വോട്ട് പിടിക്കാൻ ഓട്ടം
text_fieldsകോട്ടയം: പുതുപ്പള്ളിയിൽ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ എത്തിയുള്ള പ്രചാരണം തകർക്കുമ്പോൾ കൊടും ചൂടിനെ പോലും അവഗണിച്ച് വീടുകൾ കയറി വോട്ടുതേടാനും നാമനിർദേശ പത്രിക സമർപ്പിക്കാനും കൺവെൻഷനുകളിൽ പങ്കെടുക്കാനുമാണ് സ്ഥാനാർഥികൾ ബുധനാഴ്ച സമയം കണ്ടെത്തിയത്.
എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി.തോമസാകട്ടെ രാവിലെ നാമനിർദേശ പത്രിക സമർപ്പിക്കുന്ന തിരക്കിലായിരുന്നു. 11.30ന് നാമനിർദേശ പത്രിക സമർപ്പിച്ച അദ്ദേഹം പിന്നീട് മാധ്യമങ്ങൾക്ക് മുമ്പാകെ പ്രതികരിച്ചു. വികസനം സംബന്ധിച്ച ചർച്ചക്ക് തങ്ങൾ തയാറാണെന്നും പറഞ്ഞു.
തുടർന്ന് ഉച്ചക്കുശേഷം ഭവനസന്ദർശനം നടത്തിയ അദ്ദേഹം വൈകീട്ട് നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിലും പങ്കെടുത്തു. കൺവെൻഷനിലും വികസനം തന്നെയാണ് പ്രധാനമായും മുന്നോട്ട് വച്ചത്.
മുൻ മുഖ്യമന്ത്രിയും തന്റെ പിതാവുമായ ഉമ്മൻ ചാണ്ടിയുടെ വേർപാടിന്റെ 30ാം നാളത്തെ കുർബാന പ്രാർഥനയിൽ പങ്കെടുത്തുകൊണ്ടാണ് ചാണ്ടി ഉമ്മൻ പ്രചാരണ പരിപാടികൾ ആരംഭിച്ചത്. നിരവധി പ്രമുഖർ ഉമ്മൻ ചാണ്ടിയെപ്പറ്റി ഉദ്ധരിക്കുന്ന ‘ഹൃദയപക്ഷത്തെ കുഞ്ഞൂഞ്ഞ് ’ പുസ്തകത്തിന്റെ പ്രകാശനത്തിലും പങ്കെടുത്തു. പാലാകമുന്നിക്കൽ, കുന്നൂർ റോഡ് എന്നിവിടങ്ങളിലാണ് സ്ഥാനാർഥി പര്യടനം നടത്തിയത്.
സ്ഥാനാർഥിക്കൊപ്പം സ്കൂളിൽ പോകാതെ കൂടിയ ഒന്നാംക്ലാസ് വിദ്യാർഥി ഐലനെ ചാണ്ടി ഉമ്മൻ നിർബന്ധിച്ചാണ് സ്കൂളിലേക്ക് അയച്ചത്.
പിന്നീട് കോട്ടയത്ത് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടന്ന യോഗത്തിൽ പങ്കെടുത്തു. കെ.പി.എം.എസ് പുതുപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫിസ് സന്ദർശിച്ചു. ഉച്ചക്കുശേഷം തുരുത്തി പ്രദേശത്ത് വീടുകൾ കയറി വോട്ട് അഭ്യർഥന നടത്തി.
തുടർന്ന് വിവിധ മണ്ഡലം കൺവെൻഷനുകളിൽ പങ്കെടുത്തു. വാഗത്താനം മണ്ഡലം കൺവെൻഷനിൽ സ്ഥാനാർഥിക്ക് നോമിനേഷന് കെട്ടിവെക്കാനുള്ള രൂപ എം.ആർ.എഫ് ഐ.എൻ.ടി.യു.സി യൂനിയൻ കൈമാറി. ബി.ജെ.പി സ്ഥാനാർഥിയായ ജി. ലിജിൻ ലാൽ കൊങ്ങാണ്ടൂർ, അമയനൂർ, മണർകാട് മേഖലകളിൽ സന്ദർശനം നടത്തി വോട്ട് അഭ്യർഥിച്ചു. സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെ നേതാക്കളുമായി കൂടിയാലോചനകൾ നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.