മുക്കട നഴ്സറിയിൽ റബർ പാർക്കിന് നീക്കം; 105 ഇനം തൈകൾ മറയുമെന്ന് ആശങ്ക
text_fieldsകോട്ടയം: റബർ ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള മുക്കടയിലെ റബർ ബോർഡ് കേന്ദ്ര നഴ്സറിയിൽ വ്യവസായ പാർക്ക് തുറക്കാനുള്ള നീക്കത്തിൽ പ്രതിഷേധം.
റബർ അധിഷ്ഠിത വ്യവസായ പാര്‍ക്ക് ആരംഭിക്കാൻ നഴ്സറിയുടെ സ്ഥലം ഏറ്റെടുക്കാനാണ് ചർച്ചകൾ. സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അത്യുൽപാദനശേഷിയുള്ള റബർ തൈകള്‍ ലഭ്യമാക്കാൻ 1961ല്‍ റബർ ബോര്‍ഡ് ആരംഭിച്ചതാണ് കറിക്കാട്ടൂരിന് സമീപം മുക്കടയിലെ നഴ്സറി. ഇതിനായി ബോര്‍ഡിന് സർക്കാർ സ്ഥലം വിട്ടുനൽകുകയായിരുന്നു. എന്നാൽ, പാർക്കിനായി ഈ സ്ഥലത്തിന്റെ ഭൂരിഭാഗവും തിരികെയെടുക്കാനാണ് ഇപ്പോൾ സർക്കാർതലത്തിലെ ആലോചന.
സംസ്ഥാനത്തെ റബർ ഉൽപാദനത്തിൽ വൻ മാറ്റങ്ങൾ സൃഷ്ടിച്ച 105 ഇനം തൈകൾ ഉല്പാദിപ്പിച്ച് വിതരണം നടത്തിയത് ഇവിടെ നിന്നായിരുന്നു. റബര്‍ ഉൽപാദനത്തില് വൻ കുതിച്ചുചാട്ടത്തിന് ഇടയാക്കിയ ഈ തൈകൾ മിതമായ നിരക്കിലായിരുന്നു നഴ്സറിയിൽനിന്ന് വിൽപന നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷവും 5.5 ലക്ഷം തൈകള്‍ ഉൽപാദിപ്പിച്ച് വിതരണം ചെയ്തിരുന്നു.
ഏറ്റവും ഉൽപാദന ശേഷിയുള്ള എഫ്.എക്സ് 516 (ക്രൗണ്‍ ബഡഡ്)തൈകള്‍ ലഭ്യമാകുന്ന ഏക കേന്ദ്രവും മുക്കടയാണ്. റബര്‍ ഗവേഷണ കേന്ദ്രത്തില്‍ പുതുതായി വികസിപ്പിച്ചെടുക്കുന്ന ക്ലോണുകൾ മദര്‍ പ്ലാന്റില്‍നിന്ന് ബഡ് ചെയ്ത് നഴ്സറികളിലേക്കും കര്‍ഷകരിലേക്കും എത്തിക്കുന്നതും ഇവിടെ നിന്നാണ്.
നിലവിൽ ലോകത്ത് ലഭിക്കുന്ന 67 ക്ലോൺ ഇനങ്ങളും വളർത്തുന്ന സ്ഥലമെന്ന പ്രത്യേകതയും നഴ്സറിക്കുണ്ട്. രാജ്യത്തിന്റെ മറ്റൊരു ഭാഗത്തും എല്ലാ ക്ലോൺ ഇനങ്ങളും ഇതുപോലെ ഒരേസ്ഥലത്ത് കാണാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും നഴ്സറികളിലേക്കുള്ള മദര്‍ പ്ലാന്റും ഇവിടെയാണ്. ഇത്രയും പ്രത്യേകതയുള്ള നഴ്സറിയെ കീറിമുറിക്കാൻ അനുവദിക്കില്ലെന്നാണ് കർഷകർ പറയുന്നത്.
സംസ്ഥാനത്ത് 105 ഇനങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നതിനിടെയാണ് നഴ്സറിയെ കൈവിടാനുള്ള നീക്കം. മിക്ക സ്വകാര്യ നഴ്സറികളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് തൈകള്‍ കയറ്റി അയക്കുന്നതിനാൽ ഇവിടത്തെ കർഷകർക്ക് ആശ്രയം മുക്കട നഴ്സറിയായിരുന്നു. മുക്കടയിലെ നഴ്സറി ഇല്ലാതാകുന്നത് 105 ഇനം തൈകളുടെ ലഭ്യതയെ ബാധിക്കുമെന്നും കർഷകർ പറയുന്നു.
നഴ്സറിയിലെ ഒരു സ്ഥലത്ത് മൂന്ന് മുതൽ നാലുവർഷം വരെയാണ് കൃഷി നടത്തുക. തുടര്‍ന്ന് ഇത്രയും കാലം ഈ സ്ഥലം ജൈവ സാമ്പുഷ്ടീകരണത്തിനായി സൂക്ഷിക്കും.
ഇത്തരത്തില്‍ നീക്കിയിട്ട സ്ഥലം തരിശായി കിടക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വ്യവസായ പാര്‍ക്കിനായി ഏറ്റെടുക്കാന്‍ ശ്രമം നടക്കുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
പിന്നിൽ ഭൂമി കച്ചവട താൽപര്യം –പി.സി. സിറിയക്
കാഞ്ഞിരപ്പള്ളി: മുക്കടയിലെ റബർ ബോർഡ് കേന്ദ്ര നഴ്സറി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ കർഷകരുടെ വൻ പ്രതിഷേധം. റബര്‍ ഉൽപാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ ധർണ റബർ ബോർഡ് മുൻ ചെയർമാൻ പി.സി. സിറിയക് ഉദ്ഘാടനം ചെയ്തു. വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ സ്ഥലം റബർ പാർക്ക് നിർമിക്കാൻ കൈമാറിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും ചെയ്യാൻ സർക്കാറിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെയാണ് മുക്കടയിലെ റബർ നഴ്സറി ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ. ഇതിനുപിന്നിൽ ഭൂമി കച്ചവട താൽപര്യമാണെന്നും സിറിയക് ആരോപിച്ചു. റബർ തൈയുടെ ഗുണമേന്മക്കും വില നിയന്ത്രണത്തിനും ഇത് നിലനിൽക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടായ്മ ദേശീയ പ്രസിഡന്റ് വി.വി. ആന്റണി അധ്യക്ഷത വഹിച്ചു. റബർ ബോർഡ് അംഗം എൻ. ഹരി, കെ.പി.സി.സി സെക്രട്ടറി പി.എ. സലിം, കേരള കോൺഗ്രസ് എം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് എ.എം. മാത്യു, സി.പി.എം നേതാവ് ഗിരീഷ് എസ്. നായർ, കേരള കോൺഗ്രസ് സെക്രട്ടേറിയറ്റ് അംഗം തോമസ് കുന്നപ്പള്ളി, വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ്, അഡ്വ. സുരേഷ് കോശി, വി.സി. അജികുമാർ, ബാബു ജോസഫ്, ജോർജ് കൊട്ടാരം, ബോസ് വെച്ചൂച്ചിറടി, കെ. സാജു, തോമസ് മാമ്പുഴ ചങ്ങനാശ്ശേരി, അബ്ദുൾ കരിം കാഞ്ഞിരപ്പള്ളി, ഷാജി ചിറക്കടവ് എന്നിവർ സംസാരിച്ചു. വിവിധ റബർ ഉൽപാദക സംഘങ്ങളിൽനിന്നുള്ള കർഷകരും ധർണയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.