ശബരി ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്
text_fieldsപൊൻകുന്നം: ശബരി ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് സ്ഥലമേറ്റെടുക്കലിന്റെ പ്രാഥമിക നടപടികള്‍ അന്തിമഘട്ടത്തിലായെന്ന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്.
ചെറുവള്ളി എസ്റ്റേറ്റും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ മണിമല പഞ്ചായത്തിലെ സമീപപ്രദേശങ്ങളും ഉള്‍പ്പെടെ 2570 ഏക്കര്‍ സ്ഥലമാണ് എയര്‍പോര്‍ട്ടിനായി ഏറ്റെടുക്കുന്നത്. പ്രാഥമിക നടപടിയായ സാമൂഹികാഘാത പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. അടുത്ത ഘട്ടമായി ഏറ്റെടുക്കുന്ന സ്ഥലം ഉടമകളെ നേരില്‍ കേള്‍ക്കുന്ന നടപടിയാണ് ഇനിയുള്ളത്. പുനരധിവാസ പാക്കേജ് അടക്കം ഏറ്റവും മെച്ചപ്പെട്ട നഷ്ടപരിഹാരം ലഭ്യമാക്കാൻ ഈ കൂടിക്കാഴ്ചയിലൂടെ ലഭിക്കുന്ന ശിപാര്‍ശകള്‍ അധികമായി പരിഗണിക്കും.
കുമരകവും വാഗമണ്ണും തേക്കടിയും ഉള്‍പ്പെടെ മധ്യകേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലേക്കും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ കങ്ങഴയില്‍ അനുമതിയായ അന്താരാഷ്ട്ര സാംസ്കാരിക കേന്ദ്രത്തിലേക്കും എത്തുന്ന ആഭ്യന്തര- വിദേശ ടൂറിസ്റ്റുകള്‍ക്ക് ഈ എയര്‍പോര്‍ട്ടിലൂടെ എളുപ്പത്തില്‍ എത്താന്‍ കഴിയും.
എയര്‍പോര്‍ട്ടിന് ഏറ്റെടുക്കുന്ന ഭൂമി അളവില്‍ കൂടുതലാണെങ്കിലും അവ ഉള്‍പ്പെട്ടിരിക്കുന്നത് ചുരുക്കം സര്‍വേ നമ്പറുകളില്‍ മാത്രമായതിനാല്‍ നഷ്ടപരിഹാര പാക്കേജ് തയാറാക്കുന്ന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാകും. നിര്‍ദിഷ്ട വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശിച്ച മാറ്റങ്ങള്‍കൂടി ഉള്‍പ്പെടുത്തിയ വിശദ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതിനാല്‍ അന്തിമ അനുമതി വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചീഫ് വിപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.