കോമ്പൗണ്ട് റബറിന് എൻ.ഒ.സി നിർബന്ധമാക്കാൻ റബർ ബോർഡ് ശിപാർശ
text_fieldsകോട്ടയം: ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിന് പിന്നാലെ കോമ്പൗണ്ട് റബറിന് എൻ.ഒ.സി നിർബന്ധമാക്കാൻ റബർ ബോർഡ്. ഇതിനുള്ള ശിപാർശ വാണിജ്യമന്ത്രാലയത്തിന് കൈമാറി. പ്രകൃതിദത്ത റബർ അടക്കമുള്ളവയുടെ ഇറക്കുമതിക്ക് റബർ ബോർഡിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്(എൻ.ഒ.സി) നിർബന്ധമാണ്. ഇതിലൂടെ രാജ്യത്തേക്ക് ഇറക്കുമതി നടത്തുന്ന റബറിന്റെ അളവ്, എത്തിക്കുന്ന കമ്പനികളുടെ വിവരങ്ങൾ, ഒാരോ കമ്പനിയും കൊണ്ടുവന്ന തൂക്കം തുടങ്ങിയ മുഴുവൻ വിവരങ്ങളും റബർ ബോർഡിന് ലഭിക്കും.
കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിക്ക് നിലവിൽ റബർ ബോർഡിന്റെ അനുമതി ആവശ്യമില്ല. അതിനാൽ വിവരങ്ങളൊന്നും ലഭ്യമല്ല. നിയന്ത്രണ സംവിധാനങ്ങളുമില്ല. തുറമുഖങ്ങളിലൂടെ എത്തുന്ന ഉൽപന്നങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്ന ഡയറക്ടർ ജനറൽ ഓഫ് കോമേഴ്സ് ഇന്റലിജൻസ് ആൻഡ് സ്റ്റാറ്റിക്സിനെയാണ് കണക്കുകൾക്കായി ബോർഡ് ആശ്രയിക്കുന്നത്.
കോമ്പൗണ്ടിന്റെ കൃത്യമായ വിവരങ്ങൾ ലഭ്യമല്ലാത്തത് രാജ്യത്തെ റബർ ലഭ്യതയുമായി ബന്ധപ്പെട്ട വിലയിരുത്തലുകൾക്ക് തടസ്സം സൃഷ്ടിക്കുന്നതായും ഭാവിപ്രവർത്തനങ്ങളെ ബാധിക്കുന്നതായും കാട്ടിയാണ് എൻ.ഒ.സി വാങ്ങണമെന്ന നിബന്ധന ഏർപ്പെടുത്തണമെന്ന് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
കോമ്പൗണ്ട് റബറിന്റെ മറവിൽ പ്രകൃതിദത്ത റബറിൽ നാമമാത്രമായി മറ്റ് വസ്തുക്കൾ ചേർത്ത് ഇറക്കുമതി നടത്തുന്നതായുള്ള ആക്ഷേപങ്ങളും ഇവർ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ചുങ്കം ഉയർത്തിയത് അനിയന്ത്രിതമായ ഇറക്കുമതിക്ക് കുറവുവരുത്തുമെങ്കിലും നിശ്ചിത ശതമാനം കോമ്പൗണ്ട് റബർ രാജ്യത്തേക്ക് എത്തുമെന്നുതന്നെയാണ് ബോർഡ് കണക്കുകൂട്ടൽ. പ്രകൃതിദത്ത റബറിൽ കൃത്രിമ റബർ, കാർബൺ ബ്ലാക്ക്, രാസവസ്തുക്കൾ, സ്റ്റീൽ തുടങ്ങിയ ആവശ്യാനുസരണം ചേർത്ത് തയാറാക്കുന്ന കോമ്പൗണ്ട് മിശ്രിതം ഉപയോഗിച്ചാണ് വിവിധ ഉൽപന്നങ്ങൾ നിർമിക്കുന്നത്. ഇറക്കുമതിത്തീരുവ 10 ശതമാനം മാത്രമായിരുന്നതിനാൽ ടയർ കമ്പനികൾ അടക്കം വലിയതോതിൽ ഇത് ഇറക്കുമതി ചെയ്ത് കോടികളുടെ നേട്ടമുണ്ടാക്കി.
2017ൽ 57,000 മെട്രിക് ടൺ മാത്രമായിരുന്ന കോമ്പൗണ്ട് റബറിന്റ ഇറക്കുമതി 2022ൽ 114,000 മെട്രിക് ടണ്ണായി വർധിച്ചു. ഇത് കർഷകർക്ക് തിരിച്ചടിയായതോടെ റബർ ബോർഡിന്റെ ശിപാർശകൂടി പരിഗണിച്ച് പ്രകൃതിദത്ത റബറിന്റെ ഇറക്കുമതിച്ചുങ്കമായ 25 ശതമാനം തന്നെ കോമ്പൗണ്ടിനും ഏർപ്പെടുത്തുകയായിരുന്നു.
കോമ്പൗണ്ട് റബറിന്റെ 55 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്നത് ആസിയാൻ രാജ്യങ്ങളിൽ നിന്നാണ്. ബാക്കി 45 ശതമാനത്തോളം യു.എസ്.എ, ജർമനി, ദക്ഷിണ കൊറിയ, ഇറ്റലി, ഫ്രാൻസ്, യു.കെ. തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് എത്തുന്നത്. ഇറക്കുമതിത്തീരുവയുടെ വർധന ആഭ്യന്തര മിക്സിങ് യൂനിറ്റുകളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുമെന്നും ബോർഡ് അധികൃതർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.