അടുക്കളയിലേക്ക് തിരിച്ചെത്തി മത്തി; അയലക്കും വില കുറഞ്ഞു
text_fieldsകോട്ടയം: മത്സ്യപ്രേമികളുടെ താരമായ മത്തി അടുക്കളയിലേക്ക് തിരിച്ചെത്തി. കിലോക്ക് 400 രൂപ വരെയെത്തി ഗമ കാട്ടിയ മത്തിയാണ് ഒടുവിൽ നിലംതൊട്ടത്. 80 മുതൽ 100 രൂപ വരെയാണ് നിലവിൽ മത്തിവില. ജനപ്രിയനായ അയലക്കും വില കുറഞ്ഞിട്ടുണ്ട്.
കിലോക്ക് 100 രൂപ മുതൽ കൊടുത്താൽ നല്ല പെടക്കണ അയലയുമായി വീട്ടിൽ പോകാം. കഴിഞ്ഞദിവസം 40 രൂപക്കാണ് നീർപ്പാറയിൽ ഒരുകിലോ മത്തി വിറ്റത്. വലുപ്പം കുറഞ്ഞ മത്തിക്ക് ആവശ്യക്കാർ ഏറെയാണ്.
കടലിൽ മത്സ്യസമ്പത്ത് വർധിച്ചതും കയറ്റുമതി കുറച്ചതുമാണ് മീൻവില വലിയതോതിൽ കുറയാൻ ഇടയായത്. ട്രോളിങ് നിരോധനം പിൻവലിച്ച ശേഷം കടലിൽ പോയ മത്സ്യത്തൊഴിലാളികൾ തിരികെ എത്തിയത് കൈനിറയെ മീനുമായാണ്. കഴിഞ്ഞമാസം മുമ്പുവരെ 200 രൂപയായിരുന്ന വറ്റക്ക് ഇപ്പോൾ 100 രൂപയാണ്. 240 രൂപയായിരുന്ന ചൂര 160 രൂപയും 250 രൂപയായിരുന്ന സിലോപ്പി 140ലുമെത്തി. പ്രമാണികളായ ഓലക്കൊടിയൻ- 340, കേര- 360, കരിമീൻ - സൈസ് അനുസരിച്ച് 500 മുതൽ 700 രൂപ എന്നിങ്ങനെ ചെറിയ മാറ്റവുമായി വിപണിയിൽ തുടരുകയാണ്.
കടലിൽനിന്ന് ഇപ്പോൾ ഏറ്റവും കൂടുതൽ ലഭിക്കുന്നത് മത്തി, അയല തുടങ്ങിയ മത്സ്യങ്ങളാണ്.
ചെല്ലാനം, ആലപ്പുഴ, നീണ്ടകര എന്നിവിടങ്ങളിൽനിന്നാണ് അധികവും ജില്ലയിലേക്ക് മീനുകൾ എത്തുന്നത്. കഴിഞ്ഞമാസം മുമ്പുവരെ അടുക്കളയിലെ നിത്യോപയോഗ മത്സ്യമായിരുന്ന മത്തി, അയല എന്നിവക്ക് പൊള്ളുന്ന വിലയായിരുന്നു. ട്രോളിങ് നിരോധനവും കാലാവസ്ഥ വ്യതിയാനവും പാരിസ്ഥിതിക തകർച്ചയും അമിത മത്സ്യബന്ധനവും വർഷങ്ങളായുള്ള മത്സ്യസമ്പത്ത് ഗണ്യമായി കുറയാനിടയാക്കി.
മീനിന്റെ ഉയർന്നവില സാധാരണ മലയാളിയുടെ പോക്കറ്റിൽ ഓട്ട വീഴ്ത്തി. പല കുടുംബങ്ങളും അവരുടെ മത്സ്യഉപഭോഗം പാടെ കുറച്ചു. മത്തിയുടെ തിരിച്ചുവരവോടെ ഉയർന്ന ബീഫ്, ചിക്കൻ വിലകളിൽനിന്ന് അൽപം ആശ്വാസമായിട്ടുണ്ട്. ഞായറാഴ്ച തീന്മേശകളിൽ ഇറച്ചിക്ക് പകരം മത്തിയാണ് സ്റ്റാറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.