രണ്ട് നൂറ്റാണ്ട് പിന്നിട്ട് കോട്ടയത്തിന്റെ ബേക്കർ പച്ച
text_fieldsകോട്ടയം: ഇളം പച്ചനിറത്തിലുള്ള നീളൻ പാവാടയും വെള്ള ഷർട്ടും യൂനിഫോം അണിഞ്ഞ് മഞ്ഞ നിറത്തിലുള്ള റിബൺ കൊണ്ട് മുടി ഇരുഭാഗത്തും കെട്ടിവെച്ച് നഗരഹൃദയത്തിലൂടെ നടന്നു നീങ്ങുന്ന പെൺകുട്ടികൾ. മുഖങ്ങൾ മാറിമാറി വരുന്നുണ്ടെങ്കിലും ഈ വേഷവിധാനത്തിന് മാറ്റം സംഭവിച്ചിട്ടില്ല.
206 വർഷമായി കോട്ടയം നഗരം സ്ഥിരമായി കണ്ടുകൊണ്ടിരിക്കുന്ന കാഴ്ച. ഇന്ത്യയിലെ ആദ്യ പെൺപള്ളിക്കൂടമായ ബേക്കർ മെമ്മോറിയൽ ഹൈസ്കൂളിലെ യൂനിഫോമാണിത്. 1819ൽ കോട്ടയത്തെത്തിയ ചർച്ച് മിഷനറി സൊസൈറ്റിയുടെ പ്രവർത്തകനായ ഹെൻറി ബേക്കർ സീനിയറിന്റെ പത്നി അമേലിയ ഡെറോത്തിയ ബേക്കർ ആണ് പാശ്ചാത്യ വിദ്യാഭ്യാസ സമ്പ്രദായം പ്രചരിപ്പിക്കാൻ പെൺപള്ളിക്കൂടം ആരംഭിച്ചത്. ആറു വിദ്യാർഥികളായിരുന്നു തുടക്കത്തിൽ. വായന, ചോദ്യോത്തരം, ഇംഗ്ലീഷ്, തയ്യൽ എന്നിവയായിരുന്നു പാഠ്യ വിഷയങ്ങൾ. ഭക്ഷണവും വസ്ത്രവും താമസസൗകര്യവും ബംഗ്ലാവിൽതന്നെ. അവർക്കായി തെരഞ്ഞെടുത്ത യൂനിഫോമാണ് ഇളം പച്ചനിറത്തിലുള്ള നീളൻ പാവാടയും വെള്ള ഷർട്ടും. 1893ൽ മിസ് ബേക്കേഴ്സ് സ്കൂൾ എന്ന് ഈ പള്ളിക്കൂടത്തിന് പേരിട്ടു. 1952 ൽ സർക്കാർ അംഗീകാരവും നേടി. പലഘട്ടങ്ങളിലും യൂനിഫോം മാറ്റാൻ സമർദങ്ങളും ഇടപെടലുകളുമുണ്ടായെങ്കിലും ഈ പുതിയ കാലത്തും പാവാടപ്രായം മാറാതെ സ്കൂൾ പിടിച്ചുനിന്നു. ഇന്ന് സ്കൂളിന്റെ ഐഡന്റിറ്റി കൂടിയാണ് ഈ വേഷം. പാവാടയുടെ ഇളം പച്ചനിറത്തിന് ബേക്കർ പച്ച എന്നാണു പേരുതന്നെ. പച്ച സമൃദ്ധിയെയും വെള്ള പരിശുദ്ധിയെയും മഞ്ഞ ശിക്ഷണത്തെയുമാണ് സൂചിപ്പിക്കുന്നത്. ‘സ്നേഹം ഒരു നാളും ഉതിർന്നു പോകില്ല’ എന്നതാണ് സ്കൂളിന്റെ ആപ്തവാക്യം. 2019ൽ സ്കൂൾ ദ്വിശതാബ്ദി ആഘോഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.