റോഡ് കുഴിച്ച് കുളമാക്കി; ജൽ ജീവൻ മിഷന്റെ ക്രൂരതയിൽ വലഞ്ഞ് ജനം
text_fieldsകോട്ടയം: പൈപ്പ് സ്ഥാപിക്കാൻ കുഴിച്ച റോഡ് രണ്ടുവർഷം പിന്നിട്ടിട്ടും പുനർനിർമിക്കാതെ ജൽ ജീവൻ മിഷന്റെ ക്രൂരത. പനച്ചിക്കാട് പഞ്ചായത്തിന്റെ ഒന്ന്, 23 വാർഡുകളിൽപെട്ട പഞ്ചായത്ത് റോഡുകൾ തകർന്നിട്ട് വർഷങ്ങളായി.
കുന്നംപള്ളി, ഏദൻതോട്ടം പുള്ളിയിൽ റോഡ്, തകിടിയിൽ കാലായിൽ റോഡ്, ശാസ്താംകുന്ന്, കളത്തിക്കടവ് ബണ്ട് റോഡ്, മൂലവട്ടം, ദിവാൻകവല തുടങ്ങിയ പ്രദേശങ്ങളിലെ ഉൾറോഡുകളെ ആശ്രയിക്കുന്ന നിരവധി കുടുംബങ്ങളാണ് യാത്രാദുരിതത്താൽ വലയുന്നത്. ഈ റോഡുകളിൽ കാൽനടപോലും ദുസ്സഹമാണ്. അസുഖബാധിതരെ ആശുപത്രിയിൽ എത്തിക്കാൻ ഓട്ടോറിക്ഷ വിളിച്ചാൽപോലും വാരാറില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുകയാണ്.
അഞ്ചടിപോലും വീതിയില്ലാത്ത റോഡിന് മുക്കാൽ ഭാഗവും തകർന്നുകിടക്കുകയാണ്. മഴവെള്ളം ഒഴുകി റോഡിന്റെ ബാക്കി ഭാഗത്തും കുഴി രൂപപ്പെട്ടു. പൈപ്പിടാൻ കുഴിച്ച ഭാഗത്തെ കുഴികൾ വേണ്ട രീതിയിൽ പുനർനിർമിക്കാതെ മെറ്റലും മണ്ണും ഉപയോഗിച്ചാണ് അടച്ചത്. മഴ പെയ്തതോടെ മണ്ണും മെറ്റലും മാറി വലിയ കുഴികൾ രൂപപ്പെട്ട നിലയിലാണ്. നഗരത്തിലെ പ്രധാന റോഡിലേക്ക് ബന്ധിപ്പിക്കുന്ന വിവിധ ഗ്രാമീണ റോഡുകളാണ് ഇത്തരത്തിൽ തകർന്നുകിടക്കുന്നത്.
റോഡുകൾ കുളമാക്കിയ ജൽ ജീവൻ മിഷൻ അധികൃതർ പക്ഷേ, പി.ഡബ്ല്യു.ഡി റോഡുകളെ തൊടാൻപോലും തയാറാകുന്നില്ലെന്ന് ജനപ്രതിനിധികൾ പറയുന്നു. കൊല്ലാട് വാട്ടർ ടാങ്കിൽനിന്നാണ് പ്രദേശങ്ങളിലേക്ക് വെള്ളം എത്തിച്ചുകൊണ്ടിരിക്കുന്നത്. 100 കുടുംബങ്ങൾക്ക് വെള്ളമെത്തിക്കേണ്ടിടത്തുനിന്ന് 800ഓളം കുടുംബങ്ങൾക്കാണ് നിലവിൽ വെള്ളം എത്തിക്കുന്നത്. ഇതോടെ പ്രദേശത്തെ ജലവിതരണവും ബുദ്ധിമുട്ടിലാണ്. ജൽ ജീവൻ മിഷന്റെ ‘100 ശതമാനം ജലവിതരണം’ എന്ന വാഗ്ദാനമാണ് ഇതോടെ പൊളിഞ്ഞത്.
തുടക്കത്തിൽ സൗജന്യമായിരുന്നെങ്കിലും ഇപ്പോൾ 140 രൂപ നിരക്ക് വകുപ്പ് ഈടാക്കുന്നുണ്ട്. ഉയർന്ന പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് വെള്ളം ഇപ്പോഴും കിട്ടാക്കനിയാണ്. ആഴ്ചയിലൊരിക്കലുള്ള ജലവിതരണം തടസ്സപ്പെടുന്നതായും ആക്ഷേപമുണ്ട്. പദ്ധതി പൂർത്തിയാക്കിയ കുന്നംപള്ളിയിൽ 200ഓളം വീടുകൾക്ക് ഇപ്പോഴും ജലവിതരണം പൂർത്തിയായിട്ടില്ല. മിക്ക പ്രദേശങ്ങളിലും പണി പകുതിക്ക് നിർത്തിയ നിലയിലാണ്.
പഞ്ചായത്ത് കരാർ വെച്ചിരിക്കുന്നത് ജല അതോറിറ്റിയുമായാണ്. പനച്ചിക്കാട് ഒന്നാം വാർഡിൽ 50 ശതമാനം മാത്രമാണ് പദ്ധതി പൂർത്തിയായത്. പൈപ്പുകളിൽ ചേർച്ചയോ വെള്ളം കിട്ടാത്തതുമായ പരാതികൾ അറിയിച്ചാലും അധികൃതരിൽനിന്ന് ‘ഒ.കെ’ എന്ന മറുപടി ലഭിക്കുന്നതല്ലാതെ പരിഹാരം കാണുന്നില്ലെന്നാണ് ജനപ്രതിനിധികളുടെ ആക്ഷേപം.
പഞ്ചായത്ത് പ്രസിഡന്റും സ്ഥിരംസമിതി അധ്യക്ഷരും തിരുവനന്തപുരത്തേക്ക് പലതവണ പരാതിയുമായി ജൽ ജീവൻ മിഷന്റെ ഓഫിസിനെ സമീപിച്ചെങ്കിലും സർക്കാർ ഫണ്ട് ലഭിക്കാതെ റോഡിന്റെ അറ്റകുറ്റപ്പണികൾ സാധ്യമല്ലെന്ന നിലപാടിലാണ് വകുപ്പ്. ജൽ ജീവൻ മിഷന്റെ ക്രൂര വിനോദത്തിൽ വെള്ളം കിട്ടാതെയും സുഗമമായ യാത്ര നിഷേധിച്ചും വലയുന്നത് നൂറിലധികം കുടുംബങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.