ജീവിതം നല്‍കിയ നാടിെൻറ ഓണസമ്മാനം
text_fieldsകോട്ടയം: മൂന്ന് പതിറ്റാണ്ട് മുമ്പ് തൊഴില്‍ തേടിയാണ് തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍നിന്ന് സുടലൈയപ്പനും കുടുംബവും കോട്ടയത്ത് എത്തിയത്. തൊഴിലും ജീവിതവും നല്‍കിയ നാട്ടില്‍ ഇക്കുറി അദ്ദേഹത്തിെൻറ മകന്‍ രാജീവിന് വിലപ്പെട്ടൊരു ഓണസമ്മാനവും കിട്ടി.
ലൈഫ് മിഷനില്‍ നിര്‍മിച്ച വീട്ടില്‍ ഈ ചെറുപ്പക്കാരനും ഭാര്യ ശരണ്യയും ഉത്രാടദിനത്തില്‍ താമസമാരംഭിക്കും. തോട്ടയ്ക്കാട് ലക്ഷ്മിഭവനത്തില്‍ രാജീവ് മിക്സി റിപ്പയറിങ് ജോലിയില്‍നിന്ന് കിട്ടുന്ന പണത്തില്‍ മിച്ചം പിടിച്ച് വീടുണ്ടാക്കാനാണ് ആദ്യം ശ്രമിച്ചത്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ ഇറക്കിയ സ്പെഷല്‍ ഉത്തരവാണ് പിന്നീട് തുണയായത്. സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലെങ്കിലും കുടുംബ കാര്‍ഡില്‍ പേരുള്ളവരാണെങ്കില്‍ ഗുണഭോക്താവായി പരിഗണിക്കണമെന്ന ഉത്തരവിലൂടെ രാജീവിന് വീട് അനുവദിച്ച് കിട്ടുകയായിരുന്നു.
വര്‍ഷങ്ങളോളം വാടകവീട്ടില്‍ താമസിച്ച് കൂലിപ്പണിയെടുത്തുണ്ടാക്കിയ സാമ്പാദ്യംകൊണ്ട് സുടലൈയപ്പന്‍ വാങ്ങിയ എട്ട് സെൻറ് ഭൂമിയില്‍നിന്ന് വീതം കിട്ടിയ മൂന്ന് സെൻറിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. പദ്ധതി ധനസഹായമായ നാലുലക്ഷം രൂപക്ക് പുറമേ മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദിവസം 291രൂപ നിരക്കില്‍ 90 ദിവസത്തെ വേതനവും ശുചിത്വമിഷനില്‍നിന്ന് വാകത്താനം പഞ്ചായത്തിന് അനുവദിച്ച 7600 രൂപയും വീട് നിര്‍മാണത്തിനായി ലഭിച്ചു. രണ്ടു കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, ശുചിമുറി എന്നിവ ഉള്‍പ്പെടുന്ന വീടിന് 400 ചതുരശ്രയടി വിസ്തീര്‍ണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.