ഓർമയാകുന്നു തുരങ്കങ്ങളിലൂടെയുള്ള ട്രെയിൻ യാത്ര
text_fieldsകോട്ടയം: ആറുപതിറ്റാണ്ടിലേറെ കാഴ്ചയിൽ ഇരുട്ടും കൗതുകവും നിറച്ച കോട്ടയത്തെ ഇരട്ടത്തുരങ്കങ്ങളിലൂടെയുള്ള ട്രെയിൻയാത്ര ഓർമയാകുന്നു. മാർച്ച് അവസാനം പുതിയ പാത യാഥാർഥ്യമാവുന്നതോടെ തുരങ്കങ്ങൾ വഴിയുള്ള ട്രെയിൻ ഗതാഗതം അവസാനിപ്പിക്കും. ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയിലുള്ള, ചരിത്രപ്രാധാന്യമുള്ള തുരങ്കങ്ങൾ പൊളിച്ചുമാറ്റാതെ നിലനിർത്തി ഷണ്ടിങ്ങിന് ഉപയോഗിക്കാനാണ് തീരുമാനം. ഒന്നാമത്തെ ടണലിന് 66.92 മീറ്ററും രണ്ടാമത്തെ തുരങ്കത്തിന് 84 മീറ്ററുമാണ് നീളം. സമീപത്ത് പുതിയ ഇരട്ടപ്പാതയാണ് വരുന്നത്. ഇതിന്‍റെ നിർമാണപ്രവൃത്തി പുരോഗമിക്കുന്നു.
ഏപ്രിൽ ആദ്യവാരം കമീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുരങ്കങ്ങൾക്ക് സമീപം മറ്റൊരു തുരങ്കംകൂടി നിർമിച്ച് പുതിയ പാതയൊരുക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. എന്നാൽ, ഇവിടത്തെ മണ്ണിന് ഉറപ്പുകുറവായതിനാലും പാറ അധികമില്ലാത്തതിനാലും തുരങ്കങ്ങൾ നിർമിക്കാനായില്ല. ഇതോടെയാണ് തുരങ്കം ഒഴിവാക്കി സമാന്തരമായി പുതിയ പാത നിർമിക്കാൻ തീരുമാനിച്ചത്.
1957 ലാണ് ഇ. ശ്രീധരന്‍റെ നേതൃത്വത്തിൽ കോട്ടയത്തെ തുരങ്കങ്ങൾ പണിതത്. '58 ൽ പാത കമീഷൻ ചെയ്തു. പാത നിർമാണത്തിന്‍റെ ഭാഗമായി കെ.കെ റോഡിനുകുറുകെ തുരങ്കത്തിന്‍റെ ഭിത്തി നിർമിക്കുമ്പോൾ മണ്ണിടിഞ്ഞുവീണ് ആറു തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടു. 1957 ഒക്ടോബർ 20നായിരുന്നു ആ ദാരുണസംഭവം. കെ.കെ. ഗോപാലൻ, കെ.എസ്. പരമേശ്വരൻ, വി.കെ. കുഞ്ഞുകുഞ്ഞ്, കൃഷ്ണൻ ആചാരി, കെ. രാഘവൻ, ആർ. ബാലൻ എന്നിവരാണ് മരിച്ചത്. ഇവരുടെ പേരുകളും അപകടം നടന്ന ദിവസവും രേഖപ്പെടുത്തി മേൽപാലത്തോടുചേർന്ന് റെയിൽവേ സ്തൂപം സ്ഥാപിച്ചിരുന്നു. പുതിയ മേൽപാലം സ്ഥാപിക്കാൻ സ്തൂപം നീക്കി. പുതിയ മേൽപാലത്തിനരികിൽ സ്ഥാപിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇതുവരെ നടപ്പായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.