അവഗണനക്കെതിരെ തുറന്നപോരിന് ആർ.ജെ.ഡി
text_fieldsകോട്ടയം: മുന്നണിയിലെ സ്ഥാനം സംബന്ധിച്ച് സി.പി.ഐയും കേരള കോൺഗ്രസ് എമ്മും തമ്മിലെ തർക്കം മുറുകുന്നതിനിടെ എൽ.ഡി.എഫിന് തലവേദന രൂക്ഷമാക്കി ആർ.ജെ.ഡി. ഇടതുമുന്നണിയിൽ നിന്ന് കടുത്ത അവഗണനയാണെന്നും ഈ രീതിയിൽ തുടരാനാകില്ലെന്നുമുള്ള നിലപാടിലാണ് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി). തദ്ദേശ തെരഞ്ഞെടുപ്പിൽ പല ജില്ലകളിലും സ്വന്തം നിലക്ക് മത്സരിക്കുമെന്നും നേതാക്കൾ പറയുന്നു. ചങ്ങനാശ്ശേരിയിൽ ചേർന്ന ആർ.ജെ.ഡി കോട്ടയം ജില്ല കൺവെൻഷനിൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഒറ്റക്ക് മത്സരിക്കാനും തീരുമാനിച്ചു.
കേരള കോൺഗ്രസ് എം മുന്നണിയിൽ വന്നതിന്റെ പ്രയോജനം അവർക്കും സി.പി.ഐ, സി.പി.എം പാർട്ടികൾക്കും മാത്രമാണെന്നും മറ്റ് ഘടക കക്ഷികൾക്ക് കടുത്ത നഷ്ടമാണുണ്ടായതെന്നുമാണ് ആർ.ജെ.ഡിയുടെ വിലയിരുത്തൽ.
മുന്നണി മര്യാദ പാലിക്കാതെ ഈ മൂന്ന് പാർട്ടികളും ചേർന്ന് കാര്യങ്ങൾ തീരുമാനിക്കുകയാണ്. ഈ പാർട്ടികൾക്ക് സ്വാധീനമില്ലാത്ത സ്ഥലങ്ങളിൽ സീറ്റുകൾ ഘടക കക്ഷികൾക്ക് കൊടുക്കാതെ സ്വതന്ത്രരെ കണ്ടെത്തുന്ന രീതിയാണുള്ളത്. ഘടകകക്ഷികളെ അപ്പാടെ അവഗണിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന ചർച്ചകൾക്ക് മുമ്പ് തന്നെ സി.പി.ഐ കേരള കോൺഗ്രസ് എം തർക്കം നിലവിലുള്ള സാഹചര്യത്തിലാണ് ആർ.ജെ.ഡിയുടെ പിണക്കം.
എൽ.ഡി.എഫിലെ കരുത്തർ ആരാണെന്നതിനെ ചൊല്ലിയാണ് സി.പി.ഐയും കേരള കോൺഗ്രസ് എമ്മും തമ്മിലുള്ള തർക്കമെങ്കിൽ മുന്നണിയിലെ അവഗണനയാണ് ആർ.ജെ.ഡിയുടെ പ്രശ്നം. ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.ഐക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെതിരെ കേരള കോൺഗ്രസ് എം അതൃപ്തി അറിയിച്ചിരുന്നു. സി.പി.എമ്മിന് സി.പി.ഐയോടാണ് പ്രിയമെന്ന് ഒളിഞ്ഞും തെളിഞ്ഞും മാണി വിഭാഗം നേതാക്കൾ പ്രതികരിക്കുന്നുമുണ്ട്. ഇതിനിടെയാണ് സി.പി.ഐ കേരള കോൺഗ്രസ് എമ്മിനെ വെല്ലുവിളിക്കുന്നത്.
സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയിൽ അതൃപ്തരായ കേരള കോൺഗ്രസ് എം സി.പി.ഐയുടെ നീക്കങ്ങളെ അതേ നാണയത്തിൽ പ്രതിരോധിക്കുന്നതും എൽ.ഡി.എഫിന് തലവദനയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ അർഹതപ്പെട്ട സീറ്റുകൾ ലഭിക്കില്ലെന്ന ആശങ്ക സി.പി.ഐക്കും മാണി വിഭാഗത്തിനുമുണ്ട്. കേരള കോൺഗ്രസിന്റെ വലുപ്പം സി.പി.എം അമിതമായി കണ്ടെന്ന പ്രതികരണമാണ് സി.പി.ഐ നേതൃത്വത്തിന്. ഇതാണ് കേരള കോൺഗ്രസ് എമ്മിനെ ചൊടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.