വില നൂറിൽ തൊട്ടു; മത്തിപ്രളയം
text_fieldsകോട്ടയം: വിലയിൽ വൻ ഇടിവുണ്ടായതോടെ നാടെങ്ങും മത്തിപ്രളയം. വിൽപനശാലകളിലെല്ലാം നിറഞ്ഞ് മത്തിയെത്തി. ഒപ്പം വഴിയോരങ്ങളില്‍ മീന്‍ വിൽപനകേന്ദ്രങ്ങളുടെ എണ്ണവും ഉയർന്നു. ഉച്ചകഴിഞ്ഞ് മാത്രം മീൻ എത്തുന്ന ഇത്തരം വില്പനശാലകളിലെല്ലാം നിറഞ്ഞിരിക്കുന്നതും മത്തി തന്നെ.
നാല് മാസംമുമ്പ് 400 രൂപയിലെത്തിയ മത്തിവില ഇപ്പോള്‍ ഒന്നരക്കിലോക്ക് 100 രൂപയെന്ന നിലയിലാണ് താഴ്ന്നിരിക്കുന്നത്. വലുപ്പം കുറവാണെങ്കിലും രുചിയിൽ മുന്നിലാണെന്ന് വാങ്ങാനെത്തുന്നവർ പറയുന്നു. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് മത്തിവില റെക്കോഡ് വിലയായ 400ൽ എത്തിയത്. കേരളതീരത്തുനിന്ന് മത്തി അപ്രത്യക്ഷമായതാണ് വിലവര്‍ധനക്ക് കാരണമായത്. പിന്നീട് നേരിയ തോതില്‍ കുറഞ്ഞുതുടങ്ങിയെങ്കിലും 200 രൂപയില്‍ നിന്നു താഴ്ന്നിരുന്നില്ല. എന്നാല്‍, രണ്ടാഴ്ചയായി ഒരുകിലോ ചെറുമത്തി മിക്കയിടങ്ങളിലും 100 രൂപക്ക് ലഭിക്കും. ചിലയിടങ്ങളില്‍ ഒന്നരക്കിലോയാണ് 100 രൂപക്ക് നല്‍കുന്നത്. വലുപ്പത്തില്‍ കുറവുണ്ടെങ്കിലും വില്പനക്ക് എത്തിക്കുന്നവയില്‍ ഏറെയും ഫ്രഷ് മത്തിയാണെന്നു വ്യാപാരികള്‍ പറയുന്നു. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കേരള തീരത്ത് മത്തി സുലഭമായി ലഭിച്ചു തുടങ്ങിയതാണ് വില കുറയാന്‍ കാരണം. കേരള തീരത്ത് കടലിലെ ചൂടു കുറഞ്ഞതാണ് മത്തി വരവ് കൂടാന്‍ കാരണമായത്. രണ്ടാഴ്ച മുമ്പ് നീണ്ടകര ഹാര്‍ബറില്‍ 25 രൂപയായിരുന്നു മത്തിവില. ചെല്ലാനത്ത് കഴിഞ്ഞയാഴ്ച വില 15 രൂപയിലേക്ക് വരെ താഴ്ന്നിരുന്നു.
എന്നാല്‍, കടപ്പുറത്ത് വിലക്കുറവാണെങ്കിലും മാര്‍ക്കറ്റില്‍ എത്തുമ്പോള്‍ വില കൂടുമെന്ന് ഉപയോക്താക്കള്‍ പറയുന്നു. വില കുറഞ്ഞതോടെ മത്തി വില്പനയും പൊടിപൊടിക്കുകയാണ്. വിൽപന കൂടിയതോടെ, മീന്‍ വെട്ടി നല്‍കിയിരുന്ന പല കടകളിലും ഇപ്പോള്‍ മത്തി വെട്ടി നല്‍കാറില്ല.അതേസമയം, വലിയ മത്തി ഇപ്പോഴും 200 രൂപക്കാണ് പലപ്പോഴും വില്‍ക്കുന്നത്. മറ്റു മീനുകളുടെ വിലയിലും കാര്യമായ കുറവില്ല. അയല, ചെമ്പല്ലി തുടങ്ങിയ ഇനങ്ങളുടെ വില 200 രൂപക്ക് മുകളിലാണ്. ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന കേര, തള എന്നിവയുടെ വില 360 രൂപയാണ്. വറ്റ, കാളാഞ്ചി എന്നിവയുടെ വില 500ന് മുകളിലും. മത്തി നാട്ടിലെങ്ങും സുലഭമായിട്ടും മത്സ്യഫെഡിന്റെ ഔട്ട്ലെറ്റുകളില് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഹാര്‍ബറുകളില്‍ തുച്ഛമായ വിലക്കുപോലും മത്തി ലഭിച്ചിട്ടും ഇവ വിൽപനക്ക് എത്തിക്കാൻ മത്സ്യഫെഡ് ശ്രമിക്കാത്തതിൽ പ്രതിഷേധവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.