വടവാതൂരിലെ മാലിന്യം നാടുനീങ്ങുന്നു
text_fieldsകോട്ടയം: നഗരസഭയുടെ മാലിന്യം തള്ളൽ കേന്ദ്രമായ വടവാതൂർ ഡമ്പിങ് യാഡിന് ശാപമോക്ഷം. യാഡിൽ വർഷങ്ങളായി കുന്നുകൂട്ടിയിരിക്കുന്ന മാലിന്യം നീക്കാൻ പദ്ധതി.
ലോക ബാങ്ക് സഹായത്തോടെ പ്രവർത്തിക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായാണ് കോട്ടയം അടക്കം 20 നഗരസഭകളിലെ മാലിന്യം നീക്കുന്നത്. ബയോ മൈനിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ലെഗസി മാലിന്യം തരംതിരിച്ച് മാറ്റാനാണ് പദ്ധതി. നാഗ്പൂരിലെ എസ്.എം.എസ് ലിമിറ്റഡ് എന്ന കമ്പനിയാണ് കരാറെടുത്തിരിക്കുന്നത്. നഗരസഭകളിലെ ലെഗസി മാലിന്യം നീക്കുന്നതിന് എസ്.എം.എസ് ലിമിറ്റഡുമായി 95.24 കോടി രൂപയുടെ കരാർ സർക്കാർ ഒപ്പുവെച്ചിരുന്നു.
മാലിന്യം നീക്കുന്നതിന് മുന്നോടിയായി ചുറ്റുമുള്ള കുടുംബശ്രീ പ്രവർത്തകരെയും വീട്ടുകാരെയും ബോധവൽക്കരിക്കുന്ന നടപടി പുരോഗമിക്കുകയാണ്. മാലിന്യം എടുക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ബോധ്യപ്പെടുത്തുകയും നാട്ടുകാരുടെ സഹകരണം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. അടുത്ത മേയ് മാസത്തിനകം യാഡിലെ മാലിന്യം പൂർണമായി നീക്കും. 16 കോടിയാണ് വടവാതൂരിനായി അനുവദിച്ചിട്ടുള്ളത്. കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗനിർദേശപ്രകാരം ബയോമൈനിങ് സമയത്ത് പുറത്തുവരുന്ന വസ്തുക്കൾ സുരക്ഷിതമായി മാറ്റും.
മണ്ണ്, കമ്പോസ്റ്റ്, മെറ്റൽ, പ്ലാസ്റ്റിക്ക്, തുണി, തുകൽ, കെട്ടിടനിർമാണ അവശിഷ്ടങ്ങൾ, ഗ്ലാസ് എന്നിവ പുനഃചംക്രമണത്തിനും മറ്റ് വസ്തുക്കൾ ലാൻഡ് ഫില്ലിങിനും റോഡ് നിർമാണത്തിനും ഉപയോഗിക്കും. പ്ലാസ്റ്റിക്കും മറ്റ് കത്തുന്ന വസ്തുക്കളും സിമന്റ് ഫാക്ടറികളിൽ ഇന്ധനമായി ഉപയോഗിക്കാനും സാധിക്കും. വടവാതൂരിലെ മാലിന്യ കേന്ദ്രത്തിൽ ഒരു ലക്ഷം ക്യൂബിക് മീറ്റർ മാലിന്യം ഉണ്ടെന്നാണ് കണക്ക്.
ഇതിൽ 15,000 ക്യൂബിക് മീറ്റർ മണ്ണിനടിയിലാണ്. ഗ്രീൻ നെറ്റ് കെട്ടി മറച്ചായിരിക്കും മാലിന്യം നീക്കുക. കുഴിക്കുമ്പോഴുണ്ടാകുന്ന പൊടി ഒഴിവാക്കാൻ ശ്രദ്ധിക്കും. അഗ്നിരക്ഷ സേനയുടെ സഹായവും തേടും.
വടവാതൂർ ഡമ്പിങ് യാഡ്
വടവാതൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കാലങ്ങളോളം നഗരസഭപരിധിയിലെ മാലിന്യം തള്ളിയിരുന്നത്. ഇതിനെതിരെ നാട്ടുകാർ നടത്തിയ സമരങ്ങളുടെ ഫലമായി 2013ൽ യാഡ് പൂട്ടിയെങ്കിലും വർഷങ്ങൾ പഴക്കമുള്ള പ്ലാസ്റ്റിക് അടക്കം മാലിന്യം മണ്ണുമൂടിക്കിടക്കുകയാണ്. എഴുപതോളം കുടുംബങ്ങൾ താമസിക്കുന്ന കോളനിയും സ്കൂളും യാഡിന് ചുറ്റുമായുണ്ട്. മഴക്കാലത്ത് മലിന ജലം ഒലിച്ചിറങ്ങി ഇവിടങ്ങളിലെ കിണറുകൾ മലിനമാകുന്നത് പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.