സജി മഞ്ഞക്കടമ്പിലിന്റെ രാജി യു.ഡി.എഫിന് തിരിച്ചടി; നേട്ടമാക്കാൻ എൽ.ഡി.എഫ്
text_fieldsകോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള സജി മഞ്ഞക്കടമ്പിലിന്റെ രാജി യു.ഡി.എഫിനെ വെട്ടിലാക്കുമ്പോൾ, മുതലെടുക്കാൻ എൽ.ഡി.എഫ് നീക്കം. തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുന്ന തരത്തിലുള്ള സ്വാധീനമൊന്നും സജിക്ക് അവകാശപ്പെടാൻ കഴിയില്ലെങ്കിലും യു.ഡി.എഫ് ജില്ല ചെയർമാന്റെ രാജി മുന്നണിയെ അങ്കലാപ്പിലാക്കുന്നുണ്ട്. മോശം പ്രതിച്ഛായ സൃഷ്ടിക്കുമെന്നാണ് മുന്നണിയുടെ പൊതുവിലയിരുത്തൽ. അതേസമയം, അപരന്മാരുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിരോധത്തിലായ എൽ.ഡി.എഫിന് വീണുകിട്ടിയ ആശ്വസവടിയായി രാജി പ്രഖ്യാപനം.
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ജില്ലയിലെ പ്രധാന മുഖമായിരുന്ന സജി, ചെയർമാനെന്ന നിലയിൽ യു.ഡി.എഫിനെ ചലിപ്പിക്കുന്നതിലും മുന്നിലുണ്ടായിരുന്നു. നിരവധി സമരങ്ങളാണ് സജിയുടെ നേതൃത്വത്തിൽ ജോസഫ് വിഭാഗം സംഘടിപ്പിച്ചത്. വലിയ പ്രവർത്തക പിന്തുണയില്ലെങ്കിലും മികച്ച സംഘടകനെന്ന് പേരെടുത്ത ഇദ്ദേഹത്തിന് ഒരുകൂട്ടം വിശ്വസ്ത അനുയായികളുമുണ്ട്.
മോൻസ് ജോസഫ് എം.എൽ.എ ഒതുക്കാൻ ശ്രമിക്കുന്നുവെന്ന പരാതി നേരത്തേ മുതൽ സജിക്കുണ്ട്. സജി മഞ്ഞക്കടമ്പിൽ ജോസഫ് വിഭാഗം ജില്ല പ്രസിഡന്റായ ഘട്ടത്തിൽ പതിവുതെറ്റിച്ച് യു.ഡി.എഫ് ചെയർമാൻ സ്ഥാനം മോൻസിനാണ് നൽകിയത്. സാധാരണ കേരള കോൺഗ്രസ് ജില്ല പ്രസിഡന്റായിരുന്നു യു.ഡി.എഫ് ചെയർമാനാകുന്നത്. ഈ കീഴ്വക്കം തെറ്റിച്ചതിനെതിരെ സജി രംഗത്തുവന്നിരുന്നു. പിന്നീട് നിയമസഭ സീറ്റിനെച്ചൊല്ലി സജി പാർട്ടി നേതൃത്വവുമായി കലഹിച്ചു. അന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ സ്ഥാനം നൽകിയാണ് അനുനയിപ്പിച്ചത്.
പിന്നാലെ റബർ മാർച്ചിനെ ചൊല്ലിയും മോൻസും സജിയും തമ്മിൽ ‘ഉരസി’. ഇതിനുപുറമെ, യു.ഡി.എഫ് മണ്ഡലം ഭാരവാഹികളെ നിശ്ചയിച്ചതിനെച്ചൊല്ലിയും ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. തെരഞ്ഞെടുപ്പോടെ ഇത് പൊട്ടിത്തെറിയിലേക്ക് എത്തുകയായിരുന്നു. തെരഞ്ഞെടുപ്പിൽ പ്രധാന ചുമതലയൊന്നും നൽകാതായതോടെ തന്നെ അകറ്റി നിർത്തിയതായുള്ള വികാരം ശക്തമായി. അതേസമയം, കേരള കോൺഗ്രസിലെ പ്രശ്നമെന്ന നിലയിൽ നിസ്സാരവത്കരിക്കാനാണ് കോൺഗ്രസ് ശ്രമം. യു.ഡി.എഫിനെ ബാധിക്കില്ലെന്നും ഇവർ പറയുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് കാലത്ത് രാജിക്കുള്ള അവസരം ഒഴിവാക്കണമെന്ന വികാരവും നേതാക്കൾ പങ്കിടുന്നു. ജോസഫ് വിഭാഗത്തിന് ഇതിൽ വീഴ്ച വന്നിട്ടുണ്ടെന്ന വികാരവും ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾക്കുണ്ട്.
മറുവശത്ത് വോട്ടെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ, വീണുകിട്ടിയ അവസരം മുതലെടുക്കാനാണ് എൽ.ഡി.എഫ് നീക്കം. തർക്കത്തിൽ മുങ്ങുന്ന മുന്നണിയെന്ന പ്രതികരണത്തിനൊപ്പം ജോസഫ് വിഭാഗം ഇല്ലാതായെന്ന പ്രചാരണത്തിനും ഇവർ തുടക്കമിട്ടുകഴിഞ്ഞു. സജിയെ പരോക്ഷമായി പിന്തുണച്ച് മന്ത്രി വി.എൻ. വാസവനടക്കം രംഗത്തെത്തുകയും ചെയ്തു. കരൂർ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ല പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സജി, കഴിഞ്ഞ പിളർപ്പിലാണ് ജോസഫിനൊപ്പം ചേർന്നത്. മോൻസിന്റെ പ്രവർത്തനത്തിൽ പഴയ മാണി ഗ്രൂപ്പുകാർ പലരും അതൃപ്തരാണ്. സജിയുടെ രാജിയോടെ ഇത് കൂടുതൽ ശക്തമാകുമെന്ന ആശങ്കയും പാർട്ടിയിലുണ്ട്.
രാഷ്ട്രീയ രംഗത്തേക്കില്ലെന്ന് രാജി പ്രഖ്യാപനവേളയിൽ സജി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹം കേരള കോൺഗ്രസ് എമ്മിൽ ചേരുമെന്നാണ് സൂചന. മാണി ഗ്രൂപ്പിലെ ഉന്നത നേതാക്കൾക്ക് രാജിസൂചന അദ്ദേഹം കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.