ശബരിമല മണ്ഡല-മകരവിളക്ക്: സർവം, സൗകര്യപ്രദം
text_fieldsകോട്ടയം: സുഗമമായ ശബരിമല തീർഥാടനത്തിന് ഭക്തർക്ക് വിപുല സൗകര്യമൊരുക്കി ജില്ലയിലെ ഇടത്താവളങ്ങൾ. തിരുനക്കര, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം, എരുമേലി, ചിറക്കടവ്, കൊടുങ്ങൂർ എന്നിവയാണ് ജില്ലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പ്രധാന ഇടത്താവളങ്ങൾ. എല്ലായിടത്തും ആരോഗ്യവകുപ്പിന്റെ ഹെൽത്ത് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്. കാനനപാതകളിൽ ഓക്സിജൻ പാർലർ സൗകര്യവുമുണ്ട്.
ഏറ്റുമാനൂർ
വെർച്വൽ ക്യൂ ബുക്കിങ്ങിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. പടിഞ്ഞാറേ മൈതാനം, ശ്രീകൈലാസ് ഓഡിറ്റോറിയം എന്നിവിടങ്ങളിൽ വിരിവെക്കാൻ സൗകര്യമൊരുക്കിയതായി ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ വി.ആർ. ജ്യോതി പറഞ്ഞു. കെട്ടുനിറക്കാനുള്ള സൗകര്യവുമുണ്ട്. ചുക്കുവെള്ളവും ഉച്ചക്ക് അന്നദാനവും വൈകീട്ട് അത്താഴക്കഞ്ഞിയും നൽകും. മൈതാനത്ത് വാഹന പാർക്കിങ്ങിന് സൗകര്യമുണ്ട്. 24 മണിക്കൂറും പൊലീസ് എയ്ഡ് പോസ്റ്റും അഗ്നിരക്ഷ സേനയുടെ യൂനിറ്റും പ്രവർത്തിക്കുന്നു. ദിവസവും വൈകീട്ട് 7.30 ന് ഇവിടെനിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവിസുണ്ട്. കെ.എസ്.ആർ.ടി.സി. ബസ് ബുക്കിങ്ങിനുള്ള സഹായവും ലഭിക്കും.
തിരുനക്കര
മഹാദേവ ക്ഷേത്രത്തിൽ തീർഥാടകർക്ക് വിരിവെക്കാൻ ശിവശക്തി ഓഡിറ്റോറിയത്തിൽ ഷെൽട്ടർ തുറന്നിട്ടുണ്ട്. അയ്യപ്പനടയിൽ കെട്ടുനിറക്കാൻ സൗകര്യമുണ്ട്. അത്താഴക്കഞ്ഞിയും കുടിവെള്ളവും ചുക്കുകാപ്പിയും ലഭിക്കും. മൈതാനത്ത് പാർക്കിങ്ങിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പൊലീസ് എയ്ഡ് പോസ്റ്റുണ്ട്. കെ.എസ്.ആർ.ടി.സി ബസ് മുൻകൂർ ബുക്കിങ് സൗകര്യമുണ്ട്. എല്ലാ ദിവസവും വൈകീട്ട് ഒമ്പതിന് ഇവിടെനിന്ന് പമ്പക്ക് കെ.എസ്.ആർ.ടി.സി. ബസ് സർവിസുമുണ്ടെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ പി.ആർ. മീര പറഞ്ഞു.
വൈക്കം
വൈക്കം മഹാദേവ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ബുക്കിങ്ങിനും ഊട്ടുപുരയിൽ വിരിവെക്കാനും സൗകര്യമുണ്ടെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ പി. അനിൽകുമാർ പറഞ്ഞു. ഉച്ചക്കും വൈകീട്ടും ഭക്ഷണം ലഭിക്കും. കെട്ടുനിറക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അമ്പല മൈതാനത്തും ദേവസ്വം സ്ഥലത്തുമായി പാർക്കിങ് സൗകര്യമുണ്ട്.
എരുമേലി
തീർഥാടകർ ഏറെയെത്തുന്ന എരുമേലിയിൽ വിവിധ വകുപ്പുകളും ദേവസ്വം ബോർഡും വിപുല സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എൻ. ശ്രീധരശർമ പറഞ്ഞു. വെൽച്വൽ ക്യൂ സ്പോട്ട് ബുക്കിങ് സൗകര്യം, കുടിവെള്ളം, ചുക്കുവെള്ളം, ഉച്ചക്ക് ഔഷധക്കഞ്ഞി, അത്താഴക്കഞ്ഞി എന്നിവയുണ്ട്. ഒരേസമയം 300 പേർക്ക് വിരിവെക്കാൻ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം ഷോപ്പിങ് കോംപ്ലക്സിൽ സൗകര്യമുണ്ട്. പ്രസാദ വിതരണത്തിന് കൂടുതൽ കൗണ്ടറുകൾ പ്രവർത്തിക്കുന്നു. കൂടുതൽ ശൗചാലയങ്ങൾ തുറന്നു. തീർഥാടകർക്ക് വിവരങ്ങൾ നൽകാൻ ഇൻഫർമേഷൻ കേന്ദ്രം പ്രവർത്തിക്കുന്നു. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും 24 മണിക്കൂർ സേവനമുണ്ട്.
കടുത്തുരുത്തി
കടുത്തുരുത്തി ക്ഷേത്രത്തിൽ വിരിവെക്കുന്നതിന് വിരി പന്തലിൽ സൗകര്യമുണ്ട്. പ്രഭാതഭക്ഷണവും ചുക്കുവെള്ളവും നൽകുന്നു. ഗോപുരത്തിന് താഴ്ഭാഗത്ത് പാർക്കിങ് സൗകര്യമുണ്ട്. ആരോഗ്യ വകുപ്പിന്റെ ഹെൽത്ത് ഡെസ്ക് പ്രവർത്തിക്കുന്നു.
കടപ്പാട്ടൂർ
തീർഥാടകർക്ക് പന്തലിൽ വിരിവെക്കുന്നതിന് സൗകര്യമുണ്ട്. ഭക്തർക്കായി അന്നദാനമുണ്ട്. പൊലീസ് സേവനം 24 മണിക്കൂറും ലഭ്യമാണ്. ആയുർവേദം , ഹോമിയോ, അലോപ്പതി വിഭാഗങ്ങളുടെ ഹെൽത്ത് ഡെസ്കുകൾ പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.