മഴക്ക് ശമനം; പടിഞ്ഞാറൻ മേഖല ദുരിതത്തിൽ
text_fieldsകോട്ടയം: ജില്ലയിൽ മഴക്ക് താൽക്കാലിക ശമനം. ചൊവ്വാഴ്ച പുലർച്ചവരെ കാഞ്ഞിരപ്പള്ളി, വൈക്കം താലൂക്കുകളിൽ ചെറിയ മഴയുണ്ടായിരുന്നു. ഉച്ചവരെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നെങ്കിലും ശേഷം മാനം തെളിഞ്ഞു.
വെള്ളപ്പൊക്കം നേരിടുന്നതിനാൽ കോട്ടയം താലൂക്കിലെ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയായിരുന്നു.
അയര്‍ക്കുന്നം, മണര്‍കാട്, വിജയപുരം, തിരുവാര്‍പ്പ്, അയ്മനം, ആര്‍പ്പൂക്കര, കുമരകം പഞ്ചായത്തുകളിലെയും ഏറ്റുമാനൂര്‍, കോട്ടയം നഗരസഭകളുടെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാണ്. നാലു ദിവസമെങ്കിലും വെയിൽ തുടർന്നാലേ വെള്ളമിറങ്ങൂ.
വീടുകളിലും ഇടവഴികളിലും വെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമാണ്. മീനച്ചിലാറ്റിൽ തീക്കോയി, പാലാ ഭാഗത്ത് ജലനിരപ്പ് താഴ്ന്നെങ്കിലും പേരൂരിന് പടിഞ്ഞാറ് നീലിമംഗലം, കോടിമത, നാഗമ്പടം, കുമരകം, തിരുവാർപ്പ് ഭാഗങ്ങളിൽ ഇപ്പോഴും അപകടനിരപ്പിനു മുകളിലാണ്. അതേസമയം മണിമലയാറ്റിൽ മണിമലയിലും മുണ്ടക്കയത്തും വെള്ളം കുറഞ്ഞുതുടങ്ങി. ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങൾക്കും ഒക്ടോബർ അഞ്ചു വരെ നിരോധനം ഏർപ്പെടുത്തി. മലയോര മേഖലയിലേക്കുള്ള രാത്രിയാത്രക്കും നിരോധനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.