും വെള്ളംകയറി.
അയർക്കുന്നം പുന്നത്തുറയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ഒറ്റപ്പെട്ട കുടുംബത്തെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ റബർ ഡിങ്കി ഉപയോഗിച്ചാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്ന് ഇറഞ്ഞാൽ, മൂന്നാനി, തിരുവഞ്ചൂർ, നാഗമ്പടം, പേരൂർ, ആമ്പക്കുഴി, വളയംകണ്ടം, മണര്കാട്, കുമ്മനം തുടങ്ങിയ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.
ഓടകളിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് സുഗമമല്ലാത്തതിനെ തുടർന്ന് കെ.കെ റോഡ്, കാളച്ചന്ത ഭാഗങ്ങളിൽ കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. കൊടൂരാറിലെ വെള്ളപ്പൊക്കത്തെ തുടർന്ന് സമീപത്തെ കോടിമത പച്ചക്കറി മാർക്കറ്റിൽ വെള്ളംകയറി. കടയുടമകൾ സംഭരിച്ചിരുന്ന പച്ചക്കറികൾ ഭൂരിഭാഗവും വെള്ളംകയറി നശിച്ചു. ഉയർത്തിവെച്ച തട്ടിൽ സൂക്ഷിച്ചിരുന്ന പച്ചക്കറികളാണ് വെള്ളപ്പൊക്കത്തിൽ നശിച്ചത്.
ഇല്ലിക്കൽ ജങ്ഷനിൽ വെള്ളം കയറിയതോടെ സമീപത്തെ കടകളിലും വെള്ളംകയറി. കൂടാതെ, ചുരുക്കം ചില ബസുകൾ മാത്രമാണ് സർവിസ് നടത്തുന്നത്. കഴിഞ്ഞദിവസം വെള്ളം കയറിയ മണിപ്പുഴ-ഈരയിൽ കടവ് ബൈപാസിൽ വെള്ളം കൂടി. ചുങ്കം, പഴയ സെമിനാരി ഭാഗങ്ങളിലും റോഡിലും ജലനിരപ്പ് ഉയർന്നു. എല്ലാ വർഷവും വെള്ളം കയറുന്ന വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിൽ വ്യാഴാഴ്ച രാവിലെയോടെ വെള്ളം കയറി. ഇതോടെ രാവിലത്തെ പൂജകൾക്ക് ശേഷം ക്ഷേത്രം അടച്ചിട്ടു.
പനച്ചിക്കാട് പഞ്ചായത്തിലെ കുഴിക്കാട്ട് കോളനിയിലും വെള്ളം ഉയർന്നതിനാൽ പ്രദേശവാസികളെ ചിങ്ങവനം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. നഗരസഭയിലെ അറക്കൽചിറ, വരമ്പിനകം, വാലയിൽകടവ് പ്രദേശങ്ങളിലും വെള്ളംകയറി. വ്യാഴാഴ്ച മഴക്ക് നേരിയ ശമനം ഉണ്ടായെങ്കിലും ഭൂരിഭാഗം പ്രദേശവും വെള്ളക്കെട്ടിലാണ്.
ജില്ലയിൽ 57 ദുരിതാശ്വാസ ക്യാമ്പ്
കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ 57 ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കോട്ടയം താലൂക്ക് - 47, ചങ്ങനാശ്ശേരി താലൂക്ക് - ഏഴ്, മീനച്ചിൽ - മൂന്ന് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 460 കുടുംബങ്ങളിലെ 1450 പേർ വിവിധ ക്യാമ്പിലുണ്ട്. ഇതിൽ 586 പുരുഷന്മാരും 613 സ്ത്രീകളും 251 കുട്ടികളുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.