റബർ വില വീണ്ടും കൂടി; ഡബിള്‍ സെഞ്ച്വറിയിൽ
text_fieldsകോട്ടയം: ഇടവേളക്കുശേഷം റബർ വീണ്ടും 200ലേക്ക്. ആഴ്ചകളായി കിലോക്ക് 190-192 എന്ന നിലയിലായിരുന്ന വില രണ്ടാഴ്ച മുമ്പാണ് ചലിച്ചുതുടങ്ങിയത്. ബുധനാഴ്ച വിപണിയില്‍ 198 രൂപക്കായിരുന്നു കച്ചവടം. ചിലയിടങ്ങളിൽ 200 രൂപക്കും വ്യാപാരികൾ റബർ വാങ്ങി. റബർ ബോർഡും ബുധനാഴ്ച ആർ.എസ്.എസ് നാല് ഗ്രേഡിന് 198 രൂപയാണ് പ്രഖ്യാപിച്ചത്. 200 രൂപക്കുവരെ കച്ചവടം നടന്നതായും റബർ ബോർഡ് അറിയിച്ചു.
മാസങ്ങൾക്കു ശേഷമാണ് റബർ വില വീണ്ടും 200ൽ തൊട്ടത്. ഏഴുമാസം മുമ്പ് റബര്‍ വില 255 രൂപയെന്ന റെക്കോഡിലും എത്തിയിരുന്നു. 2011 ഏപ്രില്‍ അഞ്ചിലെ 243 രൂപയായിരുന്നു അതുവരെയുള്ള റെക്കോഡ് വില. ഈ റെക്കോഡ് തകര്‍ത്തത് കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിനാണ് 255 രൂപയിലെത്തിയത്.
ഇതിനുശേഷം വില താഴേക്ക് പോകുകയായിരുന്നു. ഇത് 180 രൂപവരെയായി കുറഞ്ഞു. ഇതാണിപ്പോൾ 200ലേക്ക് എത്തിയത്. എന്നാൽ, ഭൂരിഭാഗം കർഷകർക്കും വിലയിലെ ഉണർവിന്റെ പ്രയോജനം ലഭിക്കാത്ത സ്ഥിതിയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മരങ്ങളുടെ ഇല കൊഴിയുകയും വേനല്‍ ശക്തമാകുകയും ചെയ്തതിനെത്തുടര്‍ന്ന് കര്‍ഷകർ ടാപ്പിങ് നിര്‍ത്തിയിരിക്കുകയാണ്. അതിനാൽ, വിപണിയില്‍ എത്തുന്ന ചരക്കിന്റെ അളവും കുറവാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ചരക്ക് സൂക്ഷിച്ചുവെച്ചിരുന്ന കര്‍ഷകര്‍ മാത്രമാണ് ഇപ്പോള്‍ പേരിനെങ്കിലും റബര്‍ വില്‍ക്കുന്നത്. മറ്റ് കർഷകരുടെ പക്കൽ വിൽക്കാൻ റബറില്ല.
നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ റബറിന് ക്ഷാമം നിലനില്‍ക്കുകയാണ്. ആവശ്യക്കാരും ഏറെയുണ്ട്. അതിനാൽ, വില ഇനിയും ഉയരുമെന്നാണ് സൂചന. എന്നാൽ, ടയര്‍ കമ്പനികള്‍ വിപണിയിൽനിന്ന് വിട്ടുനിൽക്കുന്നതിനാൽ കർഷകർ ആശങ്കയിലാണ്. കഴിഞ്ഞ സീസണില്‍ ആവശ്യത്തിലേറെ റബര്‍ വാങ്ങി ടയര്‍ കമ്പനികള്‍ ഗോഡൗണുകള്‍ നിറച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ വിപണിയില്‍ ഇടപെട്ടില്ലെങ്കിലും പ്രശ്നമില്ലെന്ന നിലപാടിലാണ് ഇവർ. ഇത് വില ഉയരാതിരിക്കാൻ കാരണമാകുമെന്നും കർഷകർ പറയുന്നു. വില വീണ്ടും ഉയർന്നതോടെ കർഷകർ ടാപ്പിങ് പുനരാരംഭിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
കിഴക്കന്‍ മേഖലയില്‍ ഒന്നിലേറെ വേനല്‍ മഴ ലഭിച്ചതും പലരും ടാപ്പിങ് പുനരാരംഭിക്കാനുള്ള ആലോചനക്ക് ശക്തിവർധിപ്പിച്ചിട്ടുണ്ട്. വില 200 പിന്നിടുന്നതോടെ കൂടുതല്‍ കര്‍ഷകര്‍ ടാപ്പിങ് പുനരാരംഭിക്കും. മഴ തുടരുന്നതും അനൂകൂലമായിട്ടാണ് കർഷകർ കണക്കാക്കുന്നത്. ഒട്ടുപാല് വിലയും ഇത്തവണ താഴാതെ നിലനില്‍ക്കുകയാണ്. ബുധനാഴ്ച കിലോക്ക് 135 രൂപക്കാണ് മിക്കയിടങ്ങളിലും ഒട്ടുപാല് വ്യാപാരം നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.