കൈക്കൂലിക്കാരനെ കുടുക്കിയതിലെ വൈരാഗ്യം; കെട്ടിട നമ്പർ നൽകാതെ വട്ടംചുറ്റിച്ച് പഞ്ചായത്ത്
text_fieldsകോട്ടയം: ഹോട്ടൽ കം സ്പോർട്സ് വില്ലേജ് കെട്ടിടത്തിന് നമ്പർ നൽകാത്തതിൽ പ്രതിഷേധിച്ച് മാഞ്ഞൂർ പഞ്ചായത്തിന് മുന്നിൽ ധർണക്കൊരുങ്ങി പ്രവാസി മലയാളി. മാഞ്ഞൂർ സ്വദേശി ഷാജിമോൻ ജോർജാണ് പരാതിക്കാരൻ. പെർമിറ്റ് നൽകാൻ കൈക്കൂലി വാങ്ങിയ അസി.എൻജിനീയറെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കെട്ടിടനമ്പർ നൽകാത്തതെന്ന് ഷാജിമോൻ ജോർജ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ബിസ ക്ലബ് ഹൗസ് എന്നപേരിൽ നാലുനില കെട്ടിടം നിർമിക്കുന്നതിന് 2020ൽ പെർമിറ്റ് നേടിയിരുന്നു.
പണി നടത്തുന്നതിനിടെ കെട്ടിടം ആറുനിലയാക്കി. നിലവിലുണ്ടായിരുന്ന പെർമിറ്റ് റദ്ദാക്കി പുതിയ പെർമിറ്റിന് അപേക്ഷ നൽകി. എന്നാൽ, പഞ്ചായത്ത് അസി. എൻജിനീയർ കൈക്കൂലി ചോദിച്ചതിനെ തുടർന്ന് വിജിലൻസിൽ പരാതി നൽകി. കൈക്കൂലി വാങ്ങുന്നതിനിടെ അസി. എൻജിനീയറെ കഴിഞ്ഞ ജനുവരിയിൽ വിജിലൻസ് അറസ്റ്റ് ചെയ്തു.
രണ്ട് മണിക്കൂറിനകം പഞ്ചായത്ത് പെർമിറ്റ് നൽകി. തുടർന്ന് പണി പൂർത്തീകരിച്ച് കെട്ടിടം ക്രമപ്പെടുത്തി നമ്പർ ഇടാൻ പലവട്ടം നേരിട്ടും എൻജിനീയർ വഴിയും അപേക്ഷകളുമായി ചെന്നിട്ടും പലകാരണങ്ങൾ പറഞ്ഞ് നമ്പർ നൽകുന്നില്ല. കേരള മൈക്രോ സ്മോൾ മീഡിയം എന്റർപ്രൈസസ് ഫെസിലിറ്റേഷൻ ചട്ടങ്ങൾ പ്രകാരം സംസ്ഥാന സർക്കാർ മൂന്ന് വർഷത്തേക്ക് ലൈസൻസ് നൽകിയിട്ടുണ്ട്.
2023 ജൂലൈയിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നടത്തുകയും സ്ഥാപനം പ്രവർത്തനം ആരംഭിക്കുകയും ചെയ്തതാണ്. കെട്ടിടനമ്പർ നൽകാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ 10 മുതൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ഷാജിമോൻ ജോർജ് ധർണ നടത്തും. ബിസ ക്ലബ് ഹൗസ് ജനറൽ മാനേജർ തോമസ് കുട്ടി വർഗീസ്, ലീഗൽ അഡ്വൈസർ അഡ്വ. റോയ് ജോർജ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.