വിസ്മയിപ്പിച്ച് കുട്ടി ശാസ്ത്രജ്ഞർ
text_fieldsകോട്ടയം: ഡ്രൈവർ ഉറങ്ങിയാൽ സെൻസറിലൂടെ കണ്ടെത്തി ആപദ്സൂചന നൽകുന്ന അലാറം, സ്കൂൾ ബസിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണം ഇൻഫ്രാറെഡ് സെൻസർ ഉപയോഗിച്ച് നിർണയിച്ച് ഡ്രൈവർക്ക് സ്ക്രീനിൽ ലഭ്യമാക്കുന്ന ഉപകരണം, വഴിയിൽ കുഴികളുണ്ടെങ്കിൽ ഒഴിവാക്കി പോകുന്നതിന് വാഹനങ്ങളെ സഹായിക്കുന്ന നിർമിതബുദ്ധി ഉപയോഗിച്ചുള്ള റോബോ വാഹനം... സ്കൂൾ വിദ്യാർഥികളുടെ ശാസ്ത്രരംഗത്തെ വിവിധ കണ്ടുപിടിത്തങ്ങളുടെ പ്രദർശനവേദിയായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളവും സംഘടിപ്പിച്ച റൈസെറ്റ് എക്സിബിഷൻ. തിരുനക്കര പഴയ പൊലീസ് മൈതാനത്ത് സംഘടിപ്പിച്ച ടിങ്കറിങ് ലാബുകളിലെ റോബോട്ടിക്സ് ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് സെൻസർ എക്സിബിഷനിൽ ജില്ലയിലെ സ്കൂൾ വിദ്യാർഥികൾ വികസിപ്പിച്ച നൂതന ശാസ്ത്രീയ ഉപകരണങ്ങളാണ് പ്രദർശിപ്പിച്ചത്.
പനമറ്റം ഗവ.എച്ച്.എസ്.എസ് വിദ്യാർഥികളാണ് വഴിയിൽ കുഴികളുണ്ടെങ്കിൽ ഒഴിവാക്കി പോകുന്നതിന് വാഹനങ്ങളെ സഹായിക്കുന്ന റോബോ വാഹനം തയാറാക്കിയത്. സ്കൂൾ വിദ്യാർഥികളുടെ ഡിജിറ്റൽ അറ്റൻഡൻസ് സാധ്യമാക്കുന്ന റിമോട്ട് ഫ്രീക്വന്റ് ഐ.ഡി കാർഡുകളും അവതരിപ്പിച്ചു. തീപിടിത്ത സാധ്യതയുള്ള ഇന്ധനങ്ങളുടെ ചോർച്ച സെൻസ് ചെയ്ത് അലാറം മുഴക്കുകയും വിവരം എസ്.എം.എസായി ലഭിക്കുകയും ചെയ്യുന്ന ഹോം സേഫ്റ്റി സംവിധാനവും സാധനങ്ങൾ കയറ്റിക്കൊണ്ടുപോകാനുള്ള റോബോട്ടിക് ട്രോളിയുമാണ് കുമരകം എസ്.കെ.എം എച്ച്.എസ്.എസ് വികസിപ്പിച്ചത്. അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് നിലത്തെ അണുക്കളെ നശിപ്പിക്കുന്ന ഫ്ലോർ സ്റ്റെർലൈസിങ് റോബോട്ടിനെയാണ് പ്രവിത്താനം സെന്റ് മൈക്കിൾസ് എച്ച്.എസ്. പരിചയപ്പെടുത്തിയത്. ഫോണിലൂടെ വീട്ടിലെയും കൃഷിയിടത്തെയും ജലസേചന സംവിധാനം നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് വാട്ടർ ഇറിഗേഷൻ സിസ്റ്റമാണ് കുറുമണ്ണ് സെന്റ് ജോൺസ് എച്ച്.എസ് അവതരിപ്പിച്ചത്. ഡ്രൈവറുടെ കണ്ണ് അടയുന്നത് സെൻസറിലൂടെ കണ്ടെത്തി അലാറം മുഴക്കുകയും വാഹനത്തിന്റെ എൻജിന്റെ പ്രവർത്തനം നിർത്തുകയും ചെയ്യുന്ന ഉപകരണമാണ് വടയാർ ഇൻഫന്റ് ജീസസ് എച്ച്.എസ് വിദ്യാർഥികൾ വികസിപ്പിച്ചത്. സ്കൂൾ ബസിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണം ഇൻഫ്രാറെഡ് സെൻസർ ഉപയോഗിച്ച് നിർണയിച്ച് ഡ്രൈവർക്ക് സ്ക്രീനിൽ ലഭ്യമാക്കുന്ന ഉപകരണവും ഇവർ അവതരിപ്പിച്ചു.
വെച്ചൂർ ജി.വി.ഡി എച്ച്.എസ്.എസ് സെൻസറിലൂടെ പ്രവർത്തിക്കുന്ന ടോൾ പ്ലാസയും തിടനാട് ഗവ. വി.എച്ച്.എസ്.എസ് വാഹനങ്ങളിലെ ആന്റി സ്ലീപ്പിങ് അലാറവും അവതരിപ്പിച്ചു. സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റെസറും നിർമിത ബുദ്ധിയാൽ ട്രാഫിക് ലൈറ്റുകളുടെ നിറം സെൻസ് ചെയ്ത് പ്രവർത്തിക്കുന്ന അൾട്രാസോണിക് സെൻസർ വാഹനവുമാണ് സി.എം.എസ് കോളജ് എച്ച്.എസ്.എസ് വിദ്യാർഥികൾ പരിചയപ്പെടുത്തിയത്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.