ലാഭം ചോരുന്നു; അരി വിലയിൽ കിതച്ച് ജനകീയ ഹോട്ടലുകൾ
text_fieldsകോട്ടയം: അരി വിലയിലെ കുതിപ്പിൽ കിതച്ച് ജനകീയ ഹോട്ടലുകളും വീട്ടില്‍ ഊണ് ഭക്ഷണസ്ഥാപനങ്ങളും.
കോവിഡുകാല ദുരിതത്തിനുശേഷം സജീവമായി വരുന്നതിനിടെയാണ് ഇവർക്ക് അരി വില പ്രതിസന്ധി തീര്‍ക്കുന്നത്. പദ്ധതി തുടങ്ങിയപ്പോള്‍ നിശ്ചയിച്ച 20 രൂപ തന്നെയാണ് ഇപ്പോഴും ജനകീയ ഹോട്ടലുകളില്‍ ഊണിന് ഈടാക്കുന്നത്. എന്നാല്‍, അതിനുശേഷം അരിയുടെയും പച്ചക്കറിയുടെയും വില പലതവണ വര്‍ധിച്ചതായി ഇവർ ചൂണ്ടിക്കാട്ടുന്നു.
20 രൂപക്ക് ഊണ് നല്കുമ്പോള് 10 രൂപ സബ്സിഡി ലഭിക്കുമായിരുന്നു. മീൻ അടക്കം സ്പെഷല്‍ വിഭവങ്ങളില്‍നിന്നുള്ള ലാഭം കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ സുഗമമായി പോയിരുന്നു. എന്നാല്‍, അരി വില കുതിച്ചതോടെ ലാഭമൊക്കെ അതുവഴി പോകുകയാണെന്നു മിക്ക ജനകീയ ഹോട്ടലുകളുടെയും നടത്തിപ്പുകാരായ കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു. അരിവില 55 കടന്നതോടെ കൈയിൽനിന്ന് പണം കണ്ടെത്തേണ്ട സ്ഥിതിയാണെന്ന് ഇവർ പറയുന്നു.
മാവേലി സ്റ്റോറില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന അരി ഉപയോഗിക്കുന്ന ഭക്ഷണശാലകൾക്കൊപ്പം കൂടിയ വിലയ്ക്ക് ജയ അരി വാങ്ങി ഉപയോഗിക്കുന്നവരുമുണ്ട്. പതിവായി എത്തുന്ന പലര്‍ക്കും ജയ അരിയോടാണ് താൽപര്യമെന്നതിനാല് കച്ചവടം നഷ്ടമാകാതിരിക്കാനാണ് ഈ അരി ഉപയോഗിക്കുന്നത്. ഇവർക്ക് വില വർധന വൻതിരിച്ചടിയാണ്. അരിക്ക് തന്നെ വലിയൊരു തുക കെണ്ടത്തേണ്ട സ്ഥിതിയാണെന്ന് സ്ഥാപന നടത്തിപ്പുകാർ പറയുന്നു.
പാചക വാതക വിലയിലെ വർധനയും ജനകീയ ഹോട്ടലുകള്‍ക്ക് തിരിച്ചടിയാണ്. സജീവമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്ക് രണ്ടു സിലിണ്ടർ ഒരാഴ്ച തികയില്ല.
ജനകീയ ഹോട്ടലുകള്‍ക്കുള്ള സബ്സിഡി യഥാസമയം കിട്ടാത്തതും നടത്തിപ്പുകാരെ വലക്കുന്നുണ്ട്. മറ്റു വരുമാന മാര്‍ഗങ്ങളൊന്നുമില്ലാത്ത കുടുംബശ്രീ അംഗങ്ങള്‍ വീട്ടിലെ ആവശ്യങ്ങള്‍പോലും മാറ്റിവെച്ചാണ് ഹോട്ടലിലേക്ക് സാധനങ്ങള്‍ വാങ്ങുന്നത്. മാസങ്ങളായി സബ്സിഡി ലഭിക്കാത്ത ഹോട്ടലുകളുണ്ട്.
ഇതോടെ, പച്ചക്കറിയും തേങ്ങയും മറ്റും വീട്ടില്‍ നിന്നു കൊണ്ടുവന്ന് വിഭവങ്ങളുണ്ടാക്കുന്ന ഹോട്ടലുകളുമുണ്ട്. സപ്ലൈകോ വിൽപനകേന്ദ്രങ്ങളിൽ സബ്സിഡി ഉൽപന്നങ്ങൾക്ക് ക്ഷാമം നേരിടുന്നതും ഇവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വെളിച്ചെണ്ണ അടക്കം അവശ്യവസ്തുക്കൾ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
ജില്ലയിലെ നിരവധി കുടുംബങ്ങളുടെ വരുമാനമാര്‍ഗമായ വീടുകളോട് ചേര്‍ന്ന് ഊണ് നൽകുന്നവരുടെയും നട്ടെല്ല് തകര്‍ത്തിരിക്കുകയാണ് അരി വില. വില കൂട്ടാനും വയ്യ സംരംഭം നിര്‍ത്താനും കഴിയാത്ത അവസ്ഥയിലാണ് പലരും. മിക്ക ഊണ് കേന്ദ്രങ്ങളിലും സ്ഥിരമെത്തുന്നവരാണ് ഏറെയും.
രുചി, ഗുണം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇത്തരം കേന്ദ്രങ്ങള്‍ ഏറെ പേരും തെരഞ്ഞെടുക്കുന്നത്.
മിതമായ വിലയും ഇവരെ ഇത്തരം കേന്ദ്രങ്ങളിലേക്ക് ആകർഷിക്കുന്നു. അതിനാൽ വില വർധിപ്പിച്ചാൽ കച്ചവടം നിലക്കുമോയെന്ന ഭയവും ഇത്തരം സ്ഥാപന നടത്തിപ്പുകാർക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.