രാജധാനി കെട്ടിടം; അനധികൃത നിർമാണങ്ങൾ മുനിസിപ്പാലിറ്റിയുടെ അറിവോടെ
text_fieldsകോട്ടയം: തിരുനക്കരയിലെ രാജധാനി ബാർ ഹോട്ടൽ കെട്ടിടത്തിലെ അനധികൃത നിർമാണങ്ങളെല്ലാം മുനിസിപ്പാലിറ്റിയുടെ അനുവാദത്തോടെ. നിയമം ലംഘിച്ച് നടത്തുന്ന നിർമാണപ്രവൃത്തികളെക്കുറിച്ച് കഴിഞ്ഞ കൗൺസിൽ കാലത്ത് ഉദ്യോഗസ്ഥർ പലപ്പോഴായി റിപ്പോർട്ട് ചെയ്തിട്ടും മുനിസിപ്പാലിറ്റി അനങ്ങിയില്ല. നിയമം ലംഘിച്ചു നടത്തിയ നിർമാണങ്ങൾ സാധൂകരിക്കുകയാണ് കൗൺസിൽ തീരുമാനപ്രകാരം രൂപവത്കരിച്ച ഉപസമിതിയും ചെയ്തത്. 2019-20 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
നഗര ഹൃദയത്തിൽ കോടികൾ വില വരുന്ന മുനിസിപ്പാലിറ്റിയുടെ ഭൂമിയിൽ ചട്ടങ്ങൾ ലംഘിച്ച് ത്രീ സ്റ്റാർ ബാർ ഹോട്ടൽ തുടങ്ങാനുള്ള എല്ലാ ആനുകൂല്യങ്ങളും ചെയ്തുകൊടുത്തതായാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്.
നിയമലംഘനങ്ങൾ അക്കമിട്ടു നിരത്തിയിട്ടും ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്യാനോ പരിഹാരമാർഗങ്ങൾ തേടാനോ നഗരസഭ തയാറായിട്ടില്ല. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും സർക്കാർ തലത്തിൽ അന്വേഷണം വേണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
2018 ൽ വിവിധ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്ത 12 നിയമലംഘനങ്ങളാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. രണ്ടു നിലകെട്ടിടം മോടിപിടിപ്പിക്കാനാണ് വാടകക്കാരന് അനുമതി നൽകിയിരുന്നത്. എന്നാൽ, ഇതിന്റെ മറവിൽ മുകൾനില പണിയുകയാണ് ചെയ്തത്. കെട്ടിടത്തിലെ മുറികൾക്ക് രൂപമാറ്റം വരുത്തുകയും ലിഫ്റ്റ് സ്ഥാപിക്കുകയും ചെയ്തു.
അപകടകരമായ രീതിയിൽ മണ്ണെടുത്തതിനാൽ കെട്ടിടത്തിന് ബലക്ഷയം സംഭവിക്കാമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. സ്ഥിരമായി മുനിസിപ്പാലിറ്റിയുടെ നിർദേശങ്ങൾ ലംഘിക്കുന്നതിനാൽ ലൈസൻസ് റദ്ദാക്കാൻ എക്സിക്യൂട്ടിവ് എൻജിനീയറും അസി. എക്സിക്യൂട്ടിവ് എൻജിനീയറും ശിപാർശ ചെയ്തതായും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച നിയമംലംഘനങ്ങൾ
- നിർമാണ അനുമതി ഇല്ലാത്ത ഭാഗത്ത് പ്രധാന കെട്ടിടത്തിൽ മൂന്ന് ജനാലകൾ നിർമിച്ചു. പ്രധാന കെട്ടിടത്തിനുള്ളിൽ വലിയ അളവിൽ മണ്ണെടുത്തുമാറ്റി.
- കെട്ടിടത്തിനകത്തെ 3.80 മീറ്റർ ആഴമുള്ള കുഴി കെട്ടിടത്തിന്റെ ബലത്തെ ബാധിക്കും.
- കെട്ടിടത്തിനകത്ത് ജെ.സി.ബി കൾ കയറ്റി. കെട്ടിടത്തിന്റെ അടിവാരം പുറത്തുകാണാം. കെട്ടിടം അപകടാവസ്ഥയിൽ
- അറ്റകുറ്റപ്പണികൾക്കു നൽകിയ അനുമതി ഉപയോഗിച്ച് അപകടകരമായ പ്രവൃത്തികൾ നടത്തുന്നു.
- നിർമാണച്ചട്ടങ്ങൾ ലംഘിച്ചാണ് പ്രവൃത്തികൾ
- കെട്ടിടം കൂട്ടിച്ചേർത്തെടുത്തപ്പോൾ തൊട്ടടുത്ത ബി.എസ്.എൻ.എൽ കെട്ടിടവുമായുള്ള ദൂരം 1.25 മീറ്റർ മാത്രമാണ്. പാർക്കിങ് ലഭ്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.