കോട്ടയം റെയിൽവേ സ്റ്റേഷൻ നവീകരണം; ഏപ്രിലോടെ വികസന ട്രാക്കിൽ
text_fieldsകോട്ടയം: റെയിൽവേ സ്റ്റേഷെൻറ നവീകരണ പ്രവർത്തനങ്ങൾ അടുത്ത മാർച്ച്-ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കുവാൻ തോമസ് ചാഴികാടൻ എം.പി വിളിച്ചുചേർത്ത റെയിൽവേ ഉദ്യോഗസ്ഥന്മാരുടെ അവലോകന യോഗത്തിൽ തീരുമാനിച്ചു.
546 മീറ്റർ നീളമുള്ള ഒന്നാംനമ്പർ പ്ലാറ്റ്ഫോം 760മീറ്ററായും 500 മീറ്റർ നീളമുള്ള രണ്ടാംനമ്പർ പ്ലാറ്റ്ഫോം 627 മീറ്ററായും 390 മീറ്റർ ഉള്ള മൂന്നാംനമ്പർ പ്ലാറ്റുഫോം 647 മീറ്ററായും വിപുലീകരിക്കും. പുതിയതായി ഗുഡ് ഷെഡ് ഭാഗത്ത് നാലാം നമ്പർ പ്ലാറ്റ് ഫോം 647 മീറ്റർ നീളത്തിൽ നിർമിക്കും. എറണാകുളം ഭാഗത്തേക്കുള്ള പാസഞ്ചർ/ മെമു ട്രെയിനുകൾക്കായി 327 മീറ്ററിൽ ഒരു പ്രത്യേക പ്ലാറ്റ്ഫോം കൂടി പാത ഇരട്ടിപ്പിക്കലിെൻറ ഭാഗമായി നിർമിക്കും.ഗുഡ്ഷെഡ് ഭാഗത്തുനിന്നുള്ള രണ്ടാം കവാടത്തിെൻറ നിർമാണം ഏപ്രിലിനുള്ളിൽ പൂർത്തിയാകും. ഈ ഭാഗത്ത് റെയിൽവേയുടെ രണ്ടര ഏക്കർ സ്ഥലത്ത് പാർക്കിങ്ങിന് സൗകര്യം ഏർപ്പെടുത്തും. 150 കാറുകൾക്ക് പാർക്ക് ചെയ്യുവാനുള്ള സൗകര്യം ഒരുക്കും. ഗുഡ്സ് ഷെഡ് റോഡ് നിലനിർത്തും.
നിലവിൽ ശബരിമല തീർഥാടകർ ഉപയോഗിക്കുന്ന വിശ്രമകേന്ദ്രം ശീതീകരിച്ച് യാത്രക്കാർക്കുവേണ്ടി ഒരുക്കും. തീർഥാടകർക്കുവേണ്ടി പ്രേത്യകമായി നിർമിക്കുന്ന മൂന്ന് നിലയിലുള്ള പിൽഗ്രിം സെൻറർ നവംബർ അവസാനത്തോടെ തുറന്നുനൽകും. മൂന്ന് നിലകളിലായി 450 തീർഥാടകർക്ക് വിശ്രമിക്കുവാനുള്ള സൗകര്യവും 60 പേർക്കുള്ള ടോയ്ലറ്റ് സൗകര്യവും ഉണ്ടാകും. എസ്കലേറ്റർ പുനഃസ്ഥാപിക്കാനുള്ള നടപടി ജനുവരിയോടെ പൂർത്തിയാകും. ഒന്നാംനമ്പർ പ്ലാറ്റ്ഫോമിനേയും രണ്ടാംനമ്പർ പ്ലാറ്റ്ഫോമിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ലിഫ്റ്റിെൻറ നിർമാണ പ്രവർത്തനങ്ങൾ അടുത്ത ഫെബ്രുവരിയിൽ പൂർത്തിയാകും.പാർസൽ ഓഫിസിലേക്കുള്ള പ്രവേശനപാത വികസിപ്പിച്ച് അംഗപരിമിതർക്കായി തുറന്നുകൊടുക്കും.
ആർ.എം.എസിനു സമീപമുള്ള ബസ് സ്റ്റോപ്പിൽനിന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് പുതിയകവാടം തുറക്കും. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ അതിരമ്പുഴ പഞ്ചായത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതി സ്റ്റേഷൻ കെട്ടിടത്തിന് സമീപത്തേക്കുമാറ്റി പുതിയ പ്രപ്പോസൽ നൽകാൻ ഡി.ആർ.എം ആവശ്യപ്പെട്ടു. റെയിൽവേ സ്റ്റോഷൻ കാട്ടത്തി റോഡ് നവീകരണം അതിരമ്പുഴ പഞ്ചായത്തിനെ ചുമതലപ്പെടുത്തണമെന്ന നിർദേശം ഡിവിഷൻ തലത്തിൽ ചർച്ചചെയ്തശേഷം അന്തിമ തീരുമാനം എടുക്കും. നിലവിലുള്ള റോഡ് മുൻകാലങ്ങളിലേതുപോലെ തുടർന്നും പ്രദേശവാസികൾക്ക് ഉപയോഗിക്കുവാൻ അനുവാദം ഉണ്ടായിരിക്കും.
നവീകരണം തോമസ് ചാഴികാടൻ എം.പി, ഡിവിഷനൽ റെയിൽവേ മാനേജർ മുകുന്ദ് രാമസ്വാമി, സീനിയർ ഡിവിഷനൽ കമേഴ്സ്യൽ മാനേജർ പി.എ. ധനഞ്ജയൻ, ഡിവിഷനൽ എൻജിനീയർ സ്പെഷൽ വർക്ക് ശ്രീകുമാർ എ.വി, റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് ബാബു തോമസ്, ചീഫ് കമേഴ്സ്യൽ ഇൻസ്പെക്ടർ വി. രാജീവ് എന്നിവരോടൊപ്പം സന്ദർശിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ബിജു വലിയമല, മെംബർ ജോഷി ഇലഞ്ഞിയിൽ, ജോസ് ഇടവഴിക്കൻ, റോയ് മാത്യു തുടങ്ങിയവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.