റബറുൽപാദനം 8.75 ലക്ഷം മെട്രിക് ടണ്ണിലെത്തുമെന്ന പ്രതീക്ഷയിൽ റബർ ബോർഡ്
text_fieldsകോട്ടയം: റബറുൽപാദനം 2024-25 സാമ്പത്തികവർഷം 8.75 ലക്ഷം മെട്രിക് ടണ്ണിലെത്തുമെന്ന പ്രതീക്ഷയിൽ റബർ ബോർഡ്. 2023-24 സാമ്പത്തിക വർഷം ടാപ്പ് ചെയ്യുന്ന തോട്ടങ്ങളുടെ വിസ്തൃതിയിൽ 8500 ഹെക്ടറിന്റെ വർധനവുണ്ടായി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് വർധന. ഒപ്പം മെച്ചപ്പെട്ട കാലാവസ്ഥ, രോഗപ്രതിരോധ നടപടികൾ, റെയിൻ ഗാർഡിങ് എന്നിവയും ഉൽപാദനം ഉയരാൻ കാരണമാകുമെന്ന് റബർ ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ എം. വസന്തഗേശൻ പറഞ്ഞു.
12 വർഷത്തെ ഇടവേളക്കുശേഷം റബർ വില കിലോക്ക് 200 രൂപ കടന്നതും ഉൽപാദന ഉണർവിന് കാരണമാകും. 2024 ഏപ്രിൽ മുതൽ മേയ് വരെ ഇന്ത്യയിലെ മൊത്തം ഉൽപാദനം 81,000 മെട്രിക് ടണ്ണാണ്. 2023ൽ ഇതേ കാലയളവിൽ ഉൽപാദനം 82,000 മെട്രിക് ടണ്ണായിരുന്നു. മേയിൽ നേരത്തേ മഴ പെയ്തതാണ് ഉൽപാദനനഷ്ടത്തിന് കാരണം. എന്നാൽ, വരുന്ന മാസങ്ങളിൽ ഉൽപാദനം ഉയരും.
റബർ പാൽ വിപണനം നടത്തുന്നവർ ആർ.എസ്.എസ് ഗ്രേഡ് ഷീറ്റുകളാക്കി വിറ്റാൽ ഇപ്പോഴത്തെ വിപണി സാഹചര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയും. ആർ.എസ്.എസ്-ഒന്നാം ഗ്രേഡിന് നിലവിൽ കിലോക്ക് 245 മുതൽ 250 രൂപ വരെ ലഭിക്കുന്നുണ്ട്. 2023-24ലെ ആഭ്യന്തര പ്രകൃതിദത്ത റബറുപഭോഗം 14,16,000 ടണ്ണാണ്. 2022-23ൽ ഇത് 13,50,000 ടണ്ണായിരുന്നു. ഉപഭോഗത്തിൽ മുൻവർഷത്തേക്കാൾ 4.9 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. ടയർ മേഖല 2023-24 കാലയളവിൽ 0.4 ശതമാനം വളർച്ച നേടി. ഇതേ കാലയളവിൽ ടയറിതര റബറുൽപാദന മേഖല 15.4 ശതമാനം വളർച്ചയാണ് കൈവരിച്ചത്.2022-23ൽ ഇന്ത്യയിലെ റബർതോട്ടങ്ങളുടെ വിസ്തൃതി 8,50,000 ഹെക്ടറാണ്. 2023-24ൽ ഇത് 8,89,000 ഹെക്ടറായി വർധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.