കോട്ടയം: ജനറൽ ആശുപത്രി വളപ്പിലെ റോഡ് നവീകരണം തുടങ്ങി
text_fieldsകോട്ടയം: ഒടുവിൽ ജില്ല ജനറൽ ആശുപത്രി വളപ്പിലെ തകർന്ന റോഡിന് ശാപമോക്ഷം. ആശുപത്രിയുടെ പിൻവശത്തെ കവാടത്തിലേക്കുള്ള റോഡിന്റെ നവീകരണം തുടങ്ങി. കോൺക്രീറ്റ് ജോലികളാണ് ആരംഭിച്ചത്. അടുത്തിടെ റോഡിന്റെ ദുരവസ്ഥയും അധികൃതരുടെ അനാസ്ഥയും ചൂണ്ടിക്കാട്ടി ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. പൂർണമായി തകർന്ന് കിടന്ന ഈ റോഡിലൂടെയായിരുന്നു മോർച്ചറിയിലേക്കും ടി.ബി. സെന്ററിലേക്കും എൻ.എച്ച്.എം ഓഫിസിലേക്കും എത്തേണ്ടിയിരുന്നത്. ഇന്സിനറേറ്ററും ലോൺട്രിയും ഈ ഭാഗത്താണ്. റോഡിലെ ടാറിങ് പൂർണമായി തകർന്ന് വലിയ കല്ലുകൾ മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. വാഹനങ്ങൾ കടന്നുപോവുമ്പോൾ സമീപത്തെ കെട്ടിടത്തിലേക്ക് റോഡിലെ കല്ലുകൾ തെറിച്ചുവീഴുന്നതു പതിവായിരുന്നു. രോഗികളടക്കം നിരവധി പരാതികൾ ഉന്നയിച്ചിട്ടും നടപടിയുണ്ടായില്ല.
നേരത്തെ തകർന്ന റോഡ് ടാർ ചെയ്ത് നൽകണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ ജില്ല പഞ്ചായത്തിന് കത്ത് നൽകിയിരുന്നു. ഇത് പരിഗണിച്ച് പത്തുലക്ഷം രൂപ അനുവദിച്ചു. ഇതിന്റെ തുടർച്ചയായി ജോലികൾ ആരംഭിക്കാൻ ജില്ല പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം നടപടികൾ ആരംഭിച്ചെങ്കിലും ആശുപത്രി അധികൃതരുടെ അലംഭാവം തിരിച്ചടിയായി. മഴവെള്ളം കുത്തിയൊലിക്കുന്ന സ്ഥലമായതിനാൽ മുഴുവൻ ഭാഗത്തും ടാറിങ് പ്രായോഗികമല്ലെന്നും കുറച്ചുഭാഗത്ത് കോൺക്രീറ്റ് ചെയ്യണമെന്നുമായിരുന്നു ജില്ല പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം ശിപാർശ. ഇതനുസരിച്ച ജോലികൾ നടത്തണമെങ്കിൽ ആശുപത്രി അധികൃതർ പുതിയതായി അപേക്ഷ നൽകണമെന്നും ഇവർ അറിയിച്ചു. എന്നാൽ, അപേക്ഷ പുതുക്കി നൽകാൻ രണ്ടാഴ്ച പിന്നിട്ടിട്ടും നൽകാൻ ആശുപത്രി അധികൃതർ തയാറായില്ല. ഇത് ’മാധ്യമം’ വാർത്തയാക്കിയതോടെ പുതുക്കിയ അപേക്ഷ നൽകുകയും ഇതിന്റെ തുടർച്ചയായി റോഡ് നിർമാണം വെള്ളിയാഴ്ച ആരംഭിക്കുകയുമായിരുന്നു.
മൂന്ന്തരത്തിലാണ് റോഡ് നിർമാണം. കുറച്ചുഭാഗം ടാർ ചെയ്യുമ്പോൾ അവശേഷിക്കുന്നയിടങ്ങളിൽ കോൺക്രീറ്റും ഇൻർലോക്ക് കട്ടയും പാകാനാണ് തീരുമാനം. മഴവെള്ളം ഒഴുകിപ്പോകാൻ ഓടയും സജ്ജീകരിക്കും. എൻ.എച്ച്.എം ഓഫിസിലേക്ക് ഇറങ്ങുന്ന ഭാഗത്ത് കൈവരിയും സ്ഥാപിക്കും. രോഗികൾക്കടക്കം ഏറെ ആശ്വാസകരമാകുന്ന നടപടിയാണിതെന്ന് ആശുപത്രി വികസനസമിതിയംഗം പി.കെ. ആനന്ദക്കുട്ടൻ പറഞ്ഞു. കോൺക്രീറ്റിങ് ജോലികളാണ് പുരോഗമിക്കുന്നത്. രണ്ടാഴ്ച കൊണ്ട് റോഡ് തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.