തുടർച്ചയായി റേഷൻ വാങ്ങിയില്ല; കോട്ടയം ജില്ലയിൽ 3007 കുടുംബങ്ങൾ പുറത്ത്
text_fieldsകോട്ടയം: മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്തതിനെ തുടർന്ന് ജില്ലയിൽ പൊതുവിഭാഗത്തിലേക്ക് ഇതുവരെ മാറ്റിയത് 3007 കുടുംബങ്ങളെ. എ.എ.വൈ വിഭാഗത്തിൽനിന്ന് 439ഉം മുൻഗണന വിഭാഗത്തിൽനിന്ന് 2566ഉം കാർഡുകളാണ് മുൻഗണനേതര (നോൺ സബ്സിഡി) വിഭാഗത്തിലേക്ക് മാറ്റിയത്. രണ്ട് നീല കാർഡുകാരെയും റേഷൻ വാങ്ങാത്തതിനെ തുടർന്ന് വെള്ള കാർഡിലേക്ക് (നോൺ സബ്സിഡി) മാറ്റി.
ഇവർക്ക് ഇനി സൗജന്യ റേഷൻ ലഭിക്കില്ല. മുൻഗണന വിഭാഗത്തിൽ ഏറ്റവും കൂടുതൽ കാർഡുകാർ പുറത്തായത് കോട്ടയത്താണ്; 980. കുറവ് വൈക്കത്തും-158. ചങ്ങനാശ്ശേരി- 265, കാഞ്ഞിരപ്പള്ളി- 584, മീനച്ചിൽ- 579 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ കണക്കുകൾ. എ.എ.വൈ വിഭാഗത്തിൽനിന്ന് കോട്ടയം- 139, ചങ്ങനാശ്ശേരി -27, വൈക്കം -48, കാഞ്ഞിരപ്പള്ളി -58, മീനച്ചിൽ -167 എന്നിങ്ങനെയാണ് പുറത്തായവരുടെ എണ്ണം. വൈക്കം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽനിന്ന് ഒരോ കുടുംബമാണ് നീല കാർഡിൽനിന്ന് (പൊതുവിഭാഗം സബ്സിഡി) പുറത്തായത്.
സബ്ഡിഡി നിരക്കിൽ ലഭിക്കുന്ന ഭക്ഷ്യധാന്യം ഇവർ തുടർച്ചയായി വാങ്ങാത്തത് റേഷൻ ആവശ്യമില്ലാത്തതിനാലെന്ന നിഗമനത്തിലാണ് ഇവരെ നിലവിലെ പട്ടികയിൽനിന്ന് മാറ്റുന്നത്. ഇനി ഇവർക്ക് പൊതുവിഭാഗക്കാർക്ക് ലഭിക്കുന്ന റേഷൻ വിഹിതമാകും ലഭിക്കുക. ഇവർ അനർഹരായി കയറിക്കൂടിയവരാണെന്ന വിലയിരുത്തലും ഭക്ഷ്യവകുപ്പിനുണ്ട്.
ഈ നടപടിയിൽ പരാതിയുള്ളർക്ക് അതത് താലൂക്ക് സപ്ലൈ ഓഫിസർമാർക്ക് രേഖാമൂലം പരാതി നൽകാം. അസുഖങ്ങൾ അടക്കം കൃത്യമായ കാരണം ബോധിപ്പിക്കുന്നവരെ പട്ടികയിൽ വീണ്ടും ഉൾപ്പെടുത്തും. പരാതികൾ റേഷനിങ് കൺട്രോളർമാർ നേരിട്ടെത്തി പരിശോധിച്ചശേഷമാകും ഇവരെ ഇനി മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുക. അതിനിടെ, പുറത്താക്കിയവർക്ക് പകരം മുൻഗണന വിഭാഗത്തിൽ ഉൾപ്പെടാൻ അർഹതയുള്ള നീല, വെള്ള കാർഡുകാരിൽനിന്ന് അപേക്ഷയും ക്ഷണിച്ചു. നിലവിലുള്ള ഒഴിവുകളിലേക്ക് ജൂലൈ 18 മുതൽ ആഗസ്റ്റ് 10 വരെ ഓൺലൈൻ വഴി അപേക്ഷിക്കാൻ കഴിയും.
ഡെപ്യൂട്ടി റേഷനിങ് കൺട്രോളർക്കാണ് മേൽനോട്ട ചുമതല. വരുമാന സർട്ടിഫിക്കറ്റ്, വീടിന്റെ വിസ്തീർണം കാണിക്കുന്ന സാക്ഷ്യപത്രം (പഞ്ചായത്ത് സെക്രട്ടറി നൽകുന്നത്), ഏറ്റവും പുതിയ നികുതി ചീട്ടിന്റെ പകർപ്പ്, 2009ലെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബമാണെങ്കിൽ അർഹതയുള്ളതാണെന്ന് കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, സ്ഥലമില്ലെങ്കിൽ അത് കാണിക്കുന്ന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം, വീടില്ലെങ്കിൽ ഇതുസംബന്ധിച്ച പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, രോഗാവസ്ഥ/ ഭിന്നശേഷിയുള്ളവർ ഇതുസംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ് മുൻഗണന പട്ടികയിൽ ഉൾപ്പെടാൻ ഹാജരാക്കേണ്ടത്.നേരത്തേ മുൻഗണന വിഭാഗത്തിൽ വലിയതോതിൽ അനർഹർ ഇടംപടിച്ചതായി കണ്ടെത്തിയിരുന്നു. ഇവരെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് മൂന്നുമാസം റേഷൻ വാങ്ങാത്തവരെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നത്.
ഒാരോ മാസത്തെയും റേഷൻ വിഹിതം ഇങ്ങനെ
എ.എ.വൈ: കാർഡിന് 30 കിലോ അരിയും മൂന്ന് കിലോ ഗോതമ്പും സൗജന്യം. രണ്ട് പാക്കറ്റ് ആട്ട ആറുരൂപ നിരക്കിലും ഒരുകിലോ പഞ്ചസാര 21 രൂപക്ക് ലഭിക്കുംമുൻഗണന വിഭാഗം (പി.എച്ച്.എച്ച്): ഒരോ അംഗത്തിനും നാലുകിലോ അരിയും ഒരുകിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. മൂന്ന് പാക്കറ്റ് ആട്ട എട്ടുരൂപ നിരക്കിൽ
പൊതുവിഭാഗം സബ്സിഡി (എൻ.പി.എസ്): ഓരോ അംഗത്തിനും രണ്ട് കിലോ അരിവീതം കിലോക്ക് നാല് രൂപ നിരക്കിൽ ലഭിക്കും. സ്റ്റോക്ക് അനുസരിച്ച് കാർഡിന് രണ്ട് കിലോ ആട്ട കിലോക്ക് 17 രൂപ നിരക്കിൽ ലഭിക്കും.പൊതുവിഭാഗം: കാർഡിന് 10 കിലോ അരിക്ക് കിലോക്ക് 10.90 രൂപ നിരക്കിൽ. സ്റ്റോക്ക് അനുസരിച്ച് കാർഡിന് രണ്ട്കിലോ ആട്ട കിലോക്ക് 17 രൂപക്ക്.(ജൂണിലെ വിഹിതം അടിസ്ഥാനമാക്കിയത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.