റബർ പാർക്ക്; കരാർ കമ്പനികളുടെ അനാസ്ഥ അവസാനിപ്പിക്കണം -സംയുക്ത ട്രേഡ് യൂനിയൻ സമിതി
text_fieldsതലയോലപ്പറമ്പ്: സംസ്ഥാന സർക്കാറിന്റെ സ്വപ്നപദ്ധതിയായ കേരള റബർ പാർക്കിന്റെ പ്രാരംഭ നിർമാണ ജോലികൾ ഏറ്റെടുത്ത കമ്പനികൾ ഉദാസീനതയോടെയുള്ള സമീപനം സ്വീകരിക്കുന്നതുമൂലം പണികൾ ഇഴഞ്ഞുനീങ്ങുകയാണെന്നും കരാർ കാലാവധി അവസാനിച്ചിട്ടും നിർമാണ പ്രവർത്തനങ്ങളിൽ ഒരു പുരോഗതിയും കൈവരിക്കാൻ സാധിച്ചിട്ടില്ലെന്നും സംയുക്ത ട്രേഡ് യൂനിയൻ. പ്രദേശവാസികളായ തൊഴിലാളികൾക്ക് സമയത്ത് കൂലി നൽകാൻപോലും കരാറുകാർ തയാറാകുന്നില്ല. അന്തർസംസ്ഥാന തൊഴിലാളികളെ കൂടുതലായി ഇറക്കി കുറഞ്ഞ കൂലിയിൽ പണിയെടുപ്പിക്കാനാണ് കരാറുകാർ ശ്രമിക്കുന്നത്. കോൺട്രാക്ടർമാരും യൂനിയൻ പ്രതിനിധികളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലുള്ള കൂലിയാണ് ഇപ്പോൾ നൽകിവരുന്നത്. ഇത് അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും യൂനിയൻ ഭാരവാഹികൾ അറിയിച്ചു.
ഉപകരാർ എടുത്ത കമ്പനികൾ തൊഴിലാളികളോട് ധിക്കാരപരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അന്തർസംസ്ഥാന തൊഴിലാളികളെ വെച്ച് പണിയെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ടതിന്റെയും പണിയെടുത്ത ദിനങ്ങളിലെ കൂലി ചോദിച്ചതിന്റെയും പേരിൽ രണ്ടാഴ്ചയിലേറെയായി നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. ഇതിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ യൂനിയൻ നേതാക്കൾക്കെതിരെ കള്ളക്കേസുകൾ ചുമത്താനുള്ള ശ്രമമാണ് കരാറുകാർ സ്വീകരിക്കുന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജില്ല ലേബർ ഓഫിസർക്ക് പരാതി നൽകാനും സംയുക്ത ട്രേഡ് യൂനിയൻ തീരുമാനിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് വെള്ളൂർ സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ തൊഴിലാളി സംഗമം നടത്തുമെന്നും നേതാക്കളായ സി.എം. രാധാകൃഷ്ണൻ, എസ്.എസ്. മുരളി, കെ.കെ. സുനിൽകുമാർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.