താഴത്തങ്ങാടി പാലത്തിനടിയിലെ മാലിന്യം നീക്കാൻ നടപടിയായില്ല
text_fieldsകോട്ടയം: താഴത്തങ്ങാടി പാലത്തിനടിയിലെ മാലിന്യശേഖരം അതേപടി തുടരുന്നു. ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായിപോലും പാലത്തിനടിയിലെ മാലിന്യത്തുരുത്ത് നീക്കാൻ ആരും മുന്നോട്ടുവന്നിട്ടില്ല. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ മീനച്ചിലാറിലൂടെ ഒഴുകിയെത്തിയ മരത്തടികളും പ്ലാസ്റ്റിക്കും ഉൾപ്പെടെ പാലത്തിനടിയിൽ തങ്ങിനിൽക്കുകയാണ്. പാലത്തിന്റെ തൂണിന് സമീപം ചെറുപുല്ലുകൾ തിങ്ങിവളർന്ന് മാലിന്യത്തുരുത്ത് രൂപപ്പെട്ടിടുണ്ട്.
വെള്ളപ്പൊക്കത്തിനൊപ്പം ഒഴുകിയെത്തുന്ന മാലിന്യങ്ങൾ അടിഞ്ഞുകിടക്കുന്ന ഇടമാണ് പാലത്തിന്റെ തൂണുകൾ. പാലത്തിലൂടെ കടന്നുപോകുന്നവരും മറ്റും മാലിന്യംതള്ളൽ പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. അഴുകിയ തടികളും മറ്റ് മാലിന്യങ്ങളും മീനച്ചിലാറിനെ കൂടുതൽ മലിനമാക്കുകയാണ്. ജലജന്യരോഗങ്ങളും സാംക്രമിക രോഗങ്ങളും എളുപ്പം പടർന്നുപിടിക്കാൻ ഇത് കാരണമാകും. റോഡിന് വശത്തെ പുല്ലുകളും തിങ്ങിവളർന്ന നിലയിലാണ്.
പാലത്തിന് ഇരുവശത്തുമുള്ള കരക്കാർ വൃത്തിയാക്കുന്നതല്ലാതെ പഞ്ചായത്ത് അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി. ഇരുകരക്കാരും പല ആവശ്യങ്ങൾക്കായി യഥേഷ്ടം ആശ്രയിക്കുന്നത് മാലിന്യം നിറഞ്ഞ മീനച്ചിലാറിനെയാണ്. മുൻവർഷങ്ങളിൽ താഴത്തങ്ങാടിയിൽ നടക്കുന്ന വള്ളംകളിയോടനുബന്ധിച്ച് മീനച്ചിലാറും പാലത്തിന്റെ സമീപവും വൃത്തിയാക്കിയിരുന്നതാണ്. എന്നാൽ ഇത്തവണ വള്ളംകളി മാറ്റിവെച്ചതോടെ ശുചീകരണവും മുടങ്ങി.
താഴത്തങ്ങാടി പാലത്തിന് 30 വർഷത്തിലധികം പഴക്കമുണ്ട്. ഇവിടെ കാൽനടയാത്രികർക്കായി നടപ്പാത പോലുമില്ല. പാലത്തിലെ സ്റ്റെപ്പുകൾ പൊട്ടിപ്പൊളിഞ്ഞ് കാൽനട ദുരിതമായിട്ടുണ്ട്. ഭാരം കയറ്റിയ വാഹനങ്ങൾ കടന്നുപോകുന്നതോടെ പാലം വിറക്കുന്നതായി അനുഭവപ്പെടുന്നുണ്ടെന്നും പലയിടങ്ങളും കോൺക്രീറ്റ് പാളികൾ അടർന്നുവീണ് പാലം അപകടാവസ്ഥയിലാണെന്നും നാട്ടുകാർ പറയുന്നു. കാടുകയറിയ പാലത്തിന്റെ ഭാഗങ്ങളും മാലിന്യംനിറഞ്ഞ മീനച്ചിലാറും പ്രദേശവാസികൾക്ക് വെല്ലുവിളിയായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.