നിറം മങ്ങി സ്കൂൾ ബാഗ് വിപണി
text_fieldsകോട്ടയം: വർണ ബാഗുകളും തൂക്കി കുട്ടിപ്പട്ടാളം ഇത്തവണയും സ്കൂളിലെത്തില്ല; നിറംമങ്ങി സ്കൂൾ ബാഗ് വിപണി. സ്കൂൾ പഠനം ഓൺലൈനിലായതോടെയാണ് ബാഗ് വിപണി പ്രതിസന്ധിയിലായത്. ഇതോടെ സംസ്ഥാനത്തൊട്ടാകെ ആയിരക്കണക്കിന് ബാഗ് നിർമാണതൊഴിലാളികൾ കടക്കെണിയിലായി. കഴിഞ്ഞ വർഷവും വിപണി നഷ്ടത്തിലായിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞതോടെ പുതിയ അധ്യയനവർഷത്തിലൂടെ നഷ്ടം നികത്താമെന്ന് കരുതിയിരിക്കുേമ്പാഴാണ് ആഘാതമായി രോഗവ്യാപനം വർധിച്ചതും ലോക്ഡൗൺ പ്രഖ്യാപിച്ചതും.
ബാങ്ക് വായ്പയെടുത്ത് ബാഗ് നിർമാണത്തിനിറക്കിയ സാധനങ്ങളും പണി ആയുധങ്ങളും നശിക്കുകയാണ്. വരുമാനമില്ലാത്തതിനാൽ വായ്പ തിരിച്ചടക്കാനാവുന്നില്ല. വനിതകളുടെ കൂട്ടായ്മയിൽ കുടുംബ യൂനിറ്റുകളിൽ പ്രകൃതി സൗഹൃദ പേപ്പർ ബാഗ്, തുണി സഞ്ചി, ഷോപ്പർ, മാസ്ക് നിർമാണം, പ്രിൻറിങ്, ചെറുകിടഷോപ്പുകൾ, കടകളിൽ വിതരണ ജോലികളിലേർപ്പെട്ടിരുന്നവർ അടക്കം തൊഴിലാളികളും കടക്കെണിയിൽപ്പെട്ടു. ക്ഷേമനിധി അംഗത്വം ലഭിച്ചിട്ടില്ലാത്തവർക്ക് സർക്കാർ സഹായവും ലഭിക്കുന്നില്ല. പി.പി.ഇ കിറ്റ്, സപ്ലൈകോ- റേഷൻ കടകളിലെ സൗജന്യ കിറ്റിന് ആവശ്യമായ തുണി സഞ്ചി തുടങ്ങിയവയുടെ നിർമാണം തങ്ങൾക്ക് നൽകിയാൽ ആശ്വാസമാകുമെന്ന് തൊഴിലാളികൾ പറയുന്നു. മറ്റു മേഖലകളിലെ സ്ഥാപനങ്ങൾക്ക് നൽകിയിരിക്കുന്നതു പോലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തങ്ങളുടെ സ്ഥാപനങ്ങളും നിർമാണ ശാലകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം, ബാങ്ക് വായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം, ബാഗ് നിർമാണ മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളടങ്ങുന്ന നിവേദനം സർക്കാറിന് സമർപ്പിക്കാൻ കേരള ബാഗ് വർക്കേഴ്സ് യൂനിയൻ യോഗം തീരുമാനിച്ചു. ഇതിനുമുന്നോടിയായി സംസ്ഥാനത്താകമാനം ബാഗ് നിർമാണതൊഴിലാളികളുടെ വീടുകളിൽ ബുധനാഴ്ച രാവിലെ 11ന് ഈ ആവശ്യങ്ങൾ ഉന്നയിച്ച് പ്ലക്കാർഡുകൾ ഉയർത്തും.
സംസ്ഥാന പ്രസിഡൻറ് യു. സത്താർ കരുവാംപടി പട്ടാമ്പി, ജന.സെക്രട്ടറി ഫാറൂഖ് ഷാ, കോട്ടയം ജില്ല രക്ഷാധികാരി ഹംസ എ. ഖാദർ, അബുൽ ഹക്കീം ചേലാമ്പ്ര, യാസിർ മഞ്ചേരി, പ്രവീൺ കൊടുങ്ങല്ലൂർ, ആശ പ്രസാദ്, അനിത വിനോദ്, ജയ്മോൻ പൊൻകുന്നം, കെ.പി. രാജേഷ്, ടിൻറു, ജോബിൻ തുടങ്ങിയവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.